കൽപ്പറ്റ: ശക്തമായ കാറ്റിലും മഴയിലും വിച്ഛേദിക്കപ്പെട്ട വൈദ്യുതി കണക്ഷനുകൾ ഇന്ന് വൈകീട്ടോടെ പൂർണ്ണമായും പുനസ്ഥാപിക്കാൻ സാധിക്കുമെന്ന് കെ.എസ്.ഇ.ബി ഡെപ്യൂട്ടി ചീഫ് എൻജിനീയർ അറിയിച്ചു.
ജില്ലയിൽ ആകെ 3,60,850 ഗുണഭോക്താക്കൾക്കാണ് കഴിഞ്ഞ ദിവസങ്ങളിൽ പൂർണ്ണമായും വൈദ്യുതി ബന്ധം ഇല്ലാതായത്. കെ.എസ്.ഇ.ബി ജീവനക്കാരുടെ അഹോരാത്ര പ്രവർത്തനങ്ങളുടെ ഫലമായി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വൈദ്യുതി പുനസ്ഥാപിക്കാൻ സാധിച്ചിട്ടുണ്ട്. 8625 ഉപഭോക്താക്കൾക്കുള്ള വൈദ്യുതി കണക്ഷനുകളാണ് ഇനി പുനസ്ഥാപിക്കാനുളളത്. ഇന്ന് വൈകീട്ടോടെ ഇവയും പുനസ്ഥാപിക്കും.
ഇതിനുള്ള പ്രവർത്തനം ദ്രുതഗതിയിൽ നടന്നു വരികയാണ്. തോരാതെ പെയ്യുന്ന മഴയും കാറ്റുമാണ് അറ്റകുറ്റ പണികൾ വേഗത്തിലാക്കുന്നതിന് തടസമായി നിൽക്കുന്നതെന്ന് ഡെപ്യൂട്ടി ചീഫ് എൻജിനീയർ അറിയിച്ചു.
3.85 കോടിയുടെ കൃഷി നാശം
കാലവർഷത്തിൽ ഇതുവരെ നെല്ല് 40ഹെക്ടർ, പച്ചക്കറി 20ഹെക്ടർ, മഞ്ഞൾ 0.4 ഹെക്ടർ, കശുമാവ് 132 എണ്ണം, തെങ്ങ് 344 എണ്ണം, റബ്ബർ 881 എണ്ണം, കൊക്കോ 1275 എണ്ണം, കാപ്പി 7850 എണ്ണം, കമുങ്ങ് 8650, വാഴ 5,82000 എണ്ണം എന്നിങ്ങനെ 3 കോടി 85 ലക്ഷം രൂപയുടെ നാശനഷ്ടം സംഭവിച്ചിട്ടുണ്ടെന്ന് പ്രിൻസിപ്പൽ കൃഷി ഓഫീസർ അറിയിച്ചു. 2800 ഓളം കർഷകരാണ് പ്രതിസന്ധിയിൽപ്പെട്ടിരിക്കുന്നത്.