നാദാപുരം: അത്താഴമൊരുക്കി കാത്തിരുന്നവരെ തേടിയെത്തിയത് കണ്ണ് നനയിക്കുന്ന ദുരന്തം. കരിപ്പൂർ വിമാനാപകടത്തിൽ മരിച്ച രമ്യ മുരളീധരന്റെയും മകൾ ശിവാത്മിക മുരളിയുടെയും വേർപാടിൽ നാട് വിറങ്ങലിച്ചു നിൽക്കുകയാണ്. കക്കട്ടിൽ ചീക്കോന്നുമ്മൽ പീടികക്കണ്ടിയിൽ മുരളീധരന്റെ ഭാര്യ രമ്യ (31), മക്കളായ ശിവാത്മിക മുരളി (5), യദു ദേവ് (9) എന്നിവർ സുഹൃത്തിനൊപ്പമാണ് ദുബായിൽ നിന്ന് കരിപ്പൂരിലേക്ക് വന്നത്. മുരളീധരന് ജോലി ചെയ്യുന്ന കമ്പനിയിൽ നിന്ന് ലീവ് ലഭിക്കാത്തതിനാൽ ഇവർക്കൊപ്പം വരാനായില്ല. അപകടത്തിൽ പരിക്കേറ്റ യദു ദേവ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. രമ്യയുടെ വീടായ പുറമേരി കോടഞ്ചേരിയിലെ കരിപ്പള്ളി വീട്ടിൽ ക്വാറന്റൈൻ സൗകര്യങ്ങളും ഭക്ഷണവും തയ്യാറാക്കി വച്ചിരുന്നു. കരിപ്പള്ളി രവീന്ദ്രന്റെയും രമയുടെയും മകളാണ് രമ്യ. സഹോദരൻ രമിത്ത്.