വടകര: നാദാപുരം റോഡ് മാളിയേക്കൽ ഭാഗങ്ങളിൽ കടൽ ക്ഷോഭിച്ച് തിരമാലകൾ വീടുകളിലെത്തിയതോടെ പൂഴി തടയണകൊണ്ട് 'പ്രതിരോധം' തീർക്കുകയാണ് തീരദേശ വാസികൾ. കൊവിഡ് ഭീഷണിയും ട്രോളിംഗുമായി മാസങ്ങൾ നീണ്ട ദുരിതത്തിനിടെയാണ് കടൽക്ഷോഭവും. പരാതി നൽകിയിട്ടും ആശ്വാസത്തിന് പോലും ആരും തിരിഞ്ഞു നോക്കാതായതോടെയാണ് പ്രദേശവാസികൾ രക്ഷാ കവചം ഒരുക്കിയത്. മാളിയേക്കൽ കല്ലിന്റവിട ഭാഗത്ത് ഒമ്പതോളം വീടുകളിലേക്കാണ് തിരയെത്തുന്നത്. യു. എൽ.സി.സിയിൽ നിന്ന് 1500 ചാക്കുകൾ സംഘടിപ്പിച്ചാണ് പൂഴി തടയണ കെട്ടുന്നത്. സ്ത്രീകളടക്കം തീരദേശ വാസികൾ ഒന്നടങ്കം ചേർന്നാണ് തടയണ നിർമ്മാണം. സനൽ വലിയ പുരയിൽ, ഭഗീഷ്, പ്രദീപൻ മാളിയേക്കൽ പറമ്പിൽ, ഷാജി കൊളക്കണ്ടി തുടങ്ങിയവർ നേതൃത്വം നല്കി.