-ദേശീയ പാത 766 -ൽ ബത്തേരി -മൈസൂർ റോഡിൽ ഗതാഗതം നിലച്ചു
-ദേശീയ പാതയിൽ പൊൻകുഴി റോഡ് വെള്ളത്തിനടിയിൽ
-ബത്തേരി -മൈസൂർ റോഡിൽ നിരവധി ചരക്ക് -യാത്ര വാഹനങ്ങൾ കുടുങ്ങി കിടക്കുന്നു.
-നൂൽപ്പുഴയിൽ ഗതാഗതം ഭാഗികമായി നിലച്ചു
സുൽത്താൻ ബത്തേരി: കഴിഞ്ഞ നാല് ദിവസമായി തോരാതെ പെയ്യുന്ന മഴയിൽ ബത്തേരി താലൂക്കിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. 197 കുടുംബങ്ങളിലെ 700 പേരെയാണ് വിവിധ ക്യാമ്പുകളിലായി മാറ്റിതാമസിപ്പിച്ചിരിക്കുന്നത്.
ദേശീയപാത 766-ബത്തേരി -മൈസൂർ റോഡിൽ പൊൻകുഴി ഭാഗത്ത് പുഴ കരകവിഞ്ഞ് റോഡിലൂടെ ഒഴുകാൻ തുടങ്ങിയതോടെ ഇതുവഴിയുള്ള ഗതാഗതം പൂർണമായും നിലച്ചു. മഴയോടൊപ്പം വീശിയടിച്ച കാറ്റിൽ നിരവധി വീടുകൾക്കും നാശം സംഭവിച്ചു. മിക്ക പ്രദേശങ്ങളിലും വൈദ്യുതി ബന്ധം പൂർണമായി നിലച്ചിരിക്കുകയാണ്.
കാവേരിയുടെ കൈവഴിയായ കബനിയിൽ ലയിക്കുന്ന കല്ലൂർ പുഴ പൊൻകുഴി ഭാഗത്ത് കര കവിഞ്ഞതിനെ തുടർന്നാണ് ദേശീയപാതയിലെ ഗാഗതം നിലച്ചത്. മുത്തങ്ങ ആർ.ടി.ഒ ചെക്ക് പോസ്റ്റ് കഴിഞ്ഞ് പൊൻകുഴി അമ്പലം വരെയുള്ള രണ്ട് കിലോമീറ്റർ ദൂരമാണ് റോഡ് വെള്ളത്തിലായത്. അമ്പലവും വെള്ളത്തിൽ മുങ്ങിയിരിക്കുകയാണ്. പുഴയും റോഡും ഈ ഭാഗത്ത് തിരിച്ചറിയാൻ കഴിയാത്ത വിധമാണ്.
കർണാടകയിൽ നിന്ന് കേരളത്തിലേക്ക് സാധനങ്ങളുമായി എത്തിയ അൻപതോളം ലോറികളും നിരവധി യാത്രാവാഹനങ്ങളും ഇവിടെ കുടുങ്ങി കിടക്കുകയാണ്. യാത്ര വാഹനങ്ങൾ തിരിച്ച് കർണാടകയിലേക്ക് തന്നെ പോയി.
അന്തർ സംസ്ഥാന പാതയായ ബത്തേരി ഊട്ടി റോഡിൽ നൂൽപ്പുഴയിലും പുഴ കരകവിഞ്ഞ് വെള്ളം റോഡിലൂടെയാണ് കവിഞ്ഞൊഴുകുന്നത്. ഇതുവഴിയുള്ള ഗതാഗതവും ഭാഗികമായിട്ടാണുള്ളത്. പ്രളയജലം കയറാൻ സാധ്യതയുള്ള പ്രദേശങ്ങളിലെ ജനങ്ങളോട് സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറി താമസിക്കാൻ മുന്നറിയിപ്പ് നൽകിയിരുന്നു.
കോളിയാടിക്ക് സമീപം പുഴംകുനിയിൽ വെള്ളം കയറി വീടിനുള്ളിൽ നിന്ന് പുറത്ത് കടക്കാൻ കഴിയാതെ വന്ന രണ്ട് കുടുംബങ്ങളെ ഫയർഫോഴ്സ് റബ്ബർബോട്ട് കൊണ്ടുവന്ന് രക്ഷപ്പെടുത്തി.മണിമുണ്ട പഴയ വീട്ടിൽ മത്തായിയുടെ വീട് തെങ്ങ് വീണ് പൂർണമായും നശിച്ചു.
ബത്തേരി താലൂക്കിൽ ഇന്നലെ മാത്രം പതിനഞ്ച് ക്യാമ്പുകളാണ് തുറന്നത്.50 കുടുംബങ്ങളിൽ നിന്നുള്ള 183 പേരെ മാറ്റി പാർപ്പിച്ച നടവയൽ സെന്റ് തോമസ് എ.എൽ.പി.സ്‌കൂളിലാണ് ഏറ്റവും കൂടുതൽ പേർ. അമ്പുകുത്തി ഗവ.എൽ.പി.സ്‌കൂൾ, പുൽപ്പള്ളി വിജയസ്‌കൂൾ, സെന്റ് തോമസ് പെരിക്കല്ലൂർ, മാനികാവ് യു.പി.സ്‌കൂൾ, പാക്കം ജി.എൽ.പി.എസ്, ഗവ.എച്ച്.എസ് പെരിക്കല്ലൂർ, അത്തിനിലം, മൈലമ്പാടി യു.പി,എസ്, ഗവ.സ്‌കൂൾ മീനങ്ങാടി, കല്ലിൻകര യു.പി.എസ്,അരിമുള എ.യു.പി, വരദൂർ,ജി.യു.പി,വൃന്ദാവൻ കമ്മ്യുണിറ്റി ഹാൾ വാകേരി, ദാസനക്കര അംഗൻവാടി എന്നിവിടങ്ങളിലാണ് മറ്റ് ക്യാമ്പുകൾ.
ഫോട്ടോ
0035- ദേശീയപാത 766- പൊൻകുഴിയിൽ പുഴ കരകവിഞ്ഞ് റോഡിലൂടെ ഒഴുകുന്നു.
0076- കല്ലൂരിലെ പുഴയും വയലും വെള്ളംകയറി ഒന്നായി മാറിയപ്പോൾ
0077-മുത്തങ്ങ ആർ.ടി.ഒ ചെക്ക് പോസ്റ്റിന് സമീപം റോഡിൽ വെള്ളം കയറി കിടക്കുന്നു.
അതിർത്തി കടന്ന് കൊവിഡ് ഫെസിലിറ്റേഷൻ സെന്ററിലെത്താനും പ്രളയജലം തടസം
സുൽത്താൻ ബത്തേരി : കനത്തമഴയെ തുടർന്ന് ദേശീയ പാത 766-ൽ ബത്തേരി മൈസൂർ റോഡിൽ പൊൻകുഴിയിൽ ഗതാഗതം നിലച്ചതോടെയാണ് അന്യ സംസ്ഥാനങ്ങളിൽ നിന്നെത്തുന്നവർക്ക് കൊവിഡ് ഫെസിലിറ്റേഷൻ സെന്ററിലെത്താൻ തടസമായി തീർന്നിരിക്കുന്നത്. അന്യ സംസ്ഥാനങ്ങളിൽ നിന്നെത്തുന്നവർ കേരളത്തിലേക്ക് കടക്കുമ്പോൾ കൊവിഡ് ഫെസിലിറ്റേഷൻ സെന്ററിൽ പരിശോധനക്ക് വിധേയമാകണം. അതിർത്തി കടന്ന് വരുന്ന ആളുകളെ പരിശോധിക്കുന്നതിനായിട്ടുള്ള കൊവിഡ് ഫെസിലിറ്റേഷൻ സെന്റർ പ്രവർത്തിക്കുന്നത് മുത്തങ്ങക്കടുത്ത കല്ലൂർ 67 -ലാണ്.
പൊൻകുഴി മുതൽ ആർ.ടി.ഒ ചെക്കുപോസ്റ്റ് വരെയുള്ള രണ്ട് കിലോമീറ്റർ ദൂരം വെള്ളത്തിനടിയിലായതിനാൽ ഇതുവഴി യാത്ര ചെയ്യാൻ കഴിയുകയില്ല. അന്യ സംസ്ഥനങ്ങളിൽ നിന്ന് അതിർത്തിയിലെത്തുമ്പോഴാണ് മിക്കവരും അറിയുന്നത് ഗതാഗതം തുടരാൻ കഴിയാത്ത കാര്യം . ഫെസിലിറ്റേഷൻ സെന്ററിന്റെ ഒരു കിലോമീറ്റർ അടുത്തെത്തിയശേഷം യാത്ര തുടരാനാവാതെ തിരിച്ചുപോകേണ്ടി വരുന്നു. പിന്നീട് വന്ന വഴിക്ക് തന്നെ തിരിച്ച് ഗുണ്ടൽപേട്ടയിൽ നിന്ന് ഗൂഡല്ലുരിലെത്തി അവിടെ നിന്ന് പാട്ടവയൽ വഴി ബത്തേരിയിലോ നമ്പികൊല്ലിയിലോ എത്തിയാണ് വീണ്ടു മുത്തങ്ങ അതിർത്തിയിലെ ഫെസിലിറ്റേഷൻ സെന്ററിൽ അന്യ സംസ്ഥാനത്ത് നിന്നുള്ളവർ ഇന്നലെ എത്തിയത്