പേരാമ്പ്ര: ശക്തമായി തുടരുന്ന മഴയിൽ റോഡുകളും പാലങ്ങളും വെള്ളത്തിലായതോടെ ഗതാഗതം നിലച്ചു. വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് ചെറുവണ്ണൂരിൽ 15 കുടുംബങ്ങൾ മാറ്റി താമസിപ്പിച്ചു. കോവുപുറം പെരിഞ്ചേരിക്കടവ് ഭാഗത്ത് 15 കുടുംബങ്ങളെ മാറ്റി. ഇവരെ ബന്ധുവീടുകളിലേക്കാണ് മാറ്റിയത്. കാഞ്ഞിരക്കുനി പ്രദേശത്ത് കാഞ്ഞിരക്കുനി രാജൻ, ശശിധരൻ, കുഞ്ഞികൃഷ്ണൻ, വേലായുധൻ, ശ്രീധരൻ, കല്യാണി, കുഞ്ഞിരാമൻ ,കാഞ്ഞിരക്കുനി ഷിനോജ്, കുണ്ടുത്തറ കുമാരൻ, വാഴയിൽ ജാനു, കുനീമ്മൽ ജാനു, വെള്ളച്ചത്തമണ്ണിൽ ഷിജിൻ ലാൽ, എന്നിവരുടെ വീടുകളിലാണ് വെള്ളം കയറിയത്. കൂത്താളി ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡിൽ പക്ഷ്ണി പറമ്പിലെ ആറോളം വീടുകളിൽ വെള്ളം കയറി. താലപ്പൊയിൽ രാധാകൃഷ്ണൻ, പക്ഷ്ണി പറമ്പിൽ നന്ദൻ, പ്രേമ, വേണു,രാജൻ, സൂര്യ, വിനോദൻ മമ്പാട്ടിൽ എന്നിവരുടെ വീടുകളിലാണ് വെള്ളം കയറിയത്. ഇവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ വെള്ളം കയറി. ചവറംമൂഴിയിൽ കുറ്റ്യാടി പുഴയുടെ തീരത്ത് താമസിക്കുന്ന ആറ് കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു.
കടിയങ്ങാട് പാലത്തെ കുടുംബാരോഗ്യ കേന്ദ്രത്തിന് ചുറ്റും വെള്ളം കയറി ഒറ്റപ്പെട്ടിരിക്കുകയാണ്. ചവറംമൂഴി, കുളക്കണ്ടം, നരിമഞ്ചക്കൽ കോളനി, മുതുവണ്ണാച്ച, കല്ലൂർ, കടിയങ്ങാട് മഹിമ, കൂനിയോട് തുടങ്ങിയ സ്ഥലങ്ങൾ വെള്ളം കയറൽ ഭീഷണിയിലാണ്. അഞ്ചാം വാർഡിൽ ചവറം മൂഴിയിൽ 6 കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു. നരിമഞ്ചക്കൽ കോളനിയിൽ പതിനഞ്ചോളം കുടുംബങ്ങളെയും കല്ലൂരിൽ 2 കുടുംബങ്ങളെയും മാറ്റി. ചക്കംതൊടി വാസു, നമ്പിപറമ്പത്ത് സിനിജ, കുഴിച്ചാർമണ്ണിൽതാഴ രാജൻ, കിഴക്കെകുന്നേൽ ഫിലോമിന, കുറ്റിയാങ്കൽ നാരായണൻ ചെട്ട്യാർ എന്നിവരുടെ കുടുംബങ്ങളെയാണ് പടത്തുകടവ് ഹോളീഫാമിലി ഹയർസെക്കൻഡറി സ്‌കൂളിലേക്ക് മാറ്റിയത്. ഇതിൽ ക്വാറന്റൈയിനിൽ കഴിയുന്ന യുവാവിനെ സമീപത്തെ ഹോളീഫാമിലി യു.പി സ്‌കൂളിലേക്ക് മാറ്റി.