കോഴിക്കോട്: സർക്കാരിന്റെ അഴിമതിയും കെടുകാര്യസ്ഥതയും തുറന്നുകാട്ടുന്ന മാദ്ധ്യമ പ്രവർത്തകരെ മുഖ്യമന്ത്രി വേട്ടയാടുകയാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. മുഖ്യമന്ത്രിയോട് എങ്ങനെയുള്ള ചോദ്യം ചോദിക്കണം എത്ര ചോദ്യം ചോദിക്കണമെന്ന് പ്രസ് സെക്രട്ടറി കൽപ്പിക്കുകയാണ്. എതിർക്കുന്നവരെ സൈബർ സഖാക്കളെ ഉപയോഗിച്ച് വ്യക്തിഹത്യ ചെയ്യുകയാണ് സി.പി.എം ചെയ്യുന്നതെന്നും സുരേന്ദ്രൻ പ്രസ്താവനയിൽ പറഞ്ഞു. പി.ആർ ഏജൻസികളെ വച്ച് എല്ലാ മാദ്ധ്യമ പ്രവർത്തകരെയും വിലയ്ക്ക് വാങ്ങാനാവില്ലെന്ന് പിണറായി വിജയൻ മനസിലാക്കണം. വനിതാ മാദ്ധ്യമ പ്രവർത്തകരുൾപ്പെടെ സൈബർ ആക്രമണത്തിനിരയായിട്ടും കെ.യു.ഡബ്ല്യു.ജെയുടെ മൗനം അത്ഭുതകരമാണെന്നും സുരേന്ദ്രൻ അഭിപ്രായപ്പെട്ടു.