അഭയാർത്ഥികൾ- 524
ദുരിതാശ്വാസ ക്യാമ്പുകൾ- 28
കൊയിലാണ്ടി (4), കോഴിക്കോട് (12), വടകര (10), താമരശേരി (2)
കോഴിക്കോട്: മഴ ശക്തി കുറഞ്ഞതോടെ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർ വീടുകളിലേക്ക് മടക്കം ആരംഭിച്ചു. കൊയിലാണ്ടി താലൂക്കിൽ നാല് ക്യാമ്പുകളിലായി 86 പേരാണ് കഴിയുന്നത്. ബാലുശ്ശേരി മർകസ് പബ്ലിക് സ്‌കൂളിലെ ക്യാമ്പിൽ ആറ് പേരുണ്ട്. കൂരാച്ചുണ്ട് പഞ്ചായത്തിലെ കക്കയം സെന്റ് സെബാസ്റ്റ്യൻ പള്ളി പാരിഷ് ഹാളിലെ ക്യാമ്പിൽ 54 പേർ കഴിയുന്നു. മൂടാടി നസ്രത്തുൽ മദ്രസയിൽ 14 പേരാണ് ഉള്ളത്. ഗോപാലപുരം ഗോഖലെ യു.പി സ്‌കൂളിൽ 12 പേരും കഴിയുന്നു. 14 വില്ലേജുകളിലായി 90 വീടുകൾ ഭാഗികമായും നാല് വീടുകൾ പൂർണമായും തകർന്നിട്ടുണ്ട്. ആവശ്യമെങ്കിൽ കൂടുതൽ ക്യാമ്പുകൾ ആരംഭിക്കുമെന്ന് തഹസിൽദാർ കെ. ഗോകുൽ ദാസ് അറിയിച്ചു.
കോഴിക്കോട് താലൂക്കിൽ 7 വില്ലേജുകളിലായി 12 ക്യാമ്പുകളാണ് പ്രവർത്തിക്കുന്നത്. 130 പേർ കഴിയുന്നുണ്ട്. താലൂക്കിൽ 20 വീടുകൾ ഭാഗികമായി തകർന്നു. മാവൂർ ജി.എച്ച്.എസ്.എസിൽ നാല് പേരെ താമസിപ്പിച്ചിട്ടുണ്ട്. തെങ്ങിലക്കടവ് മലബാർ കാൻസർ സെന്ററിൽ 13 പേരെയും മാവൂർ ജി.എം.യു.പി സ്‌കൂളിൽ 13 പേരെയും കച്ചേരിക്കുന്ന് അംഗൻവാടിയിൽ ഏഴ് പേരെയും വളയന്നൂർ ജി.യു.പിഎസിൽ നാല് പേരും കുടുംബ സമേതം കഴിയുന്നുണ്ട്. പെരുവയൽ വില്ലേജിൽ ചെറുകുളത്തുർ എ.എൽ.പി സ്‌കൂളിൽ എട്ട് പേരും, ചെറുകുളത്തുർ വെസ്റ്റ് അംഗൻവാടിയിൽ ആറ് പേരും താമസിക്കുന്നുണ്ട്.
കടലുണ്ടി വില്ലേജിൽ വട്ടപ്പറമ്പ ജി.എൽ.പി സ്‌കൂളിൽ ആറ് പേർ താമസിക്കുന്നുണ്ട്. ഒളവണ്ണ വില്ലേജിലെ കൊടിനാട്ടുമുക്ക് ജി.എൽ.പി സ്‌കൂളിൽ മൂന്ന് പേരെയാണ് മാറ്റി താമസിപ്പിച്ചത്. കുറ്റിക്കാട്ടൂർ വില്ലേജിൽ പൈങ്ങോട്ടുപുറം തിരുത്തിമ്മൽ അംഗൻവാടിയിൽ 11 പേരെ താമസിപ്പിച്ചു. വേങ്ങേരി വില്ലേജിൽ ഗവ. പോളിടെക്‌നികിൽ 53 പേർ താമസിക്കുന്നുണ്ട്.
വടകര താലൂക്കിൽ 10 ക്യാമ്പുകളാണുള്ളത്. 67 കുടുംബങ്ങളിൽ നിന്നായി 251 പേരുണ്ട്. 1,855 കുടുംബങ്ങളിലെ 7,114 പേർ ബന്ധുവീടുകളിലേക്ക് മാറി. മരതോങ്കര നെല്ലിക്കുന്ന് ഷെൽട്ടർ, മരതോങ്കര ഒന്നാം വാർഡ് അങ്കണവാടി, ആറാം വാർഡ് അംഗൻവാടി, ഒഞ്ചിയം അംഗൻവാടി, തിനൂർ സെന്റ് ജോർജ് എച്ച്.എസ്, വിലങ്ങാട് സെന്റ് ജോർജ് എച്ച്.എസ്, ചോറോട് എരപുരം എം.എൽ.പി സ്‌കൂൾ, ചെക്യാട് ജാതിയേരി എം.എൽ.പി സ്‌കൂൾ, തോടന്നൂർ എം.എൽ.പി സ്‌കൂൾ, മണിയൂർ എം.എച്ച്.ഇ.എസ് കോളജ് എന്നിവിടങ്ങളിലാണ് ക്യാമ്പുകളുള്ളത്.
താമരശേരി താലൂക്കിൽ തിരുവമ്പാടി, കോടഞ്ചേരി, കട്ടിപ്പാറ വില്ലേജുകളിലെ 3 ക്യാമ്പുകളിലായി 53 കുടുബങ്ങളിലെ 149 പേരാണുണ്ടായിരുന്നത്. ഇതിൽ 28 കുടുംബങ്ങളിലെ 82 പേർ വീടുകളിലേക്ക് മടങ്ങി. ഞായറാഴ്ച രാത്രി ശിവപുരം വില്ലേജിൽ വീടിന്റെ മേൽക്കൂര തകർന്നു. ഇയ്യാട് നീലഞ്ചരി വേണുവിന്റെ വീടിന്റെ ഓടുമേഞ്ഞ മേൽക്കൂരയാണ് തകർന്നത്. പല സ്ഥലങ്ങളിലും വെള്ളം ഇറങ്ങി തുടങ്ങിയിട്ടുണ്ട്.