കൊയിലാണ്ടി: മണൽ വിൽപ്പനയുടെ മറവിൽ റെയിൽവേ സ്റ്റേഷന് മുന്നിലെ തൊന്നൂറാം പാടത്തിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള 20 ഏക്കർ തണ്ണീർത്തടം നികത്തുന്നു. ചേമഞ്ചേരി പഞ്ചായത്ത് പ്രസിഡന്റാണ് ആർ.ഡി.ഒയ്ക്ക് പരാതി നൽകിയത്. നികത്തൽ തുടരുന്നതോടെ മഴ വെള്ളം കെട്ടിനിന്ന് കിഴക്ക് ഭാഗത്തേക്ക് ഒഴുകി ദേശീയ പാതയിൽ വെള്ളക്കെട്ട് അനുഭവപ്പെടുകയാണ്. കൊല്ലം ചിറയിൽ നിന്ന് നീക്കിയ മണലാണ് ഇവിടെ സംസ്കരിച്ച് വിൽക്കുന്നത്. ചെളി ഇവിടെ തന്നെ നിക്ഷേപിക്കും. ഈ നിക്ഷേപത്തിലൂടെയാണ് സ്ഥലം നികത്താൻ ശ്രമിക്കുന്നത്. ഈ തണ്ണീർത്തടം ചേമഞ്ചേരി, ചെങ്ങോട്ട് കാവ് പഞ്ചായത്തുകളുടെ കുടിവെള്ള സ്രോതസാണ്.