കോഴിക്കോടൻ വിപണിയിൽ മുരളി ബ്രാൻഡിന് പ്രത്യേകിച്ചൊരു ആമുഖത്തിന്റെ ആവശ്യമില്ല. ബ്രാൻഡ് നിരയിൽ അത്രയേറെ പോപ്പുലർ നാമം. ഗുണമേന്മയും വിശ്വാസ്യതയും തന്നെ ഈ ഖ്യാതിയ്ക്ക് അടിസ്ഥാനം. അവശ്യസാധനങ്ങളടങ്ങിയ പലചരക്കു മേഖലയിൽ തനതുമുദ്ര പതിപ്പിക്കാൻ കഴിഞ്ഞാൽ പിന്നെ ആളുകൾ അന്വേഷിച്ചെത്തിയിരിക്കും; മറ്റെന്തിനേക്കാൾ ആരും മതിപ്പ് കല്പിക്കുന്നത് മൗത്ത് പബ്ളിസിറ്റിയ്ക്ക് തന്നെ... ഈയൊരു കച്ചവടമന്ത്രത്തിലൂന്നി അക്ഷയ് വലിയങ്ങാടിയിൽ മുരളി ബ്രാൻഡ് അവതരിപ്പിച്ചപ്പോൾ അത് ശരിക്കും ക്ലിക്ഡ്. മുരളി കയ്മ വരെ എത്തിനിൽക്കുന്നു ആ ബ്രാൻഡിംഗ്. ചെറുപ്പത്തിൽ അച്ഛൻ അരീക്കൽ മുരളീധരനൊപ്പം നിന്ന് പലചരക്ക് കച്ചവടത്തിന്റെ ആദ്യപാഠങ്ങൾ അഭ്യസിച്ചുതുടങ്ങിയതാണ് അക്ഷയ്. പിന്നീട് ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദമെടുക്കും മുമ്പ് തന്നെ മനസ്സിലുറപ്പിച്ചിരുന്നു ഉപഭോക്താക്കളുടെ മനസ്സിൽ വിശ്വാസ്യതയുടെ മുദ്ര ചാർത്തിയാവണം വ്യാപാരത്തിൽ പടികൾ കയറാനെന്ന്. വിശ്വാസ്യതയ്ക്ക് മാറ്റ് കൂട്ടുന്നത് ഗുണമേന്മയല്ലാതെ മറ്റൊന്നല്ലെന്ന ഉത്തമബോദ്ധ്യവുമുണ്ടായിരുന്നു. ബ്രാൻഡിംഗിലേക്ക് കടക്കുന്നത് അങ്ങനെയാണ്. അച്ഛന്റെ തണലിൽ മുന്നേറിയ അക്ഷയിന് പിന്നെ തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. ഇന്നിപ്പോൾ കോഴിക്കോടിന്റെ വ്യാപാര സിരാകേന്ദ്രമായ വലിയങ്ങാടിയിലെ മുൻനിരക്കാരിലൊരാളായി മാറിക്കഴിഞ്ഞു. ഉപ്പു തൊട്ടു കർപ്പൂരം വരെ എന്ന ചൊല്ല് അന്വർത്ഥമാക്കുംവിധം ഒാൺലൈൻ ബിസിനസിന്റെ പുത്തൻ സാദ്ധ്യതയുടെ വാതിലും വൈകാതെ തുറക്കുകയാണ്. മുരളീധരൻ - നൈന ദമ്പതികളുടെ ഇളയ മകനാണ് അക്ഷയ്. സഹോദരി ഐശ്വര്യ . ഭവൻസ് സ്കൂളിലായിരുന്നു അക്ഷയിന്റെ പ്രാഥമിക വിദ്യാഭ്യാസം. പ്ലസ് ടു പൂർത്തിയാക്കിയത് ജെ.എസ്.എസ് ഇന്റർനാഷണൽ സ്കൂളിൽ നിന്ന്. ബി.ബി.എ പഠനം ബംഗളൂരുവിലും. അച്ഛന്റെ ശാരീരിക വിഷമതകൾ കണ്ട് ഉപരിപഠനത്തിലേക്ക് തിരിയാതെ കച്ചവടരംഗത്ത് പൂർണമായും ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു.
@ തുടക്കം ആർ.എം സ്റ്റോറിൽ നിന്ന്
അച്ഛൻ മുരളീധരൻ അദ്ദേഹത്തിന്റെ സഹോദരീഭർത്താവിനൊപ്പം ചേർന്നാണ് ആർ.എം. സ്റ്റോർ തുടങ്ങുന്നത്. ഏതാണ്ട് നാലു പതിറ്റാണ്ടിനു ശേഷം വലിയങ്ങാടിയിൽ 2008-ലാണ് മുരളി ബ്രാൻഡിന് ആരംഭം കുറിച്ചു. ഗുണമേന്മയും വിശ്വാസ്യതയും മുഖമുദ്രയായി ഉയർത്തിപ്പിടിച്ചതിന്റെ പ്രതിഫലനം പെട്ടെന്നു തന്നെ കാണാൻ കഴിഞ്ഞു. നാനാ ഭാഗങ്ങളിൽ നിന്നായി കല്ല്യാണസദ്യകൾക്കെന്ന പോലെ ഹോട്ടലുകൾ, ഹോസ്റ്റലുകൾ എന്നിവിടങ്ങളിലേക്കും മറ്റുമായി ബൾക്ക് ഓഡറുകളും പതിവായി. തട്ടുകടകൾ മുതൽ വമ്പൻ റസ്റ്റോറന്റുകളിലേക്ക് വരെയെത്തുന്നുണ്ട് ഇവിടെ നിന്നുള്ള പലചരക്കു സാധനങ്ങൾ. ഈ മേഖലയിൽ നാലു പതിറ്റാണ്ടിലൂടെ അച്ഛൻ ആർജ്ജിച്ച അനുഭവസമ്പത്ത് എന്നും തനിക്ക് മുതൽകൂട്ടാണെന്ന് അക്ഷയ് പറയുന്നു.
@ മുരളി ബ്രാൻഡ് കയ്മ
മലബാർ ബിരിയാണിയുടെ മഹാരുചിയ്ക്ക് പിന്നിൽ അരിയുടെ കേമത്തത്തിന് സ്ഥാനം കുറച്ചൊമ്മുന്നല്ല. വെപ്പ് മാത്രം നന്നായതുകൊണ്ടായില്ലല്ലോ... അരി നന്നായില്ലെങ്കിൽ പോയില്ലേ... അതിൽ പിടിച്ചുകയറുകയായിരുന്നു മുരളീധര ബ്രാൻഡ് കയ്മ. 2000-ൽ തന്നെ ബിരിയാണിയുടെ സ്വന്തം അരി എന്ന ലേബലിൽ ഇവിടെ കയ്മയ്ക്ക് പ്രചാരം ഉറപ്പിക്കാൻ കഴിഞ്ഞിരുന്നു. കുറഞ്ഞ കാലത്തിനിടയിൽ മലബാറിന്റെ ബിരിയാണി പ്രേമികൾക്കിടയിൽ താരമായി മാറാൻ സാധിച്ചത് ഗുണമേന്മയുടെ മികവിലൂടെ തന്നെ. ഇന്നിപ്പോൾ കേരളത്തിന് പുറത്തും മുരളി ബ്രാൻഡ് കയ്മ റൈസ് പ്രചാരം നേടിയിരിക്കുയാണ്. പലചരക്ക് സാധനങ്ങൾക്കു പുറമെ ഗോതമ്പ്, അരി, സുഗന്ധദ്രവ്യങ്ങൾ, എണ്ണകൾ തുടങ്ങി എല്ലാമുണ്ട് ഇവിടെ. മൊത്തവില്പനയാണ് കൂടുതലും.
@ നൈന ഡോട്ട് ഇൻ
ലോക്ക് ഡൗൺ കാലത്ത് ആളുകൾക്ക് വീട്ടിലിരുന്ന് തന്നെ പർച്ചേസിന് സൗകര്യം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് നൈന ഡോട്ട് ഇൻ എന്ന ഒാൺലൈൻ സൂപ്പർ മാർക്കറ്റിന് അക്ഷയ് രൂപം നൽകിയത്. ആദ്യഘട്ടത്തിൽ കോഴിക്കോട് കോർപ്പറേഷൻ പരിധിയിലാണ് പ്രവർത്തനം. കൂടുതൽ അളവിൽ സാധനങ്ങൾ ആവശ്യമായവർക്ക് ഗുണമേന്മയുള്ള ഇനങ്ങൾ കുറഞ്ഞ ഡെലിവറി ചാർജിൽ നിശ്ചിതസമയപരിധിയ്ക്കുള്ളിൽ എത്തിച്ചു നൽകുകയാണ്.
ഒട്ടും മായം കലരാത്ത, ഗുണമേന്മയുള്ള പൊടികളും അരികളും ധാന്യങ്ങളും എന്നുവേണ്ട എല്ലാം മുരളി ബ്രാൻഡ് എന്ന പേരിൽ ഇന്ത്യയിൽ എല്ലായിടത്തും എത്തിക്കുകയാണ് അടുത്ത പദ്ധതി. വ്യാപാരി വ്യവസായി ഏപോപന സമിതി വലിയങ്ങാടി യൂണിറ്റ് വൈസ് പ്രസിഡന്റ് കൂടിയാണ് അക്ഷയ്.