കോഴിക്കോട്​: കൊവിഡ് കാലത്ത് അനുവദിച്ച ​ഇളവിൽ ജയിലിൽ നിന്നിറങ്ങിയ കുറ്റവാളിയുടെ ആക്രമണത്തിൽ മൂന്നു പേർക്ക്​ പരിക്ക്​. മൂഴിക്കൽ ചെരിച്ചിൽ മീത്തൽ അക്ഷയ്​യുടെ ആക്രമണത്തിലാണ്​ നാട്ടുകാരനായ മൂസ​ക്കോയ, ഭാര്യ, ആമിന, മരുമകൾ റുസ്​ന എന്നിവർക്ക്​ പരിക്കേറ്റത്​. ഇവരെ ഗവ. ബീച്ച്​ ജനറൽ ആശുപ​ത്രിയിൽ പ്രവേശിപ്പിച്ചു. അഞ്ചു വർഷമായി ഈ കുടുംബത്തിനെതിരെ ആക്രമണം പതിവാണെന്ന്​ പരിക്കേറ്റവർ പറഞ്ഞു. ലഹരിക്ക്​ അടിമയായ അക്ഷയ്​ റെയിൽവേ ഗേറ്റ്​ കീപ്പറെ അടിച്ച്​ പരിക്കേൽപ്പിച്ച കേസുകളിലും പ്രതിയാണ്​. മൂസ​ക്കോയയുടെ വീടിന്റെ ചില്ലുകൾ എറിഞ്ഞുതകർക്കുന്നതും ഇയാളുടെ പതിവാണ്​. കഴിഞ്ഞ ആഴ്​ച ആക്രമണമുണ്ടായപ്പോൾ പരാതി നൽകിയിട്ടും ചേവായൂർ ​​പൊലീസ്​ കേസെടുക്കാൻ തയാറായിരുന്നില്ലെന്ന ആക്ഷേപമുണ്ട്​.