കോഴിക്കോട്: പൊതു വിദ്യാലയങ്ങളിൽ അദ്ധ്യാപക തസ്തികകൾ നിർണ്ണയിക്കുന്നതിനായി നിലവിലുള്ള അദ്ധ്യാപക-വിദ്യാർത്ഥി അനുപാതം അതേപടി തുടരണമെന്ന് കേരളാ പ്രദേശ് സ്‌കൂൾ ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. വിദ്യാഭ്യാസ അവകാശ നിയമത്തിന് വിരുദ്ധമായി അനുപാതത്തിൽ മാറ്റം വരുത്തി തസ്തികകൾ വെട്ടിക്കുറക്കാനുള്ള സർക്കാർ നീക്കത്തെ ചെറുക്കും. സംസ്ഥാനത്ത് 947 ഗവൺമെന്റ് പ്രൈമറി വിദ്യാലയങ്ങളിൽ

ഹെഡ്മാസ്റ്റർമാരെ നിയമിക്കാത്തതിനാൽ വിദ്യാലയങ്ങളുടെ പ്രവർത്തനം താളം തെറ്റിയിരിക്കുന്നു. ഹെഡ്മാസ്റ്റർ നിയമനം ഉടൻ നടത്തണം. അപ്രഖ്യാപിത നിയമന നിരോധനവും നിയന്ത്രണവും കാരണം നിയമനാംഗീകാരം ലഭിക്കാത്ത ആയിരക്കണക്കിന് അദ്ധ്യാപകർ പ്രതിസന്ധിയിലാണ്. മതിയായ കുട്ടികൾ ഇല്ലാത്ത വിദ്യാലയങ്ങളിലെ അദ്ധ്യാപകർക്ക് നൽകിയിരുന്ന ദിവസ വേതനം നിലച്ചു. പ്രീ പ്രൈമറി അദ്ധ്യാപികമാർക്കും ആയമാർക്കും വേതനം ലഭിച്ചിട്ട് മാസങ്ങളായി. ഇവർക്ക് വേതനം നൽകുന്നതിനുള്ള തീരുമാനം ഉണ്ടാകണമെന്നും സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് വി.കെ അജിത് കുമാർ അദ്ധ്യക്ഷത വഹിച്ചു.