ആയുർവേദത്തിന്റെ അനന്തസാദ്ധ്യതകളിലേക്ക് ആഴത്തിലിറങ്ങിയാൽ അത്ഭുതപ്പെടാതിരിക്കില്ല. എന്തിനും ഏതിനുമുണ്ട് ആയുർവേദവിധിപ്രകാരം ചികിത്സ. മനുഷ്യശരീരത്തിലെ കോശങ്ങളെ കാർന്നുതിന്നുന്ന കാൻസറിനെയും തുരത്താനാവും; പ്രമുഖ ആയുർവേദ ഭിഷഗ്വരൻ ഡോ.ഷൈജു ഒല്ലാക്കോട് ഇങ്ങനെ പറയുന്നത് വെറും അവകാശവാദമായല്ല. മറിച്ച്, ചികിത്സാനുഭവങ്ങളുടെയും ഗവേഷണത്തിന്റെയും വഴികളിലൂടെ സഞ്ചരിച്ചാണ്. സൂക്ഷ്മതലത്തിൽ ഗവേഷണത്തിലൂന്നിയ സമീപനത്തിലൂടെ കാൻസർ ചികിത്സയിൽ വലിയ മാറ്റമുണ്ടാക്കാൻ കഴിയുമെന്ന തികഞ്ഞ ആത്മവിശ്വാസത്തിലാണ് ഇദ്ദേഹം. പ്രത്യേക ചേരുവകളിലുള്ള ആയുർവേദ മരുന്നുകൾ മനുഷ്യശരീരത്തിൽ സൃഷ്ടിക്കുന്ന മാറ്റത്തിലൂടെ കാൻസറിനെ തുരത്തുന്നതിലേക്ക് കൂടുതൽ വെളിച്ചം പകരാൻ ലക്ഷ്യമിട്ടാണ് കോഴിക്കോട് മാങ്കാവ് സ്വദേശിയായ ഡോ.ഷൈജു ഒല്ലാക്കോടിന്റെ ഗവേഷണം.കോഴിക്കോട് ജില്ലയിലെ കടിയങ്ങാട് ഗവൺമെന്റ് ആയുർവേദ ഡിസ്പെൻസറിയിലെ സീനിയർ മെഡിക്കൽ ഓഫീസറാണ് ഇദ്ദേഹം ഇപ്പോൾ.
@ ബിരുദപഠനം കോട്ടക്കൽആയുർവേദ കോളേജിൽ
കോട്ടക്കൽ വൈദ്യരത്നം പി.എസ് വാര്യർ ആയുർവേദ കോളേജിലാണ് ഡോ.ഷൈജുവിന്റെ ബിരുദ പഠനം. ബാഗ്ലൂർ രാജീവ് ഗാന്ധി യൂണിവേഴ്സിറ്റിയിൽ നിന്ന് 2006ൽ കായ ചികിത്സയിൽ (ജനറൽ മെഡിസിൻ) ബിരുദാനന്തര ബിരുദവുമെടുത്തു. തിരിച്ച് കോട്ടക്കൽ ആര്യവൈദ്യശാലയിലെത്തിയ ശേഷം ചീഫ് ഫിസിഷ്യൻ ഡോ.പി.കെ.വാര്യരുടെ കീഴിലാണ് പ്രാക്ടീസിന്റെ തുടക്കം. പിന്നീട് സർക്കാർ സർവിസിൽ പ്രവേശിച്ചതോടെ തലയാട്, ബേപ്പൂർ, ഫറോക്ക് ആയുർവേദ ഡിസ്പെൻസറികളിൽ പ്രവർത്തിച്ചു. പ്രാക്ടീസിന്റെ തിരക്കിനിടയിലും മോളിക്യുലാർ ജനിറ്റിക്സിൽ പി.എച്ച്. ഡി ചെയ്യണമെന്ന മോഹത്തിന് കൂടുതൽ വേരുറച്ചു. അങ്ങനെ ഒടുവിൽ വയനാട്ടിലെ പൂക്കോടുള്ള കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസ് യൂണിവേഴ്സിറ്റിയിൽ റിസർച്ച് സ്കോളറായി. കാൻസർ ചികിത്സയിൽ ആയുർവേദ ഔഷധങ്ങളുടെ പങ്ക് എന്നതാണ് ഗവേഷണ വിഷയം. അർബുദ കോശങ്ങളെ നശിപ്പിക്കുന്ന ഔഷധങ്ങളും പ്രതിരോധശേഷി വർദ്ധിപ്പിച്ച് അർബുദത്തെ ചെറുക്കാനുതകുന്ന ഔഷധങ്ങളുംആയുർവേദത്തിലുണ്ടെന്ന് ഡോ.ഷൈജു ചൂണ്ടിക്കാണിക്കുന്നു.
ഈ രണ്ട് ദിശയിലുള്ള ഔഷധങ്ങൾ ജനിറ്റിക് തലത്തിൽ എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് ശാസ്ത്രീയമായി പഠിച്ച് നിഗമനത്തിലെത്തുകയാണ് ഗവേഷണത്തിലൂടെ ഉദ്ദേശിക്കുന്നത്. ആയുർവേദ മേഖലയിൽ പൊതുവെ ആരും കൈവെക്കാത്ത വഴിയിലേക്ക് തിരിഞ്ഞത് വെല്ലുവിളി എന്ന നിലയിൽ തന്നെയാണ്. പ്രശസ്ത ഗവേഷകരായ ഡോ.ബിന്ദ്യ ലിസ് എബ്രഹാം, ഡോ. ടി. വി. അരവിന്ദാക്ഷൻ, ഡോ. സുരേഷ് എസ് നായർ ,ഡോ. മുഹ്സിൽ അസഫ് , ഡോ. ആർ. അമ്പിളി , സുഹൃത്തും ഗവേഷകനുമായ ഡോ. ഇ.എം.മുഹമ്മദ് എന്നിവർ എല്ലാ പിന്തുണയുമായി ഒപ്പമുണ്ടെന്നത് വലിയ ബലമായി കാണുന്നു. ആധുനിക വൈദ്യശാസ്ത്രത്തിൽ അർബുദ രോഗികൾക്ക് ചെയ്തുവരുന്ന റേഡിയോതെറാപ്പി, കീമോതെറാപ്പി എന്നിവയെ താരതമ്യം ചെയ്യുമ്പോൾ ആയുർവേദ മരുന്നുകൾക്ക് മെച്ചപ്പെട്ട ഫലം സൃഷ്ടിക്കാനാവുമെന്ന ഉറച്ച വിശ്വാസക്കാരനാണ് ഇദ്ദേഹം. 13 വർഷത്തെ അനുഭവത്തിനിടയിൽ അർബുദ ചികിത്സയെ ഗവേഷണ മനസ്സോടെ തന്നെയാണ് കാണുന്നത്. നട്ടെല്ല് , ഡിസ്ക് ,അർശസ് (Piles), ഫിസ്റ്റുല എന്നീ രോഗങ്ങൾ ഓപ്പറേഷൻ കൂടാതെ പരിഹരിക്കുന്നതിനുള്ള ആയുർവേദ ചികിത്സയിൽ ഡോ. ഷൈജു വിദഗ്ദനാണ.് ഇതര സംസ്ഥാനങ്ങളിൽ നിന്നും വിവിധ വിദേശ രാജ്യങ്ങളിൽ നിന്നും ധാരാളം രോഗികൾ ഇദ്ദേഹത്തെ തേടിയെത്തുന്നുണ്ട് .
@ പ്രതിരോധം കൂട്ടാം
രോഗ പ്രതിരോധശേഷിയുമായി ബന്ധപ്പെട്ട അസുഖങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നതിലും വിദഗ്ദ്ധനാണ് ഡോ.ഷൈജു. സൂക്ഷ്മ ജീവികളുടെ ആക്രമണത്തെയും ബാഹ്യമായും ആന്തരികമായും ഇതര രോഗങ്ങളെയും നേരിടുന്നതിനുള്ള ശരീരത്തിന്റെ സുരക്ഷാ സംവിധാനമാണ് രോഗപ്രതിരോധശേഷി (ഇമ്മ്യൂണിറ്റി). ഓജസ് എന്നാണ് ഇമ്മ്യൂണിറ്റിയെ ആയുർവേദത്തിൽ പറയുന്നത് . പ്രമേഹം ,കാൻസർ മുതലായ ജീവിത ശൈലീ രോഗങ്ങൾ , അമിതമായ ഉത്കണ്ഠ ,വിഷാദം ,വാർദ്ധക്യം എന്നിവയെല്ലാം ഓജസിനെ അഥവാ ഇമ്മ്യൂണിറ്റിയെ പ്രതികൂലമായി ബാധിക്കുന്ന ഘടകങ്ങളാണ് . താരതമ്യേന പ്രതിരോധശേഷി കുറഞ്ഞിരിക്കുന്ന ഇത്തരക്കാരിലാണ് സാംക്രമിക രോഗങ്ങൾ കൂടുതലായും അപകടകാരിയാകുന്നത്. കുറുക്ക് വഴികളിലൂടെ സ്വന്തമാക്കാവുന്നതല്ല ശരീരത്തിന്റെ പ്രതിരോധ ശേഷി .ശരീരത്തിനും മനസിനും അനുയോജ്യമായ ജീവിത ശൈലി, ഔഷധങ്ങൾ ചേർത്ത് തയ്യാറാക്കുന്ന ആഹാര പാനീയങ്ങൾ ,രോഗ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്ന രസായന ഔഷധങ്ങൾ ,രോഗാണുവിനെ നശിപ്പിക്കുന്ന ധൂപനങ്ങൾ എന്നിവ പ്രതിരോധശേഷി മെച്ചപ്പെടുന്നതിന് ആയുർവേദം നിർദ്ദേശിക്കുന്നു . രോഗ പ്രതിരോധ ശേഷിയിൽ വരുന്ന തകരാറുകൾ പരിഹരിക്കാൻ കഴിവുള്ള ഔഷധങ്ങളാണ് ഇമ്മ്യൂണോ മോഡുലേറ്റേഴ്സ് എന്ന് അറിയപ്പെടുന്നത്. ഇമ്മ്യൂണോ മോഡുലേഷൻ സാദ്ധ്യമായ നിരവധി ആയുർവേദ ഔഷധങ്ങൾ കാൻസർ ,പ്രമേഹം ,ആർത്രൈറ്റിസ് ,സാക്രമിക രോഗങ്ങൾ എന്നിവയുടെ ചികിത്സയിൽ പ്രയോജനപ്പെടുന്നുണ്ട് . ശരീരം രോഗപ്രതിരോധശേഷി ആർജ്ജിക്കുന്നത് സഹജം, കാലജം, യുക്തികൃതം എന്നിങ്ങനെ മൂന്ന് മാർഗങ്ങളിലൂടെയാണ്. പ്രതിരോധശേഷി സംബന്ധിച്ച ആയുർവേദ കാഴ്ചപ്പാടുകൾ അതിവിശാലമെന്ന പോലെ ആധുനിക വിജ്ഞാനവുമായി ചേർന്നുപോകുന്നതുമാണെന്ന സവിശേഷതയുണ്ട്. ഇമ്മ്യൂണോ ജനറ്റിക്സ് എന്നാണ് ഈ ശാസ്ത്രശാഖയുടെ പേര്. രോഗപ്രതിരോധശേഷി സംബന്ധിച്ച് ഇമ്മ്യൂണോ ജനറ്റിക്സ് വിശദീകരിക്കുന്ന മോളിക്യൂലാർ പ്രവർത്തനങ്ങളെ ആയുർവേദ ശാസ്ത്രത്തോട് കൂട്ടിച്ചേർത്ത് വായിക്കാനാവും. അത് അസാധാരണ സാഹചര്യങ്ങളെ ഫലപ്രദമായി നേരിടാൻ ഉതകും . ആയുർവേദ വഴിയിൽ കൊവിഡിനെ ഫലപ്രദമായി തടയാനാവുമെന്നതിൽ ഡോ.ഷൈജുവിന് തെല്ലുമില്ല സംശയം. ആർക്കും, എപ്പോൾ വേണമെങ്കിലും വരാവുന്ന ഈ രോഗത്തിന് തത്കാലം മരുന്നില്ല. പ്രതിരോധം തീർക്കുകയാണ് ആകെയുളള പോംവഴി. ആയുർവേദത്തിൽ ഇത്തരം വൈറസുകളെ ചെറുക്കാനാവുന്ന മരുന്നുകളുണ്ട്. ഇവ ശരിയായ അളവിൽ പ്രയോഗിക്കുമ്പോൾ ഗണ്യമായ പ്രതിരോധശേഷി ഉറപ്പാക്കാൻ കഴിയും. ഇന്ദുകാന്തം കഷായം, സുദർശന ഗുളിക, വില്യാദി ഗുളിക തുടങ്ങിയവ ഇമ്മ്യൂണോ മോഡുലേഷനു വേണ്ടി ഉപയോഗിക്കുന്ന ഔഷധങ്ങളാണ് . നാടൻരീതിയെന്ന നിലയിൽ ചുക്ക് , തുളസി , തിപ്പലി എന്നിവ തിളപ്പിച്ച് ചുക്കുവെള്ളം പോലെ കുടിക്കുന്നതും ഉത്തമം.
@ ഗവേഷണ സംഘാംഗം
ആയുർവേദ ചികിത്സാ ശാഖയിലൂന്നി ഇന്ത്യയ്ക്കകത്തും പുറത്തുമായി ഇതിനകം തന്നെ എണ്ണമറ്റ ക്ലാസുകളും സെമിനാറുകളും കൈകാര്യം ചെയ്തിട്ടുണ്ട് ഡോ.ഷൈജു. ഇമ്മ്യൂണോ മോളിക്യൂലാർ വിഷയസംബന്ധിയായി നിരവധി സെമിനാറുകൾ ഒരുക്കിയിട്ടുമുണ്ട്. വിവിധ ദേശീയ - അന്തർദ്ദേശീയ ജേണലുകളിൽ ഇദ്ദേഹത്തിന്റെ ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട് . ഇതിനൊക്കെ പുറമെ, കേരള സർക്കാരിന്റെ കീഴിലുള്ള ഭാരതീയ ചികിത്സാ വകുപ്പിലെ ആയുർ വേദ ഗവേഷക അംഗമായിരുന്നു . ആയുർവേദ അസോസിയേഷൻ ഒഫ് ഇന്ത്യയുടെ ജില്ലാ സെക്രട്ടറി ,സംസ്ഥാന കമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട് . ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഒഫ് ഇന്ത്യയുടെ സയന്റിഫിക് കമ്മിറ്റി മെമ്പർ ,ആയുർ ഷീൽഡ് സയന്റിഫിക് കമ്മിറ്റി മെമ്പർ എന്നീ നിലകളിലും പ്രവർത്തിച്ചു വരുന്നു .
@ കുടുംബം
ഭാര്യ: എം.അശ്വതി ( പഞ്ചാബ് നാഷണൽ ബാങ്ക് ഓഫീസർ , ഗോവിന്ദപുരം ). മക്കൾ: ഭരത് . എസ്. നായർ ( ഗോവിന്ദപുരംകേന്ദ്രീയ വിദ്യാലയ നമ്പർ - 2 ഒൻപതാം ക്ലാസ് വിദ്യാർത്ഥി ) , ബൃന്ദ .എസ്. നായർ ( കേന്ദ്ര ീയ വിദ്യാലയ നമ്പർ - 2 ആറാം ക്ലാസ് വിദ്യാർത്ഥിനി )
ഡോ.ഷൈജു ഒല്ലാക്കോട് : 9747552074