കോഴിക്കോട്: ദിവസങ്ങളായി തകർത്തു പെയ്യുന്ന മഴയിൽ വിറങ്ങലിച്ചുനിൽക്കുകയാണ് മലയോരം. ഏത് നേരവും ഉരുൾപാെട്ടൽ ഭീഷണിയിലാണ് മലയോര വാസികൾ. ചാലിയാറിലെയും ഇരുവഞ്ഞി പുഴയിലെയും ജലനിരപ്പ് ഉയരുന്നത് ആശങ്കയിലാക്കിയിട്ടുണ്ട്. നഗരത്തിലെ റോഡുകളിലും വെള്ളക്കെട്ട് രൂക്ഷമായി. 37 ക്യാമ്പുകളിലായി 699 പേരെ മാറ്റി പാർപ്പിച്ചു. ക്വാറന്റൈനിൽ കഴിയുന്നവർക്ക് പ്രത്യേക ടോയ്‌ലറ്റ് സൗകര്യമുള്ള ക്യാമ്പുകൾ തയ്യാറാക്കിയിട്ടുണ്ട്. കൊവിഡ് പോസിറ്റീവായവരെ ട്രീന്റ്‌മെന്റ് സെന്ററിലേക്ക് മാറ്റി. കോഴിക്കോട് താലൂക്കിൽ 11 വില്ലേജുകളിലായി 20 ക്യാമ്പുകൾ പ്രവത്തനമാരംഭിച്ചു. കനത്ത മഴയിലും കാറ്റിലും ഇന്നലെ താമരശേരി താലൂക്കിൽ മൂന്ന് വീടുകൾ ഭാഗികയായി തകർന്നു. വീടിന് മുകളിൽ കവുങ്ങ് വീണ് ഒരാൾക്ക് പരിക്കേറ്റു. കോടഞ്ചേരി മരുതിലാവ്, വടക്കേത്തറ കുഞ്ഞുമുഹമ്മദ്, നെല്ലിപ്പൊയിൽ പാറക്കല്‍ മുഹമ്മദ്, ഉണ്ണികുളം ചെയിമഠം മൊയ്തീൻകുട്ടി എന്നിവരുടെ വീടുകളാണ് തകർന്നത്. പാറക്കൽമുഹമ്മദിനാണ് കവുങ്ങ് വീടിന് മുകളിലേക്ക് വീണ് പരിക്കേറ്റത്. കനത്ത മഴ ആരംഭിച്ച വ്യാഴാഴ്ച മുതൽ ശനിയാഴ്ച വരെ താലൂക്കിൽ 17 വീടുകൾ ഭാഗികമായി തകർന്നു.
ക്യാമ്പുകളിലേക്ക് മാറ്റിയവർ
കോഴിക്കോട് താലൂക്കിൽ 220 പേരാണ് ക്യാമ്പുകളിലേക്ക് മാറിയത്. മാവൂർ ജി.എച്ച്.എസ്.എസിൽ രണ്ട് കുടുംബങ്ങളിലെ ആറ് പേരെ ക്യാമ്പിലേക്ക് മാറ്റി. തെങ്ങിലക്കടവ് മലബാർ കാൻസർ സെന്ററിൽ മൂന്ന് കുടുംബങ്ങളിൽ നിന്നായി 13 പേരെയും മാവൂർ ജി.എം. യു.പി സ്‌കൂളിൽ ആറ് കുടുംബത്തിലെ 13 പേരെയും കച്ചേരിക്കുന്ന് അംഗൻവാടിയിൽ ഒരു കുടുംബത്തിലെ എഴ് പേരെയും വളയന്നൂർ ജി.യു.പി.എസിൽ ഒരു കുടുംബത്തിലെ നാല് പേരെയും മുഴപ്പാലം മദ്രസയിൽ നാല് കുടുംബത്തിലെ 16 പേരുമാണ് താമസിക്കുന്നത്. കുമാരനല്ലൂർ വില്ലേജിൽ ആസാദ് യു. പി സ്‌കൂളിൽ ഏഴ് കുടുംബങ്ങളിൽ നിന്നുള്ള 19 പേരെയാണ് മാറ്റിപാർപ്പിച്ചത്. മൂട്ടോളി അംഗൻവാടിയിൽ ഒരു കുടുംബത്തിലെ നാല് പേരെ മാറ്റി താമസിപ്പിച്ചിട്ടുണ്ട്. പെരുവയൽ വില്ലേജിൽ ചെറുകുളത്തുർ എ.എൽ.പി സ്‌കൂളിൽ മൂന്ന് കുടുംബങ്ങളിൽ നിന്നായി എട്ട് പേരും ചെറുകുളത്തുർ വെസ്റ്റ് അംഗൻവാടിയിൽ ഒരു കുടുംബത്തിലെ ആറ് പേരുമാണ് താമസിക്കുന്നത്. ചെറുവണ്ണൂർ വില്ലേജിലെ ലിറ്റിൽ ഫ്‌ളവർ എ.യു.പി സ്‌കൂളിൽ ഏഴ് കുടുംബങ്ങളിലെ 26 പേരെയും മാറ്റി താമസിപ്പിച്ചിട്ടുണ്ട്.
ഒളവണ്ണ വില്ലേജിലെ കൊടിനാട്ടുമുക്ക് ജി.എൽ.പി സ്‌കൂളിൽ ഒരു കുടുംബത്തിലെ മൂന്ന് പേരെയാണ് മാറ്റി താമസിപ്പിച്ചത്. കുറ്റിക്കാട്ടൂർ വില്ലേജിൽ പൈങ്ങോട്ടുപുറം തിരുത്തിമ്മൽ അംഗൻവാടിയിൽ മൂന്ന് കുടുംബത്തിൽ നിന്നായി 12 പേരെ മാറ്റി താമസിപ്പിച്ചു. വേങ്ങേരി വില്ലേജിൽ ഗവ പോളിടെക്നിക്കിൽ 15 കുടുംബങ്ങളിൽ നിന്നായി 53 പേർ താമസിക്കുന്നുണ്ട്. കക്കോടി വില്ലേജിൽ പടിഞ്ഞാറ്റുമുറി ജി.എൽ.പി സ്‌കൂളിൽ ഒരു കുടുംബത്തിൽ നിന്നുള്ള 4 പേരെയും കുരുവട്ടൂർ വില്ലേജിൽ പീസ് ഇന്റർനാഷണൽ സ്‌കൂളിൽ രണ്ട് കുടുംബത്തിൽ നിന്നായി നാല് പേരെയുമാണ് മാറ്റിപ്പാർപ്പിച്ചത്. ചേളന്നൂർ പഞ്ചായത്തിൽ പ്രളയ ബാധിത പ്രദേശങ്ങളിൽ നിന്ന് ആറ് കുടുംബങ്ങളെയും മണ്ണിടിച്ചിൽ ഭീഷണി നേരിടുന്ന മൂന്ന് കുടുംബങ്ങളെയും ബന്ധു വീടുകളിലേക്ക് മാറ്റി പാർപ്പിച്ചിട്ടുണ്ട്.
കൊയിലാണ്ടി താലൂക്കിൽ നിലവിൽ നാല് ക്യാമ്പുകളാണ് പ്രവർത്തിക്കുന്നത്. 86 പേരാണ് നാല് ക്യാമ്പുകളിലായി ഉള്ളത്. ബാലുശ്ശേരി മർകസ് പബ്ലിക് സ്‌കൂളിൽ ആരംഭിച്ച ക്യാമ്പിൽ ഒരു കുടുംബത്തിലെ ആറ് പേരാണ് ഉള്ളത്. കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്തിലെ കക്കയം സെന്റ് സെബാസ്റ്റ്യൻ പള്ളി പാരിഷ് ഹാളിൽ ആരംഭിച്ച ക്യാമ്പിൽ 11 കുടുംബങ്ങളില്‍ നിന്നുള്ള 54 പേരാണ് ഉള്ളത്.
വടകര താലൂക്കിൽ 10 ക്യാമ്പുകളാണ് ഉള്ളത്. ആകെ 71 കുടുംബങ്ങളിൽ നിന്നായി 244 പേർ ക്യാമ്പുകളിലുണ്ട് ബന്ധുവിടുകളിൽ 1670 കുടുംബങ്ങളിൽ നിന്നായി 6513 പേരാണ് ഉള്ളത്.താമരശേരി താലൂക്കിൽ തിരുവമ്പാടി, കോടഞ്ചേരി, കട്ടിപ്പാറ വില്ലേജുകളിലെ മൂന്ന് ക്യാമ്പുകളിലായി 53 കുടുബങ്ങളിലെ 149 പേരാണുള്ളത്. പുതിയ ക്യാമ്പുകൾആരംഭിച്ചിട്ടില്ല.