വടകര: രൂക്ഷമായ വെളളപ്പൊക്കമുണ്ടായ അഴിയൂർ ഗ്രാമപഞ്ചായത്തിലെ ഇരുന്നൂറോളം കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു. കൊവിഡിന്റെ പശ്ചാത്തലത്തിൽ ബന്ധുവീടുകളിലും അയൽപക്കങ്ങളിലേക്കുമാണ് മാറ്റിയത്. 3, 4, 5, 6, 7, 9, 10, 11 വാർഡുകളിലാണ് വെള്ളം കയറിയത്. കടൽ തീരങ്ങളിലും ഒന്നാം വാർഡ് മരുന്നറക്കൽ പ്രദേശത്തും വെളളം കയറി. വെളളപ്പൊക്ക ഭീഷണി നേരിടുന്ന വാർഡ് മെമ്പർമാരുടെ യോഗം പഞ്ചായത്ത് പ്രസിഡന്റ് വി.പി.ജയന്റെ അദ്ധ്യക്ഷതയിൽ ചേർന്നു. സൗജന്യറേഷൻ ഉൾപ്പെടെ സഹായങ്ങൾ എത്തിക്കുവാനും മാറി താമസിച്ചവരുടെ വിവരം വാർഡുതലത്തിൽ ശേഖരിക്കുവാനും വില്ലേജ് ഓഫീസറെ ചുമതലപ്പെടുത്തി. ബന്ധുവീടുകളിൽ താമസിക്കുന്നവരുടെ വീടുകളെ നാനോ ക്യാമ്പുകളായി പരിഗണിച്ച് ദുരിതാശ്വാസ ക്യാമ്പുകളിൽ നൽകുന്ന സഹായം നൽകണമെന്ന് യോഗം ജില്ലാ കളക്ടറോട് അഭ്യർത്ഥിച്ചു. ബൈപാസ് നിർമ്മാണത്തിന്റെ ഭാഗമായി മാഹി പുഴയിൽ പണിത ബണ്ടിന്റെ അവശേഷിച്ച ഭാഗവും പൊളിച്ചുമാറ്റി. പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ സി.കെ.നാണു എം.എൽ.എ സന്ദർശിച്ചു. പഞ്ചായത്തിൽ ചേർന്ന യോഗത്തിൽ വൈസ് പ്രസിഡന്റ് ഷീബ അനിൽ, സ്ഥിരംസമിതി അദ്ധ്യക്ഷൻമാർ എന്നിവർ പങ്കെടുത്തു. പഞ്ചായത്തിൽ കൺട്രോൾ റൂം തുറന്നതായും അടിയന്തര സാഹചര്യത്തിൽ 4 ബോട്ട് സൗകര്യം ഏർപ്പെടുത്തിയതായും പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.