ബാലുശ്ശേരി: ഇളയ മകളുടെ വിവാഹത്തിന് കാത്തുനിൽക്കാതെ രാജീവൻ യാത്രയായി. കരിപ്പൂർ വിമാനാപകടത്തിൽ മരിച്ച ബാലുശ്ശേരി കോക്കല്ലൂർ തത്തമ്പത്ത് മുരിയൻകുളങ്ങര ചേരിക്കാപറമ്പിൽ രാജീവന്റെ (61) മരണം നാടിനും ബന്ധുക്കൾക്കും തീരാദുഃഖമായി.
മുപ്പത് വർഷത്തിലേറേയായി പ്രവാസ ജീവിതം നയിക്കുന്ന രാജീവൻ മകൾ അനുശ്രീയുടെ വിവാഹം സപ്തംബറിൽ നടത്താനുള്ള ഒരുക്കത്തിലായിരുന്നു. ദുബായിൽ വാഹന ഗ്യാരേജ് കമ്പനിയിൽ ജോലിക്കാരനായിരുന്ന രാജീവൻ ഇടയ്ക്ക് ജോലി ഉപേക്ഷിച്ച് നാട്ടിലെത്തിയെങ്കിലും കമ്പനി തിരികെ വിളിച്ചതോടെ രണ്ട് വർഷം മുമ്പാണ് വിദേശത്തേക്ക് പോയത്. ഇതിനിടെ ഫെബ്രുവരിയിൽ പത്ത് ദിവസത്തെ അവധിക്ക് വന്ന് മകളുടെ വിവാഹമുറപ്പിച്ചാണ് മടങ്ങിയത്. വെള്ളിയാഴ്ച്ച രാവിലെ 11.30 ഓടെ കൊവിഡ് ടെസ്റ്റ് കഴിഞ്ഞ് വിമാനം കയറാൻ ഒരുങ്ങുകയാണെന്ന് ബന്ധുക്കളെ അറിയിച്ചിരുന്നു. വിമാനമിറങ്ങി വരുന്ന രാജീവന് ക്വാറന്റൈനിൽ കഴിയാനായി വീടിന് സമീപം മറ്റൊരു വീട് കുടുംബം തയ്യാറാക്കുകയും ചെയ്തു. ഇന്നലെ രാവിലെ മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം ചെയ്ത മൃതദേഹം മൂന്ന് മണിയോടെ തത്തമ്പത്തെ മുരിയൻകുളങ്ങര വീട്ടിലെത്തിച്ചു. തുടർന്ന് തറവാടായ ചേരിക്കാപറമ്പിൽ സംസ്കരിച്ചു.