പുൽപ്പള്ളി: ജനവാസകേന്ദ്രമായ പള്ളിച്ചിറയിൽ ഭീതി പരത്തുന്ന കടുവയെ പിടികൂടുന്നതിന് വനംവകുപ്പ് വനാതിർത്തിയിൽ കൂട് സ്ഥാപിച്ചു. പ്രദേശത്ത് കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ രണ്ട് പശുക്കിടാങ്ങളെ കടുവ കൊലപ്പെടുത്തിയിരുന്നു. പ്രദേശത്ത് കടുവയുണ്ടെന്നതിന്റെ സൂചനകൾ വനംവകുപ്പ് സ്ഥാപിച്ച ക്യാമറയിൽ നിന്ന് വ്യക്തമായിട്ടുണ്ട്. വളർത്തുമൃഗങ്ങളെ പിടികൂടുന്നതിന് പുറമെ കടുവയെ തുരത്താൻ ശ്രമിച്ച വനപാലകരെയും കടുവ ആക്രമിച്ചിരുന്നു. പ്രദേശത്ത് സ്ഥാപിച്ച ക്യാമറകളിൽ ആൺകടുവയുടെ ദൃശ്യങ്ങളാണ് പതിഞ്ഞത്. ഈ സാഹചര്യത്തിലാണ് കടുവയെ പിടികൂടാൻ കൂട് സ്ഥാപിച്ചത്. പ്രദേശത്ത് വർദ്ധിച്ചുവരുന്ന കടുവാ ശല്യത്തിനെതിരെ പ്രക്ഷോഭം ആരംഭിക്കുമെന്ന് നാട്ടുകാർ മുന്നറിയിപ്പ് നൽകി. കടുവയെ മയക്കുവെടി വച്ച് പിടികൂടണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കടുവാ ഭീഷണി നിലനിൽക്കുന്ന പള്ളിച്ചിറ, ചങ്ങമം പ്രദേശങ്ങൾ സൗത്ത് വയനാട് ഡി എഫ് ഒ പി രഞ്ജിത്ത് കുമാർ സന്ദർശിച്ചു. കടുവയെ പിടികൂടുമെന്ന ഉറപ്പും നൽകിയിട്ടുണ്ട്.


(ഫോട്ടൊ- കടുവയെ പിടികൂടുന്നതിന് വനപാലകർ പള്ളിച്ചിറ വനത്തിൽ കൂട് സ്ഥാപിക്കുന്നു.)