കോഴിക്കോട് : ഉരുൾപൊട്ടൽ തുടർക്കഥയാവുന്ന കക്കയത്ത് കാലവർഷ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതം. നിലവിൽ കക്കയം സെന്റ് സെബാസ്റ്റ്യൻ പള്ളിയിലെ പാരിഷ് ഹാളിൽ ഒരു ക്യാമ്പ് ഒരുക്കിയിട്ടുണ്ട്. കോവിഡ് സുരക്ഷ മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടാണ് ക്യാമ്പിന്റെ പ്രവർത്തനം. 11 കുടുംബങ്ങളിലെ 54 പേരാണ് ക്യാമ്പിൽ ഉള്ളത്. ഇതിൽ 23 പുരുഷന്മാരും 12 സ്ത്രീകളും 19 കുട്ടികളുമാണ്.
ഉരുൾപൊട്ടൽ ബാധിച്ചിട്ടില്ലെങ്കിലും മുൻകരുതൽ എന്ന നിലക്കാണ് ഇവരെ മാറ്റിപ്പാർപ്പിച്ചത്. മെഡിക്കൽ ഓഫീസർ ക്യാമ്പിൽ പരിശോധന നടത്തി. ക്യാമ്പിലുള്ളവർക് ആരോഗ്യ പരിശോധനയും നടത്തി. പനിയോ മറ്റ് രോഗങ്ങളോ ഉള്ളവരെ പ്രത്യേകം മുറിയിലേക്ക് മാറ്റുമെന്ന് വില്ലജ് ഓഫീസർ ടി. വി സന്തോഷ് കുമാർ പറഞ്ഞു. ക്യാമ്പിലുള്ളവർക്ക് സ്‌പോൺസർഷിപ് വഴിയാണ് ഭക്ഷണം നൽകുന്നത്.
കോവിഡ് സുരക്ഷ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് നൂറുപേരെ വരെ ഈ ക്യാമ്പിൽ താമസിപ്പിക്കാൻ സാധിക്കും. കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്തിൽ വെള്ളം കയറുന്ന വട്ടച്ചിറ, പതിയിൽ ഭാഗങ്ങളിലെ ആളുകളെ മാറ്റിപ്പാർപ്പിക്കാനുള്ള ഒരുക്കങ്ങളും നടക്കുകയാണ്. കൂരാച്ചുണ്ട് ഹൈസ്‌കൂളിലാണ് ക്യാമ്പ് ആരംഭിക്കുക. പതിനഞ്ചോളം കുടുംബങ്ങളെ വൈകന്നേരത്തോട് കൂടി ക്യാമ്പിലേക്ക് മാറ്റും.