മുക്കം: മഴയ്ക്കൊപ്പം കൊവിഡ് വ്യാപിക്കുന്നതിൽ ആശങ്ക. മുക്കം നഗരസഭയിലും രോഗികൾ പെരുകുകയാണ്. ഇന്നലെ അഞ്ചുപേർക്ക് രോഗം സ്ഥിരീകരിച്ചു. വട്ടോളി പറമ്പിലെ വ്യവസായ സ്ഥാപനത്തിലെ തൊഴിലാളികളായ ജാർഖണ്ഡ് സ്വദേശികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവിടത്തെ ജീവനക്കാരനായ പിലാശേരി സ്വദേശിയ്ക്ക് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചിരുന്നു. ഇതേ തുടർന്നാണ് മറ്റുള്ളവരെ ആന്റിജൻ ടെസ്റ്റിന് വിധേയരാക്കിയത്. ഇവർക്ക് കൊവിഡ് പോസിറ്റീവായതോടെ ചികിത്സ കേന്ദ്രത്തിലേക്ക് മാറ്റി. ഈ സ്ഥാപനവും ഉടമയുടെ കീഴിൽ അഗസ്ത്യൻ മുഴിയിലുള്ള മറ്റ് രണ്ടു സ്ഥാപനങ്ങളും അഗസ്ത്യൻമുഴി -തിരുവമ്പാടി റോഡിൽ തൊണ്ടിമ്മൽ പ്രവർത്തിക്കുന്ന രണ്ടു സ്ഥാപനങ്ങളും പ്രവർത്തനം നിർത്താനും എല്ലാ ജീവനക്കാരെയും ടെസ്റ്റിന് വിധേയരാക്കാനും മുക്കം നഗരസഭ നിർദ്ദേശം നൽകി. കാതിയോട് വാർഡ് കൂടി കണ്ടെയ്ൻമെന്റ് സോണിൽ ഉൾപെടുത്തുകയും ചെയ്തു. മുക്കം കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലെ ഒരു ഓഫീസ് ജീവനക്കാരിയ്ക്കും സഹകരണ ആശുപത്രിയിലെ ഒരു ഓഫീസ് ജീവനക്കാരനും രോഗം സ്ഥിരീകരിച്ചത് കഴിഞ്ഞ ദിവസമാണ്. ശനിയാഴ്ച രാവിലെ മഴയ്ക്ക് ശമനമുണ്ടായിരുന്നെങ്കിലും ഉച്ച കഴിഞ്ഞതോടെ വീണ്ടും ശക്തി പ്രാപിച്ചു.