കോഴിക്കോട്: അതിശക്തമായി തുടരുന്ന പേമാരി ജില്ലയിൽ ഒരു ജീവനെടുത്തു. ചെറുവണ്ണൂർ കാരയിൽ നടയിൽ വെള്ളക്കെട്ടിൽ വീണ് ശ്രീകുമാറാണ് മരിച്ചത്. കോടഞ്ചേരി തേവർ മലയിൽ ഉരുൾപൊട്ടി തെയ്യപ്പാറ-കോടഞ്ചേരി റോഡ് ഗതാഗതം തടസപ്പെട്ടു. നാല് താലൂക്കുകളിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. അതേസമയം
കൊവിഡ് ഭയന്ന് പല കുടുംബങ്ങളും ബന്ധുവീടുകളിലേക്ക് മാറി.
ദുരിതാശ്വാസ ക്യാമ്പ്
താലൂക്ക്-4
കുടുംബങ്ങൾ-135
കഴിയുന്നവർ- 450
കോഴിക്കോട് താലൂക്ക്
ക്യാമ്പ്- 13. കഴിയുന്നവർ- 134
മാവൂർ വില്ലേജിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയതോടെ മാവൂർ ജി.എച്ച്.എസ്.എസിൽ ക്യാമ്പ് തുറന്നു. രണ്ട് കുടുംബങ്ങൾ ഇവിടെയുണ്ട്. തെങ്ങിലക്കടവ് കാൻസർ സെന്ററിലുള്ള ക്യാമ്പിലേക്ക് മൂന്ന് കുടുംബത്തെയും ജി.എം.യു.പി സ്‌കൂളിൽ മൂന്ന് കുടുംബത്തെയും കച്ചേരിക്കുന്ന് അംഗൻവാടിയിൽ ഒരു കുടുംബത്തെയും മാറ്റിപ്പാർപ്പിച്ചു. രണ്ട് കുടുംബങ്ങൾ ബന്ധു വീടുകളിലേക്ക് മാറി.
പെരുവയൽ വില്ലേജിൽ ചെറുകുളത്തുർ എ.എൽ.പി സ്‌കൂളിൽ രണ്ട് കുടുംബം, ചെറുകുളത്തുർ വെസ്റ്റ് അംഗൻവാടിയിൽ ഒരു കുടുംബത്തെയും താമസിപ്പിച്ചു. ചെറുവണ്ണൂർ വില്ലേജിൽ ലിറ്റിൽ ഫ്ലവർ എ.യു.പി സ്‌കൂളിൽ ഏഴ് കുടുംബങ്ങളെയും കടലുണ്ടി വില്ലേജിൽ വട്ടപ്പറമ്പ ജി.എൽ.പി സ്‌കൂളിൽ ഒരു കുടുംബത്തെയും കുമാരനല്ലൂർ വില്ലേജിൽ ആസാദ് യു.പി സ്‌കൂളിൽ ഏഴ് കുടുംബങ്ങളെയും മൂട്ടോളി അംഗൻവാടിയിൽ ഒരു കുടുംബത്തെയും താമസിപ്പിച്ചു. കക്കാട് വില്ലേജിൽ ചോനാട് അംഗൻവാടിയിൽ മൂന്ന് കുടുംബത്തെ മാറ്റി താമസിപ്പിച്ചു. കുറ്റിക്കാട്ടൂർ വില്ലേജിൽ പൈങ്ങോട്ടുപുറം തിരുത്തുമ്മൽ അംഗൻവാടിയിൽ മൂന്ന് കുടുംബത്തെയും മാറ്റി താമസിപ്പിച്ചു. ഒളവണ്ണ വില്ലേജിൽ കൊടിനാട്ടുമുക്ക് ജി.എൽ.പി.എസിൽ ഒരു കുടുംബവും മാറി താമസിക്കുന്നുണ്ട്. വെള്ളപ്പൊക്കം ബാധിച്ച മറ്റു വില്ലേജുകൾ താഴക്കോട്, നീലേശ്വരം, കൊടിയത്തൂർ, ചാത്തമംഗലം, പൂളക്കോട്, പെരുമണ്ണ, പന്തീരാങ്കാവ്, വേങ്ങേരി. മൊത്തം 1,646 കുടുംബങ്ങൾ ബന്ധുവീടുകളിലേക്ക് മാറിയിട്ടുണ്ട്.
താമരശേരി താലൂക്ക്
ക്യാമ്പ്-3 . കഴിയുന്നവർ- 141
കുടുംബങ്ങൾ-50
തിരുവമ്പാടി വില്ലേജിലെ മുത്തപ്പൻപ്പുഴ ആദിവാസി കോളനിയിലെ ആറ് കുടുംബങ്ങളിലെ 18 പേരാണ് മുത്തപ്പൻപുഴ സെന്റ് സെബാസ്റ്റ്യൻ എ.എൽ.പി സ്‌കൂളിലെ ക്യാമ്പിലുള്ളത്. കോടഞ്ചേരി വില്ലേജിലെ വെണ്ടേക്കുംപൊയിൽ ആദിവാസി കോളനിയിൽ നിന്നുള്ള 28 കുടുംബങ്ങളിലെ 82 പേർ ചെമ്പുകടവ് ജി.യു.പി സ്‌കൂൾ ക്യാമ്പിലും കട്ടിപ്പാറ വില്ലേജിലെ 14 കുടുംബങ്ങളിലെ 41 പേർ ചമൽ ജി.എൽ.പി സ്‌കൂളിലെ ക്യാമ്പിലുമാണുള്ളത്.
കൊയിലാണ്ടി താലൂക്ക്
ക്യാമ്പ്-2, കഴിയുന്നവർ- 60
ബാലുശ്ശേരി മർകസ് പബ്ലിക് സ്‌കൂളിലെ ക്യാമ്പിൽ ഒരു കുടുംബത്തിലെ ആറ് പേരാണ് ഉള്ളത്. കൂരാച്ചുണ്ട് പഞ്ചായത്തിലെ കക്കയം സെന്റ് സെബാസ്റ്റ്യൻ പള്ളി പാരിഷ്ഹാളിലെ ക്യാമ്പിൽ 11 കുടുംബങ്ങളിൽ നിന്നുള്ള 54 പേരുണ്ട്. കൊയിലാണ്ടി താലൂക്കിലെ 12 വില്ലേജുകളിലായി 88 വീടുകൾ ഭാഗികമായും നാല് വീടുകൾ പൂർണമായും തകർന്നു.
വടകര താലൂക്ക്
ക്യാമ്പ്-3, കഴിയുന്നവർ-115, കുടുബങ്ങൾ-38
ഒഞ്ചിയം അംഗൻവാടി, തിനൂർ സെന്റ് ജോർജ് എച്ച്.എസ്, വിലങ്ങാട് സെന്റ് ജോർജ് എച്ച്.എസ് എന്നിവിടങ്ങളിലാണ് ക്യാമ്പ് തുടങ്ങിയത്. വടകര താലൂക്കിൽ 11 വില്ലേജുകളിലെ 57 കുടുംബങ്ങളെ ബന്ധുവീടുകളിലേക്കും മാറ്റി.
വാണിമേൽ പുഴയുടെ സമീപത്ത് താമസിക്കുന്നവരെ മാറ്റിപ്പാർപ്പിച്ചു. കഴിഞ്ഞ പ്രളയകാലത്തും നാശനഷ്ടങ്ങളുണ്ടായ അടുപ്പിൽ കോളനിയിലുള്ളവരെ ബന്ധുവീടുകളിലേക്ക് മാറ്റി. അഴിയൂർ പഞ്ചായത്തിൽ രൂക്ഷമായ വെള്ളപ്പൊക്കം കാരണം ഇരുന്നൂറോളം കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. ബന്ധു വീടുകളിലും അയൽപക്കങ്ങളിലേക്കുമാണ് മാറ്റി പാർപ്പിച്ചത്. 3-7, 9-11 എന്നീ വാർഡുകളിലാണ് വെള്ളം കയറിയത്. കടൽ തീരങ്ങളിലും ഒന്നാം വാർഡ് മരുന്നറക്കൽ പ്രദേശത്തും വെള്ളപ്പൊക്ക ഭീഷണിയുണ്ട്.