കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വലിയ വിമാനങ്ങൾക്ക് നിയന്ത്രണം വരുന്നത് ഇത് രണ്ടാം തവണ. കഴിഞ്ഞ ദിവസമുണ്ടായ വിമാന ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറൽ വലിയ വിമാനങ്ങൾ ഇറങ്ങുന്നത് നിഷേധിച്ചത്. ഇതോടെ ഞായറാഴ്ച സൗദിയിൽ നിന്ന് കരിപ്പൂർ വിമാനത്താവളത്തിൽ എത്തേണ്ടിയിരുന്ന സൗദി എയർ ബസ് -330 നെടുമ്പാശേരിയിലാണ് ഇറങ്ങിയത്.
മംഗലാപുരം വിമാനദുരന്തത്തിനുശേഷം നിയമിച്ച അന്വേഷണ കമ്മിഷൻ റിപ്പോർട്ട് 2015 മേയിലാണ് വന്നത്. തുടർന്ന് മംഗലാപുരം വിമാനത്താവളത്തിന്റെ ഭൂപ്രകൃതിയുള്ള കരിപ്പൂർ വിമാനത്താവളത്തിനും വലിയ വിമാനങ്ങളുടെ സർവീസ് നിഷേധിച്ചു. ഇതോടെ ഹജ്ജ് വിമാനങ്ങൾ കൊച്ചിയിൽ നിന്നാണ് പറന്നിരുന്നത്.
എയർപോർട്ട് അതോറിട്ടി ഒഫ് ഇന്ത്യ കരിപ്പൂർ വിമാനത്താവളത്തിന്റെ റൺവേ ശക്തിപ്പെടുത്തുകയും റൺവേ സുരക്ഷാ മേഖലയുടെ വലിപ്പം കൂട്ടുകയും ചെയ്തു. സിവിൽ ഏവിയേഷന്റെ സുരക്ഷാ പരിശോധന പൂർത്തിയാക്കിയശേഷം 2019ലാണ് വീണ്ടും വലിയ വിമാനങ്ങൾക്ക് പ്രവർത്തനാനുമതി ലഭിച്ചത്. സൗദി അറേബ്യയുടെ എയർലൈൻസാണ് 2019 ഫെബ്രുവരിയിൽ വീണ്ടും കോഴിക്കോട്ടു നിന്ന് പറന്നുയർന്ന വലിയ വിമാനം. മറ്റ് വിമാനക്കമ്പനികൾ അഞ്ച് മാസംകൂടി കഴിഞ്ഞാണ് വലിയ വിമാനങ്ങൾ പറത്തിയത്.