കൽപ്പറ്റ: കേന്ദ്ര കാലാവസ്ഥ വകുപ്പ് വയനാട് ജില്ലയിൽ ഇന്നും റെഡ് അലർട്ട് പ്രഖ്യാപിച്ചു. അതിതീവ്ര മഴ മുന്നറിയിപ്പാണ് പുറപ്പെടുവിച്ചത്. 24 മണിക്കൂറിൽ 204.5 മി.മീ ൽ കൂടുതൽ മഴ ലഭിക്കാനുള്ള സാധ്യതയാണിത്.
ആഗസ്റ്റ് 10 ന് ജില്ലയിൽ യെല്ലോ അലർട്ടാണ്. ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 64.5 മുതൽ 115.5 മി.മി വരെ ലഭിക്കുന്ന ശക്തമായ മഴയാണ് പ്രവചിക്കുന്നത്.
കാരാപ്പുഴ ഡാമിന്റെ ഷട്ടർ ഉയർത്തും
കൽപ്പറ്റ: ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ജലനിരപ്പ് ഉയരുകയാണെങ്കിൽ കാരാപ്പുഴ അണക്കെട്ടിന്റെ ഷട്ടറുകൾ 15 സെ.മീറ്ററിൽ നിന്ന് 25 സെ.മീ ആയി ഉയത്താൻ ജില്ലാ കലക്ടർ ഡോ. അദീല അബ്ദുള്ള അദ്ധ്യക്ഷതയിൽ ചേർന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗം തീരുമാനിച്ചു.
നിലവിൽ കാരാപ്പുഴ ഡാമിലെ ജലനിരപ്പ് 758.15 എം.എസ്.എലും സംഭരണ ശേഷി 41.27 മി. ഘനമീറ്ററുമാണ്. ഡാമിലേക്കുള്ള നീരൊഴുക്ക് സെക്കന്റിൽ 59 ഘനമീറ്റർ ആണെങ്കിലും ഇപ്പോൾ മൂന്ന് ഷട്ടറുകൾ വഴി പുറത്തേക്കൊഴുക്കുന്ന ജലത്തിന്റെ അളവ് 17.18 ഘനമീറ്ററാണ്. ഇത് മൂലം ഡാമിന്റെ താഴ്ഭാഗത്തുള്ള അമ്പലവയൽ, മീനങ്ങാടി, മുട്ടിൽ, കണിയാമ്പറ്റ, പനമരം എന്നീ പ്രദേശങ്ങളിലൂടെ ഒഴുകുന്ന കാരാപ്പുഴയുടെ ഇരുകരകളിലുമുള്ള സ്ഥലങ്ങളിൽ പ്രളയജലം കയറുന്നത് ഒരു പരിധി വരെ തടയാനായിട്ടുണ്ടെന്ന് കാരാപ്പുഴ എക്സി. എഞ്ചിനീയർ അറിയിച്ചു.
എന്നാൽ ഇപ്പോഴത്തെ രീതിയിൽ മഴ തുടരുകയാണെങ്കിൽ കെ.എസ്.ഇ.ബിയുടെ കീഴിലുള്ള ബാണാസുര സാഗർ ഡാം ചൊവ്വാഴ്ചയോടു കൂടി ഷട്ടറുകൾ ചെറിയ രീതിയിൽ തുറക്കേണ്ട സാഹചര്യമുണ്ടാകുമെന്ന് യോഗം വിലയിരുത്തി.
ഇതോടൊപ്പം അതിശക്തമായ മഴ കൂടി ഉണ്ടായാൽ പനമരം പുഴയിൽ ഉണ്ടാകാനിടയുള്ള പ്രളയഭീതി ഒഴിവാക്കാനാണ് കാരാപ്പുഴ ഡാമിലെ ജലനിരപ്പ് 758.50 എം.എസ്.എൽ ആകുമ്പോൾ ഷട്ടറുകൾ 25 സെന്റി മീറ്റർ ഉയർത്തി സെക്കന്റിൽ 32.48 ഘനമീറ്റർ വെള്ളം പുറത്തു വിടാൻ ദുരന്ത നിവാരണ അതോറിറ്റി തീരുമാനിച്ചത്.
ഇപ്പോൾ 15 സെന്റിമീറ്റർ വീതമാണ് ഷട്ടറുകൾ ഉയർത്തിയിട്ടുള്ളത്. ഷട്ടറുകൾ കൂടുതൽ ഉയർത്തുന്നതോടെ കാരാപ്പുഴയിലെ ജലനിരപ്പ് 1.5 മീറ്റർ മുതൽ രണ്ട് മീറ്റർ വരെ ഉയരാനിടയുള്ളതിനാൽ പരിസരത്ത് താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് ജില്ലാ കലക്ടർ അഭ്യർഥിച്ചു.
അപകടകരമായ മേഖലകളിൽ താമസിക്കുന്നവരെ മാറ്റിതാമസിപ്പിക്കും.
ജില്ലയിൽ ബാവലി ഒഴികെ എല്ലാ പുഴകളും ഇപ്പോൾ രണ്ട് മീറ്റർ കരകവിഞ്ഞൊഴുകുകയാണ്. വൈത്തിരി പുഴയിൽ വെള്ളം ഇനിയും ഉയരാൻ സാധ്യതയുണ്ട്. റെഡ് അലർട്ടായതിനാൽ എല്ലാവരും കൂടുതൽ ജാഗ്രത പുലർത്തണം. കർണാടകയിൽ നിന്ന് കുട്ട വഴിയുള്ള ഗതാഗതം പുനഃസ്ഥാപിച്ചിട്ടുണ്ടെങ്കിലും അത്യാവശ്യ യാത്രക്കാർ മാത്രമേ പാത ഉപയോഗിക്കാവൂ. ചരക്ക് വാഹനങ്ങൾ ഉൾപ്പെടെ പരമാവധി പാലക്കാട് വഴി വരാൻ ശ്രദ്ധിക്കണം.
അഗ്നി രക്ഷാ സേന വെള്ളിയാഴ്ച 103 പേരെ രക്ഷപ്പെടുത്തിയതായി ജില്ലാ ഫയർ ഓഫീസർ യോഗത്തിൽ അറിയിച്ചു. ജില്ലയിൽ 3000 വ്യക്തിഗത കണക്ഷനുകൾ പുനഃസ്ഥാപിക്കാനുണ്ടെന്നും ഇത് വേഗത്തിൽ പരിഹരിക്കുമെന്നും കെ.എസ്.ഇ.ബി അറിയിച്ചു.
യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ, ജില്ലാ പൊലീസ് മേധാവി ആർ. ഇളങ്കോ, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടർ, ബന്ധപ്പെട്ട മറ്റ് ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
കണ്ടെയ്ൻമെന്റ് സോണുകൾ
മാനന്തവാടി നഗരസഭയിലെ ഡിവിഷൻ 20 കണ്ടെയ്ൻമെന്റ് സോണായും മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്തിലെ വാർഡ് 18 ൽ ഉൾപ്പെടുന്ന പെരിക്കല്ലൂർ 33 കവലയും കവലയോട് ചുറ്റുമുള്ള ഒരു കീലോമീറ്റർ പ്രദേശവും മൈക്രോ കണ്ടെയ്ൻമെന്റായും ജില്ലാ കലക്ടർ പ്രഖ്യാപിച്ചു.
കുറ്റ്യാടി ചുരത്തിൽ ഗതാഗതം അനുവദിക്കും
കൽപ്പറ്റ: തൊണ്ടർനാട് ക്ലസ്റ്ററിൽ കൊവിഡ് നിയന്ത്രണ വിധേയമായി വരുന്ന പശ്ചാത്തലത്തിലും കാലവർഷം ശക്തമായ സാഹചര്യത്തിലും കുറ്റ്യാടി ചുരം ഗതാഗതത്തിനു തുറന്നു കൊടുക്കാൻ തീരുമാനിച്ചതായി ജില്ലാ കലക്ടർ ഡോ. അദീല അബ്ദുള്ള അറിയിച്ചു. എന്നാൽ കുറ്റ്യാടി ഉൾപ്പെടെ ഒരു ചുരത്തിലൂടെയും രാത്രി യാത്ര അനുവദിക്കില്ല. അപകട സാധ്യത നിലനിൽക്കുന്നതിനാലാണ് വൈകീട്ട് ഏഴ് മുതൽ രാവിലെ ആറ് വരെ ഗതാഗത ഗതാഗത നിരോധനമുള്ളത്.
വാളാട് ക്ലസ്റ്ററിൽ കോവിഡ് ഭീതി ഇപ്പോഴും നിലനിൽക്കുന്നതിനാൽ തൊണ്ടർനാട് പ്രദേശത്തുള്ളവരും ജാഗ്രത കൈവെടിയരുതെന്ന് ജില്ലാ കലക്ടർ അറിയിച്ചു.
ജില്ലാ ആസൂത്രണ സമിതി യോഗം 11 ന്
കൽപ്പറ്റ: ജില്ലാ ആസൂത്രണ സമിതി യോഗം ആഗസ്റ്റ് 11 ന് ഉച്ചയ്ക്ക് 2.30 ന് ജില്ലാ പഞ്ചായത്ത് ഹാളിൽ നടക്കും. ഗൂഗിൾ മീറ്റ് മുഖേനയാണ് യോഗം. പദ്ധതി ഭേദഗതികൾക്ക് അനുമതി വാങ്ങാത്ത തദ്ദേശ സ്ഥാപനങ്ങൾ 10 ന് വൈകീട്ട് മൂന്നിനകം പദ്ധതികൾ ഡി.പി.സി അഗീകാരത്തിനു സമർപ്പിക്കണമെന്ന് ജില്ലാ കലക്ടർ അറിയിച്ചു.
ജില്ലയിൽ ലഭിച്ച മഴ
ആഗസ്റ്റ് 7 നു രാവിലെ 8.30 മുതൽ
ആഗസ്റ്റ് 8 രാവിലെ 8.30 വരെ ലഭിച്ച മഴ മില്ലിമീറ്ററിൽ.
(ബ്രാക്കറ്റിൽ മഴ ബാധിക്കുന്ന നദീതടം/ പ്രദേശം)
ചൂരൽമല, മേപ്പാടി 230 (ചാലിയാർ)
നെല്ലിമുണ്ട 246 (ചാലിയാർ)
ചുളുക്ക 151 (ചാലിയാർ)
ഓടത്തോട് 160 (വൈത്തിരി പുഴ)
എരുമകൊല്ലി187 (ചെറുപുഴ, കൽപ്പറ്റ, വെങ്ങപ്പള്ളി)
വൈത്തിരി 193 (വൈത്തിരി പുഴ)
പൊഴുതന 152 (വൈത്തിരി പുഴ)
ചുണ്ടേൽ 152 (വൈത്തിരി പുഴ)
പടിഞ്ഞാറത്തറ 282.8 ( റിസർവോയർ, കരമാൻതോട്)
തൊണ്ടർനാട്, തേറ്റമല 140 (മാനന്തവാടി പുഴ)
എടവക 106 (മാനന്തവാടി പുഴ, മൂളിത്തോട്)
മാനന്തവാടി ജെസ്സി എസ്റ്റേറ്റ് 125 (മാനന്തവാടി പുഴ)
മുട്ടിൽ 112.60 (വരദൂർ പുഴ)
കൽപ്പറ്റ കൈനാട്ടി 125 (വരദൂർ പുഴ)
കൽപ്പറ്റ പെരുംതട്ട 171.50 (ചെറുപുഴ
മുപ്പൈനാട് 252 (കാരാപ്പുഴ)
തവിഞ്ഞാൽ, പേരിയ 167.40 (പേരിയ പുഴ)