കടലുണ്ടി: കടലുണ്ടി റെയിൽവേ ഗേറ്റിന് സമീപം സൂപ്പർ മാർക്കറ്റിൽ മോഷണം. അപ്കോ സ്ക്വയറിൽ പ്രവർത്തിക്കുന്ന കോയാസ് സൂപ്പർ മാർക്കറ്റിന്റെ ഷട്ടറിന്റെ പൂട്ട് തകർത്തതാണ് മോഷണം. ജനറേറ്ററും വിൽപനക്ക് വെച്ച വീട്ടുപകരണങ്ങളുമാണ് വെള്ളിയാഴ്ച കടയടച്ച് പോയ ശേഷം മോഷ്ടിക്കപ്പെട്ടത്. ശനിയാഴ്ച രാവിലെ കട തുറക്കാൻ വന്നപ്പോഴാണ് ഉടമ മോഷണ വിവരം അറിഞ്ഞത്. പരാതി നൽകിയതിനെ തുടർന്ന് ബേപ്പൂർ പൊലീസെത്തി തെളിവ് ശേഖരിച്ചു. കൊവിഡ് പശ്ചാത്തലത്തിൽ കണ്ടെയ്ൻമെന്റ് മേഖലയായതിനാൽ സന്ധ്യക്ക് മുമ്പ് റോഡുകളെല്ലാം വിജനമാകും. ഇത് സാമൂഹ്യ ദ്രോഹികളും മോഷ്ടാക്കളും പ്രയോജനപ്പെടുത്തുകയാണെന്നും നിർത്തലാക്കിയ കടലുണ്ടി പൊലീസ് ഔട്ട് പോസ്റ്റ് എത്രയും പെട്ടെന്ന് പുനഃസ്ഥാപിക്കണമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികൾ ആവശ്യപ്പെട്ടു.