പേരാമ്പ്ര: ഹൈ റിസ്ക് മേഖലയിൽ കൊവിഡ് റിപ്പോർട്ട് ചെയ്തതോടെ സ്വീകരിച്ച പ്രതിരോധ നടപടികൾ മേപ്പയ്യൂരിൽ ഫലം കാണുന്നു. പഞ്ചായത്ത് ഓഫീസ് ജീവനക്കാരി, കള്ള് ഷാപ്പ് തൊഴിലാളി, ഓട്ടോറിക്ഷാ ഡ്രൈവർ, മൂന്ന് റേഷൻ കട നടത്തിപ്പുകാർ, മൊബൈൽ ഷാപ്പ് ജീവനക്കാരൻ എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ പഞ്ചായത്ത് മുഴുവനായും കണ്ടയിൻമെന്റ് സോണായി പ്രഖ്യാപിച്ചു. അഞ്ച് ഘട്ടങ്ങളിലായി 521 പേരെ പരിശോധിച്ചു. ഇതിൽ ആകെ ഒൻപത് പേർക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചത്. 1077 പേർ നിരീക്ഷണത്തിലാണ്.
ഇവർക്കെല്ലാമായി രണ്ടായിരത്തിലധികം പേർ അടങ്ങുന്ന അതിവിപുലമായ സമ്പർക്ക പട്ടികയാണ് ഉണ്ടായിരുന്നത്. ആസൂത്രണത്തിലൂടെ വ്യാപനം തടയാനായി. വിദേശത്ത് നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയ 567പേരെ നിരീക്ഷണത്തിലാക്കി. ഇതിനിടെ 25 പേർക്ക് ഡങ്കിപ്പനിയും റിപ്പോർട്ട് ചെയ്തു. ആരോഗ്യ വകുപ്പ് ഇടപെട്ട് നിയന്ത്രണ വിധേയമാക്കി. ജനപ്രതിനിധികളും പഞ്ചായത്ത് ജീവനക്കാരും സ്വയം നിരീക്ഷണത്തിൽ പോയ സമയത്താണ് ഈ ഇടപെടൽ. പ്രതിരോധം തുടരണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി.കെ. റീന, വൈസ് പ്രസിഡന്റ് കെ.ടി. രാജൻ, സെക്രട്ടറി എ. രാജേഷ്, കുടുംബാരോഗ്യ കേന്ദ്രം മേധാവി ഡോ. മഹേഷ് എന്നിവർ അഭ്യർത്ഥിച്ചു.