press-meet

കോഴിക്കോട്: കരിപ്പൂർ വിമാന ദുരന്തത്തിൽ മരിച്ചവരുടെ കുടുംബത്തിന് സംസ്ഥാന സർക്കാർ പത്ത് ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. പരിക്കേറ്റവരുടെ ചികിത്സാ ചെലവ് സർക്കാർ വഹിക്കും. ഇവരുടെയെല്ലാം തുടർചികിത്സയുടെ കാര്യത്തിൽ പിന്നീട് തീരുമാനമുണ്ടാകും.

എയർപോർട്ടിലെ അപകടസ്ഥലം സന്ദർശിച്ചതിനു പിറകെ കോഴിക്കോട് ഗവ.മെ‌ഡിക്കൽ കോളേജ് ആശുപത്രിയിലുമെത്തിയ ശേഷം ഗവർണർ ആരിഫ് മുഹമ്മദ് ഖാനൊപ്പം വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ധനസഹായം പ്രഖ്യാപിച്ചത്.

അപകടത്തിൽ 18 പേർ മരിച്ചത് ഞെട്ടലുളവാക്കുന്നതാണ്. അതേസമയം, വൻദുരന്തത്തിലേക്ക് വഴിമാറിയില്ലെന്നത് ആശ്വാസമായും കാണുന്നു. മരിച്ചവരുടെ കുടുംബങ്ങളെ ദുഃഖവും അനുശോചനവും അറിയിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചികിത്സയിലുള്ള ആശുപത്രിയിൽ നിന്ന് നിർബന്ധിച്ച് ആരെയും മാറ്റില്ല. പരിക്കേറ്റവർക്ക് എവിടെയാണോ താത്പര്യം അവിടെ ചികിത്സാസൗകര്യം ഒരുക്കും. പരിക്കേറ്റവരുടെ മാനസികനില കൂടി പരിഗണിക്കേണ്ടിയിരിക്കുന്നു. ആശുപത്രിയിലെ കാര്യങ്ങൾ ഏകോപിപ്പിക്കാൻ സബ് കളക്ടർമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. വിമാനദുരന്തമായതിനാൽ കേന്ദ്ര സർക്കാരിന്റെ നിലപാട് കൂടി അറിഞ്ഞശേഷം മറ്രു കാര്യങ്ങൾ തീരുമാനിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

അതിശയകരമായ വേഗത്തിൽ രക്ഷാപ്രവർത്തനം പൂർത്തിയാക്കിയ നാട്ടുകാരടക്കമുള്ളവരെ അഭിനന്ദിക്കുകയാണ്. പരിക്കേറ്രവരെയെല്ലാം പെട്ടെന്ന് ആശുപത്രിയിൽ എത്തിക്കാൻ കഴിഞ്ഞതുകൊണ്ടു തന്നെ നിരവധി പേരുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞു. ദുരന്തവേളകളിൽ ആരെയും ആശ്ചര്യപ്പെടുത്തുന്ന പ്രവർത്തനമാണ് കേരള സമൂഹത്തിന്റേത്. ഔദ്യോഗിക ഏജൻസികളും നാട്ടുകാരും രക്ഷാപ്രവർത്തനത്തിൽ ഏറെ മികവ് കാണിച്ചു. മലപ്പുറം, കോഴിക്കോട് കളക്ടർമാർ, നാട്ടുകാർ, പൊലീസ്, ഫയർഫോഴ്സ്, സി.ഐ.എസ്.എഫ്, എയർപോർട്ട് സ്റ്റാഫ്, ആരോഗ്യപ്രവർത്തകർ, ആംബുലൻസ് ജീവനക്കാർ, ആർ.ടി.ഒ മാർ, റവന്യൂ ജീവനക്കാർ, കുടുംബശ്രീ പ്രവർത്തകർ, ആശുപത്രികൾ, ട്രോമ കെയർ വോളന്റിയർമാർ എന്നിവരെല്ലാം ഏകോപനത്തോടെ മികച്ച രീതിയിൽ പ്രവർത്തിക്കുകയായിരുന്നു. എല്ലാവരും ഒരുപോലെ അഭിനന്ദനമർഹിക്കുന്നു.