കോഴിക്കോട്: കരിപ്പൂർ വിമാനദുരന്തത്തിന്റെ പേരിൽ ടേബിൾ ടോപ്പ് മാതൃകയെ പഴിക്കുന്നതിൽ അർത്ഥമില്ലെന്ന് കാലിക്കറ്റ് എയർപോർട്ട് മുൻ ഡയറക്ടർ സി. വിജയകുമാർ പറഞ്ഞു.
ടേബിൾ ടോപ്പ് അല്ലായിരുന്നുവെങ്കിൽ ഒരു പക്ഷേ, മരണസംഖ്യ കുറയുമായിരിക്കാം. എന്നാൽ, ദുരന്തം ഒഴിവാകുമായിരുന്നില്ല.
പൈലറ്റിന് വന്ന പിഴവ് അപകടത്തിന് കാരണമായെന്നാണ് മനസ്സിലാക്കുന്നത്. അമിതവേഗതയും റൺവേയിലെ വഴുതലും അപകടത്തിലേക്ക് നയിക്കുകയായിരുന്നു. സാധാരണ ലാൻഡിംഗ് സമയത്ത് 120 മുതൽ 130 വരെ നോട്ടിക്കൽ മൈൽ വേഗതയിലാണ് വിമാനം പറന്നിറങ്ങുക. എയർ ഇന്ത്യ എക്സ്‌പ്രസ് കരിപ്പൂരിൽ ലാൻഡിംഗിന് ശ്രമിച്ചത് 175 നോട്ടിക്കൽ മൈൽ വേഗതയിലാണ്. റൺവേയുടെ തുടക്കത്തിൽ തൊടുന്നതിന് പകരം ലാൻഡ് ചെയ്തത് മദ്ധ്യഭാഗത്തായിരുന്നു. ഒന്നുകിൽ, കനത്ത മഴ കാരണം കൃത്യമായി കാണാൻ പറ്റിയിരിക്കില്ല. റൺവേയിലെ വഴുതലോടെ നിയന്ത്രണം നഷ്ടപ്പെടുകയും ചെയ്തിരിക്കാം.
നേരത്തെ, വിജയകുമാർ കാലിക്കറ്റ് എയർപോർട്ട് ഡയറക്ടറായിരുന്നപ്പോഴാണ് റൺവേ വികസിപ്പിച്ച് ഹജ്ജ് വിമാന സർവീസുകൾ ആരംഭിച്ചത്. വിരമിച്ചത് കോയമ്പത്തൂരിൽ ഡയറ്കടറായിരിക്കെയാണ്.
കുതിച്ചുപായൽ സൃഷ്ടിച്ച
അപകടങ്ങൾ
ബംഗളൂരൂവിൽ ഇന്ത്യൻ എയർലൈൻസ് വിമാനം മതിലും തകർത്ത് പാഞ്ഞത് 1990ൽ; മരണം 92.
അമേരിക്കയിലെ ഗുവാമലെ അന്റോണിയ വിമാനത്താവളത്തിൽ കൊറിയൻ വിമാനം റൺവേയ്ക്ക് മുമ്പ് നിലത്തിറങ്ങിയുണ്ടായ അപകടം 1997 ആഗസ്റ്റിൽ ; മരണം 254.
കറാച്ചിയിൽ പാകിസ്ഥാൻ വിമാനം റൺവേയിലല്ലാതെ ഇടിച്ചിറങ്ങിയ അപകടം കഴിഞ്ഞ മേയിൽ; മരണം 98.