കൽപറ്റ: വയനാട് വന്യജീവി സങ്കേതത്തിലെ മഞ്ഞക്കൊന്ന നിർമ്മാർജന പദ്ധതിക്ക് കൊവിഡ് വ്യാപനം വിനയായി. മുത്തങ്ങ,ബത്തേരി റേഞ്ചുകളിൽ വൈൽഡ്‌ലൈഫ് കൺസർവേഷൻ സൊസൈറ്റി മുഖേന വനംവന്യജീവി വകുപ്പ് തുടങ്ങിവച്ച പദ്ധതിയാണ് അവതാളത്തിലായത്. മഞ്ഞക്കൊന്നകൾ വേരോടെ പിഴുതുമാറ്റുന്ന പ്രവൃത്തി സാമൂഹിക അകലം പാലിച്ചു നടത്താൻ കഴിയാത്ത സാഹചര്യത്തിലാണ് നിർത്തിവച്ചത്.
നൈസർഗിക വനത്തിന്റെ നാശത്തിനു കാരണമാകുന്നതാണ് അധിനിവേശ സസ്യങ്ങളുടെ ഗണത്തിൽപ്പെട്ട മഞ്ഞക്കൊന്നകളുടെ വ്യാപനം.
മുത്തങ്ങ,ബത്തേരി,തോൽപ്പെട്ടി,കുറിച്യാട് എന്നീ നാല് റേഞ്ചുകൾ ഉൾപ്പെടുന്നതാണ് 344.4 ചതുരശ്രി കിലോമീറ്റർ വിസ്തൃയിയുള്ള വയനാട് വന്യജീവി സങ്കേതം. ഇതിൽ കുറിച്യാട് ഒഴികെ റേഞ്ചുകളിലാണ് മഞ്ഞക്കൊന്നകളുടെ ആധിക്യം.മുത്തങ്ങ റേഞ്ചിൽ കാക്കപ്പാടം, തകപ്പാടി പ്രദേശങ്ങളിലാണ് മഞ്ഞക്കൊന്ന കൂടുതലുള്ളത്.
ഒരു ദശാബ്ദം മുമ്പ് സമൂഹിക വനവത്കരണ വിഭാഗം നട്ട തൈകളാണ് പിൽക്കാലത്തു വനത്തിന് വിപത്തായി മാറിയത്. വന്യജീവി സങ്കേതത്തിന്റെ ആകെ വിസ്തൃതിയിൽ അഞ്ച് ശതമാനത്തെയും അതിർത്തി പ്രദേശങ്ങളിൽ 20 ശതമാനത്തെയും മഞ്ഞക്കൊന്നകൾ കീഴ്‌പ്പെടുത്തിയതായാണ് വനംവന്യജീവി വകുപ്പിന്റെ കണക്ക്.
23 ഇനം അധിനിവേശ സസ്യങ്ങൾ വയനാട് വന്യജീവി സങ്കേതത്തിലുണ്ട്. ഇതിൽ നൈസർഗിക സസ്യസമ്പത്തിനു ഏറ്റവുമധികം ദോഷം ചെയ്യുന്നതാണ് മഞ്ഞക്കൊന്ന.
അരിപ്പൂ(കൊങ്ങിണി),കമ്മ്യൂണിറ്റ് പച്ച, ആനത്തൊട്ടാവാടി, ധൃതരാഷ്ട്രപ്പച്ച,പാർത്തീനിയം,കമ്മൽപ്പൂ,ഇലപ്പുള്ളിച്ചെടി തുടങ്ങിയവയാണ് വന്യജീവി സങ്കേതത്തിൽ കാണുന്ന മറ്റു പ്രധാന അധിനിവേശസസ്യങ്ങൾ.
വളരെ വേഗത്തിൽ 28 മീറ്റർ വരെ ഉയരത്തിൽ കുടയുടെ ആകൃതിയിൽ വളരുന്നതാണ് മഞ്ഞക്കൊന്ന. മണ്ണിന്റെ നൈസർഗിക ഗുണങ്ങൾ നഷ്ടമാക്കുന്ന മഞ്ഞക്കൊന്ന വലിയതോതിലുള്ള നിർജലീകരണത്തിനും ഇടയാക്കുന്നുണ്ട്.മഞ്ഞക്കൊന്നയുടെ ചുവട്ടിലോ പരിസരത്തോ പുല്ലുപോലും വളരില്ല. വിഷാംശം ഉള്ളതിനാൽ മഞ്ഞക്കൊന്നയുടെ ഇല വളമാക്കാൻ കഴിയില്ല.തടി വിറകായോ നിർമാണത്തിനോ ഉപയോഗപ്പെടുത്താനും യോജിച്ചതല്ല.
മഞ്ഞക്കൊന്ന നശിപ്പിക്കാനുള്ള ശ്രമങ്ങൾ ഫലിക്കാതെവന്നപ്പോഴാണ് മഞ്ഞക്കൊന്നകൾ വേരോടെ പിഴുതുമാറ്റുന്ന പദ്ധതി ആവിഷ്‌കരിച്ചത്. വയനാട് വന്യജീവി സങ്കേതത്തിലെ തോൽപ്പെട്ടി റേഞ്ചിൽ ഇലപ്പുള്ളിച്ചെടികളുടെ വ്യാപനവും സ്വാഭാവിക വനത്തിനു ഭീഷണിയായിരിക്കയാണ്.