സുൽത്താൻ ബത്തേരി: അന്യസംസ്ഥാനത്ത് നിന്നെത്തി ദേശീയ പാത 766- പൊൻകുഴി ഭാഗത്തെ വെള്ളപൊക്കത്തിൽ കുടുങ്ങിയ 54 പേരെ ഫയർ ഫോഴ്സ്, റവന്യു,പൊലീസ് ,ഫോറസ്റ്റ് വിഭഗങ്ങളുടെ സംയുക്ത ശ്രമത്തിൽ സുരക്ഷിത സ്ഥാനത്ത് എത്തിച്ചു. കബനിപുഴയുടെ കൈവഴിയായ കല്ലൂർ പുഴ കരകവിഞ്ഞ് റോഡിലൂടെ ഒഴുകിയതിനാലാണ് ഇതുവഴിയുള്ള ഗതാഗതം നിലച്ചത്.
വിവിധ വാഹനങ്ങളിൽ മറ്റു സംസ്ഥാനങ്ങളിൽ നിന്ന് എത്തിയ ഇവർ പൊൻകുഴി ഭാഗത്തെ വെള്ളപ്പൊക്കത്തിൽ ഒറ്റപ്പെടുകയായിരുന്നു. വനമേഖലയിലെ ഫോറസ്റ്റിന്റെ ഊടുവഴികളിലൂടെ വനം വകുപ്പിന്റെ സഹായത്തോടെ ചെക്ക് പോസ്റ്റിന് സമീപം എത്തിച്ച് അവിടെ നിന്ന് വെള്ളം നിറഞ്ഞ റോഡിലൂടെ ഫയർഫോഴ്സിന്റെ ഡിങ്കിയിൽ ആറ് പേരെ വീതം എത്തിച്ചുകൊണ്ടാണ് സുരക്ഷിത സ്ഥാനത്ത് എത്തിച്ചത്. കല്ലൂരിലെ കൊവിഡ് ഫെസിലിറ്റേഷൻ സെന്ററിൽ പരിശോധനയ്ക്ക് വിധേയമാക്കിയശേഷം യാത്ര തുടരാൻ അനുവദിച്ചു.


ബത്തേരി തഹസിൽദാർ ,പോലീസ് ഇൻസ്‌പെക്ടർ ,റെയിഞ്ച് ഓഫീസർ എന്നിവർക്ക് പുറമെ ഫയർഫോഴ്സ് സ്റ്റേഷൻ ഓഫീസർ എം.കെ.കുര്യൻ, ഐപ്പ്, ഒ.ജി.പ്രഭാകരൻ, കീർത്തികുമാർ, ടി.പി.ഗോപിനാഥ്, ഹെൻട്രി എന്നിവരടങ്ങുന്ന സംഘമാണ് യാത്രക്കാരെ രക്ഷിച്ചത്.

ഫോട്ടോ
ദേശീയ പാതയിലെ വെള്ളപൊക്കത്തിൽ കുടുങ്ങിയവരെ ഫയർഫോഴ്സ് ജീവനക്കാർ ഡിങ്കിയിൽ സുരക്ഷിത സ്ഥാനത്തേക്ക് എത്തിക്കുന്നു.