കോഴിക്കോട്: "പുണ്യഭൂമിയിലെത്തി ഹജ്ജ് ചെയ്യാൻ മലബാറിന്റെ മണ്ണിൽ നിന്ന് നമുക്ക് പറക്കാനാകണം". എഴുപതുകളിൽ സാധാരണക്കാരായ ജനങ്ങളെ ബോദ്ധ്യപ്പെടുത്താൻ മുൻ മുഖ്യമന്ത്രി സി.എച്ച്. മുഹമ്മദ് കോയയ്ക്ക് ഇതിലേറെ ലളിതമായ ഭാഷ ഉണ്ടായിരുന്നില്ല. എന്നാൽ കരിപ്പൂർ വിമാനത്താവളം യാഥാർത്ഥ്യമായി മൂന്ന് പതിറ്റാണ്ടായിട്ടും തുടർ വികസനം തർക്കത്തിൽ കുടുങ്ങിനിൽക്കുകയാണ്. പ്രതിവർഷം 100 കോടി രൂപയോളം പ്രവർത്തനലാഭമുള്ള വിമാനത്താവളത്തിനാണ് ഈ ദുരവസ്ഥ.
18 പേരുടെ ജീവനെടുത്ത വിമാന ദുരന്തത്തിന് പിന്നാലെ ഈ ടേബിൾ ടോപ്പ് വിമാനത്താവളത്തിലെ സുരക്ഷാവെല്ലുവിളി വീണ്ടും ചർച്ചയായിട്ടുണ്ട്. അന്തർദേശീയ യാത്രക്കാരുടെ എണ്ണത്തിൽ ഏഴാമതും മൊത്തം യാത്രക്കാരുടെ എണ്ണത്തിൽ രാജ്യത്ത് പതിനേഴാമതും നിൽക്കുമ്പോഴും റൺവേ വികസനത്തിൽ ഏറെ പിന്നിലാണ്. 2850 മീറ്റർ റൺവേ നീളം കൂട്ടാനായി എയർപോർട്ട് അതോറിട്ടി കാലങ്ങളായി ആവശ്യപ്പെട്ടിട്ടും സ്ഥലം ഏറ്റെടുപ്പിന് ആരും മുൻകൈയെടുത്തില്ല. 256 ഏക്കർ കൂടി വേണമെന്ന ആവശ്യം 137ലേക്ക് ചുരുക്കിയിട്ടും പ്രാദേശിക എതിർപ്പിൽ നടപടികൾ വൈകുകയാണ്. ഭൂമി ഏറ്റെടുക്കുന്നതിലെ പ്രതിഷേധം നിയമസഭയിൽ മുഖ്യമന്ത്രി നേരത്തെ ചൂണ്ടിക്കാട്ടിയപ്പോൾ വിസ്തൃതിയുടെ കാര്യത്തിൽ നിലപാട് അടിക്കടി മാറ്റുന്നതാണ് ജനത്തിന്റെ പ്രശ്‌നമെന്നായിരുന്നു പ്രതിപക്ഷ ആരോപണം.
സ്ഥലമേറ്റെടുക്കൽ വെല്ലുവിളി
കൃഷി ഭൂമിയായിരുന്ന കണ്ണംകൊട്ടുപാറയിൽ 1982 ഏപ്രിൽ 13നാണ് വിമാനത്താവളം യാഥാർത്ഥ്യമായത്. 2001ൽ റൺവേ വികസനം നടപ്പാക്കിയതിനു പിന്നാലെ ജിദ്ദയിലേക്കുള്ള ഹജ്ജ് സർവീസും ആരംഭിച്ചു. 2006ൽ അന്താരാഷ്ട്ര വിമാനത്താവളമായി ഉയർത്തി. പക്ഷേ, സ്ഥലപരിമിതി പ്രശ്നമാണെന്ന് വിലയിരുത്തിയതോടെ 2015 മുതൽ റൺവേ കാർപറ്റ് നവീകരണത്തിനായി വലിയ വിമാനങ്ങൾ നിറുത്തി. രാഷ്ട്രീയ സമ്മർദ്ദങ്ങൾക്ക് ഒടുവിൽ മൂന്നര വർഷത്തിനുശേഷമാണ് അയവുണ്ടായത്.
സ്ഥലം ഏറ്റെടുക്കാൻ 2004 മുതൽ സർക്കാരുകൾ ശ്രമിച്ചെങ്കിലും നഷ്ടപരിഹാരം കിട്ടില്ലെന്ന ആശങ്കയിൽ ജനം എതിർത്തു. ഇതോടെ പള്ളിക്കൽ വില്ലേജിൽ ഉൾപ്പെട്ട ഭാഗത്ത് പുതിയ ടെർമിനൽ പണിയാനുള്ള തീരുമാനം ഉപേക്ഷിച്ച് കരിപ്പൂർ വിമാനത്താവളത്തിന്റെ മെയിൻ ഗേറ്റിനോട് ചേർന്ന് ടെർമിനൽ പണിയേണ്ടിവന്നു. ഇന്റർനാഷണൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ മാനദണ്ഡമനുസരിച്ച് 300 മീറ്റർ റൺവേ സ്ട്രിപ്പ് ആവശ്യമാണ്. എന്നാൽ കരിപ്പൂരിലുളളത് 150 മീറ്റർ.
പ്രതിവർഷം 30 ലക്ഷത്തോളം യാത്രക്കാരാണ് കോഴിക്കോടിനെ ആശ്രയിക്കുന്നത്. നിലവിൽ 17,900 മെട്രിക് ടൺ ചരക്കുകൾ വിദേശത്തേക്കും 900 മെട്രിക് ടൺ ആഭ്യന്തര വിപണിയിലേക്കും കരിപ്പൂരിൽ നിന്ന് അയയ്ക്കുന്നുണ്ട്.