kunnamangalam-news
കുന്ദമംഗലം മിനി സിവിൽ സ്റ്റേഷന്റെ പുതിയ കെട്ടിടം

ഇന്ന് രാവിലെ 10ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

കുന്ദമംഗലം: കുന്ദമംഗലം മിനി സിവിൽ സ്റ്റേഷന്റെ പുതിയ കെട്ടിടം ഒരുങ്ങി. ഇന്ന് രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്യും. 8.2 കോടി രൂപ ചെലവിൽ നിർമ്മാണം പൂർത്തീകരിച്ച മിനി സിവിൽ സ്​റ്റേഷൻ 577 ചതുരശ്ര മീ​റ്റർ വിസ്തൃതിയിൽ 5 നിലകളിലായാണ് നിർമ്മിച്ചിരിക്കുന്നത്. ഗ്രൗണ്ട് ഫ്‌ളോറിൽ സബ് ട്രഷറി, ഫുഡ് സേഫ്‌റ്റി ഓഫീസ്, ചൈൽഡ് ഡെവലപ്പ്‌മെന്റ് പ്രൊജക്ട് ഓഫീസ് എന്നിവയും ഒന്നാം നിലയിൽ ബ്ലോക്ക് പഞ്ചായത്ത് എഞ്ചിനീയറിംഗ് വിഭാഗം, കൃഷി ഭവൻ, കുന്ദമംഗലം പെർഫോമൻസ് ഓഡി​റ്റ് യൂണി​റ്റ് എന്നീ ഓഫീസുകളും പ്രവർത്തിക്കും. രണ്ടാം നിലയിൽ കെ.എസ്.ഇ.ബി സെക്ഷൻ ഓഫീസ്, കേരളാ സ്​റ്റേ​റ്റ് വെയർ ഹൗസിംഗ് കോർപ്പറേഷൻ എന്നിവയും വിവിധ നിലകളിലായി എക്‌സൈസ് റേഞ്ച് ഓഫീസ്, ഗ്രൗണ്ട് വാട്ടർ അനല​റ്റിക്കൽ ലബോറട്ടറി, ബ്ലോക്ക് ക്ഷീര വികസന ഓഫീസ്, ഭൂജല വകുപ്പ് റീജ്യനൽ അനല​റ്റിക്കൽ ലബോറട്ടറി, അനർട്ട് ജില്ലാ ഓഫീസ്, ആർക്കിയോളജിക്കൽ ഹെറി​റ്റേജ് ഓഫീസ് എന്നിവയും പ്രവർത്തിക്കും. കൂടാതെ കോൺഫറൻസ് ഹാളുകൾ, അനുബന്ധ വെയി​റ്റിംഗ് ഏരിയകൾ, സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേക ടോയ്‌ല​റ്റുകൾ, ഭിന്നശേഷി സൗഹൃദ ടോയ്‌ല​റ്റ് തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്. എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് 8.5 ലക്ഷം രൂപ ചെലവഴിച്ചണ് മിനി സിവിൽ സ്​റ്റേഷനിൽ വൈദ്യുതീകരണം, കുടിവെള്ള ലഭ്യത എന്നിവ ഒരുക്കിയത്. ഉദ്ഘാടന ചടങ്ങിൽ മന്ത്രി ഇ. ചന്ദ്രശേഖരൻ അദ്ധ്യക്ഷത വഹിക്കും. പി.ടി.എ റഹീം എം.എൽ.എ പങ്കെടുക്കും.