കുറ്റ്യാടി: ബൈക്ക് അപകടത്തിൽ മരിച്ച അഹമ്മദ് ഹാജിയുടെ ചേതനയറ്റ ശരീരം ഷെർഷാദിൽ എത്തുമ്പോൾ നാടൊന്നാകെ പ്രാർത്ഥിച്ചു, ഇങ്ങനെയൊരു ദുരന്തം ആർക്കും വരുത്തരുതേ.. പക്ഷെ, ഒന്നര വർഷത്തിനിപ്പുറം നാട് തേങ്ങുകയാണ് ഷെർഷാദിൽ വീണ്ടുമെത്തിയ ദുരന്തമോർത്ത്. കുന്നുമ്മൽ പഞ്ചായത്ത് മൊകേരി ഷെർഷാദിലെ മനാൽ അഹമ്മദാണ് (24) കരിപ്പൂരിലുണ്ടായ വിമാന അപകടത്തിൽ മരിച്ചത്. രാത്രി പള്ളിയിൽ നിന്ന് മടങ്ങവേ വീടിന് മുന്നിലെ റോഡിൽ ബൈക്കുകൾ കൂട്ടിയിടിച്ചായിരുന്നു അഹമ്മദ് ഹാജിയുടെ ദാരുണാന്ത്യം. കഴിഞ്ഞ മേയിലാണ് അബുദാബിയിലെ ബിസിനസുകാരനായ നാദാപുരം സ്വദേശി മുഹമ്മദ് ഹാത്തീഫുമായുളള മനാലിന്റെ വിവാഹം. ഏഴ് മാസം മുമ്പ് ഭർത്താവിന്റെ കൂടെ അബുദാബിയിലേക്ക് പോയതാണ്. ഗർഭിണിയായതിനാൽ നാട്ടിലേക്ക് മടങ്ങിയതായിരുന്നു. ഉമ്മ: സാറ (പയന്തോങ്ങ്). സഹോദരങ്ങൾ: മെർസി അഹമ്മദ്, മുഹമ്മദ് ഐസം, മുഷീറ അഹമ്മദ്. കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് കൊവിഡ് പരിശോധനയ്ക്കുശേഷം മൃതദേഹം കായക്കൊടി ജുമ: മസ്ജിദ് ഖബർസ്ഥാനിൽ അടക്കം ചെയ്യും.