കൽപ്പറ്റ: കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്തമഴയിൽ ജില്ലയിൽ 627 വീടുകൾക്ക് നാശനഷ്ടം സംഭവിച്ചതായി ജില്ലാ ഭരണകൂടത്തിന്റെ പ്രാഥമിക കണക്ക്. ഇതിൽ 22 വീടുകൾ പൂർണ്ണമായും 605 വീടുകൾ ഭാഗീകമായും തകർന്നു. വൈത്തിരി താലൂക്കിൽ 18 വീടുകൾ പൂർണ്ണമായി തകർന്നപ്പോൾ 267 വീടുകൾ ഭാഗീകമായി കേടുപാടുകൾ സംഭവിച്ചു. മാനന്തവാടിയിൽ ഒരു വീട് പൂർണ്ണമായും 109 വീടുകൾ ഭാഗീകമായും നശിച്ചു. സുൽത്താൻ ബത്തേരിയിൽ 3 വീട് പൂർണ്ണമായും 229 വീടുകൾ ഭാഗീകമായും തകർന്നിട്ടുണ്ട്.


14.18 കോടി രൂപയുടെ കൃഷി നാശം

കൽപ്പറ്റ: കാലവർഷത്തിൽ വയനാട് ജില്ലയുടെ കാർഷിക മേഖലയ്ക്ക് 14.184 കോടി രൂപയുടെ നാശനഷ്ടം നേരിട്ടതായി പ്രാഥമിക കണക്ക്. ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായത് കുരുമുളക് കർഷകർക്കാണ്. 180 ഹെക്ടർ സ്ഥലത്തെ 62082 കുരുമുളക് വളളികൾ നശിച്ചു. 4.65 കോടി രൂപയുടെ നാശനഷ്ടമാണ് കുരുമുളക് കൃഷിക്കുണ്ടായത്.

രണ്ടാം സ്ഥാനം വാഴ കൃഷിക്കാണ്. 236.24 ഹെക്ടർ സ്ഥലത്തെ 590600 വാഴയാണ് കാറ്റിലും മഴയിലും നശിച്ചത്. 2.86 കോടി രൂപയുടെ നാശനഷ്ടമാണ് വാഴകൃഷിയിൽ കണക്കാക്കുന്നത്. ഇഞ്ചി കൃഷിക്ക് 2.36 കോടിയുടെ നാശമുണ്ട്. 195.7 ഹെക്ടർ സ്ഥലത്തെ വിളകൾ നശിച്ചു. മറ്റ് വിളകളുടെ നാശനഷ്ട കണക്കുകൾ

വിളകൾ (വിസ്തൃതി ഹെക്ടറിൽ), നാശനഷ്ടം യഥാക്രമം:

കിഴങ്ങ് വർഗം (104) 1.04 കോടി
കപ്പ (123) 1.23 കോടി
നെല്ല് (142) 50.4 ലക്ഷം
ഏലം (39.4) 27.58 ലക്ഷം
ജാതിക്ക (1.8) 3.6 ലക്ഷം
കാഷ്യൂ ( 0.4) 1.32 ലക്ഷം
മഞ്ഞൾ (0.4) 0.28 ലക്ഷം
തെങ്ങ് ( 2) 10.36 ലക്ഷം
റബർ (3.82) 13.22 ലക്ഷം
കൊക്കോ (4.4) 4.4 ലക്ഷം
കാപ്പി (7.85) 39 ലക്ഷം
അടക്ക (8.65) 43.25 ലക്ഷം
പച്ചക്കറികൾ (20) 8.32 ലക്ഷം
പഴങ്ങൾ ( 2.6) 2.6 ലക്ഷം