കുറ്റ്യാടി: ആദ്യം വില്ലനായത് റെഡിമെയ്ഡ് വസ്ത്രങ്ങളായിരുന്നു. ഇപ്പോൾ കൊവിഡ് 19, കൂനിന്മേൽ കുരു പോലെ മഴക്കെടുതികളും. എല്ലാം കൂടിയായതോടെ തയ്യൽ തൊഴിലാളികൾ പട്ടിണിയിലാണ്. സ്വയംതൊഴിലിനായി ഇറങ്ങിയ പതിനായിരങ്ങളെയാണ് പ്രതിസന്ധികൾ വലയ്ക്കുന്നത്.
ജീവിത ചെലവ് മുട്ടിയതോടെ ഇടക്കാലത്ത് പലരും മറ്റ് തൊഴിൽ മേഖലകളിലേക്ക് ചേക്കേറിയിരുന്നു. ശാരീരിക അവശതകൾ ഉള്ളവരാണ് ഏറെയും പിടിച്ചു നിന്നത്. എന്നാൽ പുതിയ പ്രതിസന്ധികൾ ഇവർക്ക് നേരിടാനാകുന്നില്ല. ക്ഷേമനിധി അംഗങ്ങൾക്ക് ബോഡിൽ നിന്ന് 1000 രൂപ ധനസഹായം ലഭിച്ചത് താത്കാലിക ആശ്വാസമായെങ്കിലും രോഗ വ്യാപനം തുടരുന്ന പശ്ചാത്തലത്തിൽ പതിനായിരം രൂപയെങ്കിലും പലിശ രഹിത വായ്പയായി അനുവദിക്കണമെന്ന് കേരള സ്റ്റേറ്റ് ടൈലേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡന്റ് ചന്ദ്രൻ ചാമക്കുന്ന്, അശോകൻ, രാജു മുള്ളൻകുന്ന്, രാധാകൃഷ്ണൻ, ബാബു കാപ്പുമ്മൽ, വി.കെ. മഹേഷ് കുറ്റ്യാടി എന്നിവർ സംസാരിച്ചു.