akbar
അക്ബർ

കോഴിക്കോട്: ''എന്റെ കുഞ്ഞ് കൂടിയുണ്ട്... '' മുറിവേറ്റ കാലുമായി ആശുപത്രിയിലേക്ക് നീക്കുമ്പോൾ കാറിൽ കിടന്ന അത്തോളി സ്വദേശിനി ആവർത്തിച്ച് കൊണ്ടേയിരുന്നു. ഈ വാക്കിലാണ് രക്ഷാപ്രവർത്തകനായ അക്ബർ ആശുപത്രിയിലെത്തി,​ തിരികെ കുതിച്ചത്. 20 മിനിട്ടുകൾക്കകം വിമാനത്തിൽ വീണ്ടും നൂഴ്ന്ന് കയറിയുള്ള തിരച്ചിലിൽ സീറ്റിന് ഇടയിൽ കുരുങ്ങിയ കുട്ടിയെ കണ്ടെത്തി.

തലയുടെ പിൻവശം പൊട്ടി ചോരയൊലിക്കുന്ന വേദനയിൽ പിടയുന്ന കുട്ടിയെ കോരിയെടുത്ത് മടിയിൽ കിടത്തിയായിരുന്നു ഓട്ടം. പുളിക്കൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും അവിടെ ഒതുങ്ങുന്ന അവസ്ഥയിൽ അല്ലെന്ന് ബോദ്ധ്യമായതോടെ കോഴിക്കോടേക്ക് കുതിച്ചു. പക്ഷെ,​ അതുവരെ പിടഞ്ഞു കൊണ്ടേയിരുന്ന കുരുന്ന് രാമനാട്ടുകര എത്തിയതോടെ നിശ്ചലമായി. ജീവിതത്തിൽ ഒരിക്കലും ഓർക്കാൻ ആഗ്രഹിക്കാത്ത,​ മറക്കാനാകാത്ത ദിവസമായിരുന്നു ഇതെന്ന് അക്ബർ പറയുന്നു. സമീപവാസിയായ ഇദ്ദേഹവും മറ്റനേകം പേരും ചേർന്നായിരുന്നു വിമാന അപകടത്തിൽ പെട്ട 191 പേരെയും രക്ഷിക്കാൻ ശ്രമിച്ചത്. അത്യാഹിതങ്ങളിൽ പെട്ടവരെ രക്ഷിക്കാൻ പരിശീലനം നൽകിയിരുന്നെങ്കിൽ ഇത്തരം സമയങ്ങളിൽ ഏറെ ആശ്വാസമായേനെയെന്നും ഇദ്ദേഹം പറയുന്നു. കുട്ടിയുടെ മാതാവിന്റെ കാൽ സീറ്റിന്റെ കമ്പികൾക്ക് ഇടയിൽ കുരുങ്ങിയ നിലയിലായിരുന്നു.

കാത്തിരിക്കാൻ

മനസു വന്നില്ല

പരിചിതമല്ലാത്ത ശബ്ദം കേട്ടതോടെയാണ് ഓടിയെത്തിയത്. ആദ്യം അമ്പരപ്പ്. അകത്തെ നിലവിളി കേട്ടതോടെ കാര്യം മനസിലായി. ഗേറ്റ് തുറക്കാൻ ആവശ്യപ്പെട്ടെങ്കിലും സുരക്ഷാ ജീവനക്കാരൻ വകവെച്ചില്ല. എയർപോർട്ടിന് അകത്തെ ഒരു ആംബുലൻസ് ആദ്യമെത്തി. അഞ്ച് മിനിട്ടുകൾക്ക് ശേഷം വളരെ കുറച്ച് പേരുമായി ഒരു ഫയർ ഫോഴ്സ് യൂണിറ്റും. ഇതിനിടെ പുറത്തും ഓടിയെത്തിയവരുടെ എണ്ണം ഉയർന്നു. നിലവിളി കേട്ടിരിക്കാൻ പറ്റാത്തതോടെ ഞങ്ങൾ പുറത്ത് നിന്നും പ്രതിഷേധിച്ചു. ഗേറ്റ് തുറന്ന് അകത്തെത്തിയതോടെയാണ് പിടയുന്ന കുറേ മനുഷ്യരെ കണ്ടത്.

ഒന്നും ചിന്തിക്കാൻ സമയം ഉണ്ടായില്ല. നാട്ടുകാരുടെ കാറും ടെമ്പോയുമെല്ലാം ആംബുലൻസുകളായി. ആദ്യത്തെ അറുപത് പേരെയെങ്കിലും കയറ്റി ആശുപത്രിയിലേക്ക് കുതിച്ച ശേഷമായിരുന്നു ആംബുലൻസുകൾ എത്തി തുടങ്ങിയത്. ഇതൊക്കെയാകാം മരണം ഇത്രയേറെ ചുരുക്കിയത്. സമീപവാസിയായ ജുനൈദാണ് ഇക്കാര്യം പറയുന്നത്. ട്രോമാ കെയർ പരിശീലനം ലഭിച്ചതിനാൽ ആദ്യം ലഭിച്ച കുട്ടിയെയടക്കം സൂക്ഷിച്ചായിരുന്നു വണ്ടിയിലേക്ക് കയറ്റിയത്. കൊവിഡ് കാലമായതിനാൽ എല്ലാവരും വീട്ടിൽ തന്നെ ഉണ്ടായിരുന്നതും വാഹനസൗകര്യം വേഗത്തിൽ ലഭിക്കാൻ ഇടയാക്കി.