new
കാവിലുംപാറ മുറ്റത്ത് പ്ലാവ് വടകരയിൽ ഷാജുവിന്റെ വാഴകൾ നശിച്ച നിലയിൽ

കുറ്റ്യാടി: മഴ കനത്തതോടെ തൊട്ടിൽപാലം, കടന്തറ,​ നിടുവിൽ പുഴകൾ കര കവിഞ്ഞ് ഒഴുകുന്നു. വെള്ളം കയറിയോടെ തൊട്ടിൽപാലം പുഴയോരത്ത് നിന്ന് 15 വീട്ടുകാരെ മാറ്റി താമസിപ്പിച്ചു. മരുതോങ്കര പഞ്ചായത്തിൽ കടന്തറ,​ നിടുവാൽ പുഴയോരത്ത് നിന്നും 20 കുടുംബങ്ങളെ മാറ്റി. പല സ്ഥലങ്ങളിലും ഗതാഗതം തടസപെട്ടു. കായക്കൊടി കൊരണ മലയുടെ താഴ്‌വാരത്ത് നിന്നും മാറ്റി താമസിപ്പിച്ചു. ചവറംമൂഴിയിൽ വെള്ളപ്പൊക്ക ഭീഷണി ഉണ്ടായതോടെ ആറ് കുടുംബങ്ങളെ ഹോളി ഫാമിലി സ്‌കൂളിലേക്ക് മാറ്റി. ചീനവേലി, പട്ടിയാട്ട് ഭാഗങ്ങളിൽ ജലനിരപ്പ് ഉയർന്നു. കുറ്റ്യാടി ഇടവൻ താഴ കോളനിയിൽ നിന്നും ഇരുപത് കുടുംബങ്ങളെ ബന്ധു വീട്ടിലേക്ക് മാറ്റി. കോളനി റോഡ് വെള്ളത്തിൽ മുങ്ങി. കായക്കൊടി മുട്ടുനട തോട്ടിലെ ഒഴുക്കിൽ ചുണ്ടക്കണ്ടി ഇബ്രാഹിമിന്റെ വീടിന്റെ പിൻവശത്തെ മതിൽ തകർന്നു. മുന്നിൽ നിർമ്മിച്ച കായക്കൊടി-തളീക്കര റോഡും ഭാഗികമായി തകർന്നു. ഹുസൈൻ തങ്ങളുടെ വീട്ടിലേക്ക് വെള്ളം കയറി. കാവിലുംപാറയിലെ ചാപ്പൻ തോട്ടം തകടിയേൽക്കുന്നിൽ കൈവേലിയിൽ ശശിയുടെ വീടിന്റെ മുറ്റം ഇടിഞ്ഞു. വട്ടിപ്പാറ പള്ളിക്ക് സമീപത്തെ കിളിയമ്പ്രായിൽ വർഗീസിന്റെ വീടിന്റെ പിൻവശത്തെ മണ്ണിടിഞ്ഞ് വീണതോടെ ഇവരെ മാറ്റി പാർപ്പിച്ചു. മുറ്റത്ത് പ്ലാവ് വടകരയിൽ ഷാജുവിന്റെ അഞ്ഞൂറോളം കുലച്ച നേന്ദ്ര വാഴകൾ കാറ്റിൽ നശിച്ചു. പാരത്താൽ ജോൺസൺ, സിസിലി വടകരയിൽ, സുരേന്ദ്രൻ പന്തമാക്കൽ, തങ്കമ്മ നരിക്കുനി, വാസു പന്തമാക്കൽ, ദേവസ്യ പെരുമ്പള്ളിൽ, എന്നിവരുടെ വീടുകൾ തകർന്നു. മുറ്റത്ത് പ്ലാവ് മുടവുങ്കൽ സുരേഷ് ബാബുവിന്റെ നേന്ദ്ര വാഴകൾ, ഗ്രാമ്പു മരങ്ങൾ, തെങ്ങ്, കവുങ്ങ് എന്നിവ നശിച്ചു. പൂതംമ്പാറ കോഴിതാനം വിജയന്റെ റബ്ബർ, വാഴ എന്നിവയും നശിച്ചു. കൃഷി നാശം ഏർപെട്ട കർഷകർക്ക് അടിയന്തിര സഹായം നൽകണമെന്ന് കിസാൻ കോൺഗ്രസ് ജില്ല വൈസ് പ്രസിഡന്റ് കോരങ്കോട്ട് മൊയ്തു, അഖിലേന്ത്യ കിസാൻ സഭ നാദാപുരം മണ്ഡലം സെക്രട്ടറി രാജു തോട്ടും ചിറയും ആവശ്യപെട്ടു.