ലക്ഷ്യത്തിലേക്കുള്ള വഴിയിൽ നിന്നു പലപ്പോഴും തെന്നി നീങ്ങേണ്ടി വന്നപ്പോഴും പിന്മാറിയില്ല. നിരന്തര ശ്രമത്തിലൂടെ ഒടുവിൽ ലക്ഷ്യസ്ഥാനത്തു തന്നെ എത്തി. ജീവിതത്തിൽ ലക്ഷ്യം എന്നൊന്നില്ലെങ്കിൽ ആ യാത്ര അർത്ഥശൂന്യമാണെന്ന വാദക്കാരനാണ് കേരള ഹൈക്കോടതിയിലെ പ്രമുഖ ക്രിമിനൽ അഭിഭാഷകൻ റഫ്താസ് പാറയിൽ.നേടണമെന്ന് ഉറപ്പിച്ച് പരിശ്രമിച്ചാൽ ഏതു ഉയരവും എത്തിപ്പിടിക്കാനാവുമെന്നതിൽ തെല്ലും സംശയമില്ല ഇദ്ദേഹത്തിന്. സ്വപ്നജോലിയായി കണ്ടതാണ് അഭിഭാഷകവൃത്തി. തടസ്സങ്ങൾ പല രൂപത്തിൽ വന്നപ്പോഴും അവ തള്ളിമാറ്റി സ്വപ്നം യാഥാർത്ഥ്യമാക്കുകയായിരുന്നു. ഇന്നിപ്പോൾ അറിയപ്പെടുന്ന ക്രിമിനൽ വക്കീലാണ്. കുടുംബക്കോടതി കേസ്സുകൾ കൈകാര്യം ചെയ്യുന്നതിലെ വൈദഗ്ദ്യവും പെരുമയുണ്ടാക്കുന്നതിൽ തുണച്ചിട്ടുണ്ട്. തൊഴിൽ സമർപ്പിതമനസ്സോടെ ചെയ്യുമ്പോൾ ലഭിക്കുന്ന ആത്മസംതൃപ്തി മറ്റെന്തിനേക്കാൾ വില മതിക്കുന്നതാണെന്നു ഇദ്ദേഹം പറയുന്നു.
@ ലീഗൽ സ്റ്റഡീസ് സെൻറർ
പാരാവാരം പോലെയാണ് നിയമപഠനവും അഭിഭാഷകവൃത്തിയും. തുടർപഠനമെന്നത് ഒരിക്കലും അവസാനിക്കുന്നില്ല. നിയമചരിത്രം, നീതിശാസ്ത്രം, ഭാഷ, എഴുത്ത് ... ഇവ എല്ലാറ്റിലും അവഗാഹം നേടാനാവുമ്പോഴാണ് എണ്ണം പറഞ്ഞ അഭിഭാഷകനായി ഉയരുക. കോൺട്രാക്ടുകൾക്ക് രൂപം നൽകുക, പേറ്റന്റിനും മറ്റും അപേക്ഷ തയ്യാറാക്കുക, വസ്തുവകകളുടെ വില്പനയ്ക്കുള്ള കരാറുകളുണ്ടാക്കുക, നിയമപരമായ അവകാശങ്ങളെപ്പറ്റി പൗരന്മാരെ ബോധവാന്മാരാക്കുക, കമ്പനികളിൽ നിയമോപദേഷ്ടാവാകുക, നിയമകാര്യങ്ങളെക്കുറിച്ച് എഴുതുക, നിയമവിഷയങ്ങളിൽ ഗവേഷണം നടത്തുക എന്നിങ്ങനെ അനവധി അനുബന്ധ ജോലികൾ കൂടി വക്കീലന്മാർക്ക് ചെയ്യാൻ സാധിക്കും. നിയമപഠനത്തിൽ വലിയ മാറ്റം വന്നതോടെ ഈ രംഗത്തേക്ക് കൂടുതൽ പേർ കടന്നെത്തുന്നുണ്ട്. പക്ഷേ, അപ്പോഴും വ്യക്തമായ ധാരണ പലർക്കുമില്ലെന്ന പ്രശ്നവുമുണ്ട്. എൽ എൽ എൽ ബി പഠനം സ്വപ്നമായി കൊണ്ടുനടക്കുന്നവരെ എൻട്രൻസ് പരീക്ഷയ്ക്ക് പ്രാപ്തരാക്കാൻ ലക്ഷ്യം വെച്ച് അശോകപുരത്തെ ഓഫീസിനോടു ചേർന്ന് തുടങ്ങിയതാണ് ലീഗൽ സ്റ്റെഡിസ് സെന്റർ. ഇവിടെ നിരവധി വിദ്യാർത്ഥികൾക്ക് കോച്ചിംഗ് നൽകുന്നുണ്ട്. ഹോസ്റ്റൽ സൗകര്യവുമുണ്ട് സെന്ററിനോടനുബന്ധിച്ച്.
@ നിയമം പഠിച്ചത് ജോലിയ്ക്കൊപ്പം
കോഴിക്കോട് ജവഹർ നഗറിലെ ഉമ്മർ ഹാജി - കെ.റാബിയ ദമ്പതികളുടെ നാലു മക്കളിൽ മൂത്തയാളാണ് റഫ്താസ്. വക്കീലാവണമെന്നു കുട്ടിക്കാലത്ത് പലപ്പോഴും പറയാറുള്ളതുകൊണ്ടാവണം വാപ്പയ്ക്കും റഫ്താസ് ആ വഴിയ്ക്കെത്തണമെന്ന മോഹമായിരുന്നു. ഡിഗ്രി കഴിഞ്ഞതോടെ എൽ.എൽ.ബി എൻട്രൻസ് പരീക്ഷയെഴുതിയെങ്കിലും കടന്നുകൂടാനായില്ല ആദ്യതവണ. അടുത്ത വർഷം വരെ കാത്തിരിക്കാൻ ക്ഷമയുണ്ടായിരുന്നില്ല. ബംഗളൂരുവിലെ ലോ കോളേജിൽ ചേർന്നു. പക്ഷേ, വീടു വിട്ട് എന്തുകൊണ്ടോ അവിടെ അധികം നിൽക്കാൻ കഴിഞ്ഞില്ല. പിന്നെ മറ്റൊന്നും നോക്കാതെ മടങ്ങി. നാട്ടിൽ തിരിച്ചെത്തിയതോടെ പല ജോലിയ്ക്കും ശ്രമിച്ചു. ഭാഗ്യമെന്നോണം സ്വകാര്യ ടെലികോം സ്ഥാപനത്തിൽ ജോലി ശരിയായി. അപ്പോഴും വക്കീലാവുകയെന്ന മോഹം കെടാതെ മനസ്സിലുണ്ടായിരുന്നു. ജോലിയിൽ തുടരുന്നതിനിടെ അടുത്ത തവണത്തെ എൻട്രൻസ് പരീക്ഷയിൽ വിജയം കണ്ടു. തൃശൂർ ഗവ. ലോ കോളേജിലാണ് അഡ്മിഷൻ കിട്ടിയത്. പിന്നെ ആരുമറിയാതെയെന്നോണമായിരുന്നു ജോലി വിടാതെയുള്ള പഠനം.
ദിവസവും അതിരാവിലെ കോഴിക്കോട് നിന്ന് തൃശൂരിലേക്ക് ട്രെയിൻ യാത്ര. വൈകുന്നരത്തിനു മുമ്പ് കോഴിക്കോട്ടെ ടെലികോം ഓഫീസിൽ കയറും. പിന്നീട് കോഴിക്കോട് ലോ കോളേജിലേക്ക് ട്രാൻസ്ഫർ കിട്ടിയപ്പോൾ കുറേ ആശ്വാസമായി. 2008 ൽ എൽ എൽ ബി പൂർത്തിയാക്കി. പിന്നെ ആദ്യജോലി മതിയാക്കി അഭിഭാഷകവൃത്തിയിലേക്ക് കടന്നു. കോഴിക്കോട്ടെ പ്രശസ്ത അഭിഭാഷകൻ കെ.ജയരാജൻെറ കീഴിലാണ് ആദ്യം പരിശീലനം നേടിയത്.ഏറെ വൈകാതെ അശോകപുരത്ത് സ്വന്തം ഓഫീസ് തുറന്ന് പ്രാക്ടീസ് തുടങ്ങി. ആത്മബലവും നിശ്ചയദാർഢ്യവും തന്നെയായിരുന്നു സ്വന്തമായി ഓഫീസ് തുറക്കാനുള്ള തീരുമാനത്തിന് പിന്നിൽ. അഡ്വ പി.പി.ജോർജ്ജ് , അഡ്വ.എം.കെ.ആതിര (ബി.ബി.എ, എൽ.എൽ.ബി) എന്നിവർക്കൊപ്പം മൂന്നു ജൂനിയേഴ്സുമായതോടെ ഓഫീസ് കൂടുതൽ സജീവമായി. തുടക്കത്തിൽ കൂടുതലും ചെറിയ കേസുകളായിരുന്നെങ്കിൽ പിന്നെ വലിയ കേസ്സുകൾ തന്നെ വന്നുതുടങ്ങി. തിരക്കേറിയതോടെ നാലു പേരെ കൂടി ഓഫീസിൽ നിയമിച്ചു.സ്വയം കൂടുതൽ അറിയുന്നതിലൂടെയും പഠിക്കുന്നതിലൂടെയുമാണ് അഭിഭാഷകവൃത്തിയിൽ വളച്ചയുടെ പടവുകൾ കയറാനാവുകയെന്ന് റഫ്താസ് പറയുന്നു.
മടുപ്പ് കൂടാതെ, സ്ഥിരോത്സാഹത്തോടെ ജോലി ചെയ്യുക എന്നതു തന്നെയാണ് നയം. എന്തു സംശയം നേരിട്ടാലും സുപ്രീം കോടതിയിലെ അഡ്വ.റോയ് എബ്രഹാം, അഡ്വ.ഹരീഷ് വാസുദേവൻ നായർ തുടങ്ങിയവരുടെ സഹായം തേടാറുണ്ട്. ജസ്നയാണ് റഫ്താസിന്റെ ഭാര്യ. ഏകമകൻ ഫറസ് മെഹ്ദി.
@ സായൂജ്യം ഒന്നിപ്പിക്കുന്നതിൽ
ബന്ധം പിരിയാൻ തിടുക്കത്തിൽ പാഞ്ഞെത്തുന്നവർക്ക് വാശി കൂടുതലായിരിക്കും. വേർപിരിക്കാൻ അത്ര വിഷമിക്കേണ്ടതില്ല. മുഖത്തോടു മുഖം ഇരിക്കാൻ പോലും മടിക്കുന്നവരെ, നിരന്തരം സംസാരിച്ച് വീണ്ടും ഒന്നിപ്പിക്കുന്നതിലാണ് കാര്യം. അതുവഴി ലഭിക്കുന്ന സന്തോഷവും സായൂജ്യവും കുറച്ചൊന്നുമല്ല. ഈയൊരു മനോഭാവത്തോടെ, വേറിട്ടുനിൽക്കുന്നുവെന്നതു തന്നെയാണ് കുടുംബകേസ്സുകളിൽ അഡ്വ.റഫ്താസിന് ഖ്യാതി കൈവന്നത്. തന്റെ മുന്നിലെത്തുന്ന കേസുകളിൽ മിക്കതിനും ഒത്തുതീർപ്പിലൂടെ പരിഹാരം കണ്ടെത്തുകയാണ് ചെയ്യുന്നതെന്ന് ഇദ്ദേഹം പറയുന്നു. പലപ്പോഴും ഏറെ സമയം കൗൺസലിംഗിന് എടുക്കാറുണ്ട്. എന്നാൽ പോലും പിന്മാറില്ല. ഒടുവിൽ അനുരഞ്ജനത്തിന്റെ ഒരു നിമിഷത്തിലേക്ക് കാര്യങ്ങൾ എത്തിക്കും. പരസ്പരം നന്മതിന്മകൾ അംഗീകരിക്കാനുള്ള മനസ്സ് കാണിക്കാൻ തയ്യാറാവുമ്പോൾ സ്വാഭാവികമായും പിന്നീട് ആ ബന്ധത്തിന് കൂടുതൽ ദൃഢത വന്നുചേരാറുണ്ട്. ഇനി ഒരു തരത്തിലും ഒന്നിച്ചു പോകാൻ പറ്റാത്ത കേസുകളിൽ പിന്നെ മറ്റു പോംവഴിയില്ല. രണ്ടു കൂട്ടരും പിരിയാൻ ഒരു പോലെ മനസ്സിലുറപ്പിച്ചാൽ അത്തരക്കാർക്ക് വിവാഹമോചനം തന്നെയായിരിക്കും ഭേദം. അതല്ലെങ്കിൽ കൂടുതൽ അപകടത്തിലേക്കായിരിക്കും ചിലപ്പോൾ ചെന്നുപെടുക. വിവാഹമോചനത്തിലൂടെ കടന്നുനീങ്ങുന്നത് ഏറെ മാനസികസംഘർഷം അനുഭവിക്കുന്ന അവസ്ഥ തന്നെയാണ്. അത് ഒഴിവാക്കാനാവുന്നതിലാണ് വക്കീലിന്റെ സാന്നിദ്ധ്യവും മിടുക്കും തെളിയുന്നത്. മുമ്പൊക്കെ ഇത് വിരളമായിരുന്നു നമ്മുടെ സമൂഹത്തിലെങ്കിൽ പുതിയ തലമുറക്കാരിൽ ഈ വഴിയേ എടുത്തുചാടുന്നവർ ഏറെയാണ്. ഒന്നു മനസ്സ് തുറന്ന് സംസാരിച്ചാൽ തീരാവുന്ന നിസ്സാരപ്രശ്നമായിരിക്കും വേർപിരിയലിന്റെ ഘട്ടത്തിലേക്ക് എത്തിക്കുന്ന വലിയ വിഷയമാക്കി പലരും മാറ്റുന്നത്. അന്യോന്യം അടുത്തറിയാനും അംഗീകരിക്കാനും പറ്റാത്തിടത്താണ് ബന്ധത്തിൽ വിള്ളലുകൾ വീഴുന്നത്. പരസ്പരം മനസ്സിലാക്കി പ്രശ്നങ്ങൾ പരിഹരിച്ച് പോകുമ്പോഴേ ദാമ്പത്യജീവിതത്തിൽ തെളിച്ചമുണ്ടാവൂ. മനസ്സിന്റെ പ്രശ്നം, മനുഷ്യന്റെ പ്രശ്നം എന്ന നിലയിലാണ് എപ്പോഴും കുടുംബ കേസ്സുകളെ സമീപിക്കുന്നതെന്ന് അഡ്വ.റഫ്താസ് പറയുന്നു. ഫീസിന് വകയില്ലാതെ വിഷമിക്കുന്നവരുമുണ്ടാവും കൂട്ടത്തിൽ. അങ്ങനെയുള്ളവർക്ക് സൗജന്യമായി തന്നെ കേസ് നടത്തിക്കൊടുക്കാറുണ്ട്. സ്വത്ത് തർക്ക കേസുകൾ, മയക്കുമരുന്ന് കേസുകൾ, മോട്ടോർ വാഹനാപകട നഷ്ടപരിഹാര കേസുകൾ, ഗോൾഡ് കേസുകൾ തുടങ്ങിയവയിലും ഹാജരാവാറുണ്ട് ഇദ്ദേഹം. പലപ്പോഴും അപരാധികൾ മാത്രമല്ല, നിരപരാധികളും ഗോൾഡ് കേസ്സുകളിലും മറ്റും പെട്ടുപോവാറുണ്ട്. അത്തരം കക്ഷികളുടെ കാര്യത്തിൽ അങ്ങേയറ്റം താത്പര്യം കാണിച്ചിരിക്കും.