കുന്ദമംഗലം: തോരാത്ത മഴയിൽ ഷറഫുദ്ദീന്റെ ചേതനയറ്റ ശരീരവുമായി വാഹന വ്യൂഹം പിലാശ്ശേരി മേലെ മരുതകോട്ടിലെ വീട്ടിലെത്തിയത് ഇന്നലെ വൈകീട്ട് മൂന്നരയ്ക്കാണ്. ദുഃഖം കടിച്ചമർത്തി കാത്തിരുന്ന ഉറ്റവരും സുഹൃത്തുക്കളും അതോടെ തേങ്ങികരഞ്ഞു. മേലെ മരുതകോട്ടിൽ മൂസയുടെയും ആമിനയുടെയും ഇളയ മകനാണ് മുപ്പത്തിയഞ്ചുകാരനായ ഷറഫുദ്ദീൻ. ഒപ്പമുണ്ടായിരുന്ന ഭാര്യ ആമിന ഷെറിൻ സാരമായ പരിക്കുകളോടെ കോഴിക്കോട് മിംസ് ആശുപത്രിയിലും രണ്ടര വയസുകാരി മകൾ ഫാത്തിമ ഇസ്സ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിൽസയിലാണ്. പത്ത് വർഷത്തോളമായി ഷറഫുദ്ദീൻ വിദേശത്താണ്. ദുബായിൽ ഇസ്ലാമിക് കൾച്ചറൽ ഫോറത്തിൽ(ഐ.സി.എഫ്) സജീവപ്രവർത്തകനായ ഷറഫുദ്ദീൻ ഒഴിവ് സമയങ്ങൾ കാരുണ്യപ്രവർത്തനത്തിൽ സജീവമായിരുന്നുവെന്ന് സുഹൃത്തുക്കൾ പറ‌ഞ്ഞു. രണ്ടര വർഷം മുമ്പാണ് നാട്ടിൽ വന്നുപോയത്. ലോക്ക് ഡൗണിന് മുമ്പാണ് ഷറഫുദ്ദീന്റെ അടുത്തേക്ക് ഭാര്യയും മകളും പോയത്. വിസ കാലാവധി കഴിഞ്ഞിട്ടും ലോക്ക് ഡൗൺ കാരണം ദുബായിയിൽ കഴിയുകയായിരുന്നു. വെള്ളിയാഴ്ച വൈകീട്ട് നാട്ടിലെത്തുന്ന വിവരം ബന്ധുക്കളേയും സുഹ്യത്തുക്കളേയും അറിയിച്ചിരുന്നു. യാത്രപുറപ്പെടുമ്പോൾ സെൽഫിയും അയച്ചു. വൈകീട്ട് നാലിന് പിലാശ്ശേരി കാക്കേരി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി . ഷംസുദ്ദീൻ, ശിഹാബുദ്ദീൻ, ഷറഫുന്നിസ എന്നിവരാണ് സഹോദരങ്ങൾ.