മുക്കം: സമ്പർക്കത്തിലൂടെയുള്ള കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നടപടി കർശനമാക്കുന്നു. മുക്കത്തും തിരുവമ്പാടിയിലുമാണ് ആരോഗ്യ വകുപ്പിന്റെയും പൊലീസ്, തദ്ദേശഭരണ സ്ഥാപനങ്ങളുടെയും ഇടപെടൽ. മുക്കം സി.എച്ച്.സിയിൽ ഇന്നലെ 95 പേരെ ആന്റിജൻ ടെസ്റ്റിനു വിധേയരാക്കിയതിൽ 12 പേർക്ക് കൊവിഡ് പോസിറ്റീവായി. ഇതിൽ ഒൻപതു പേർ ഒരു സ്ഥാപനത്തിലെ ജോലിക്കാരാണ്. ഇവരിലെ അഞ്ചു പേർ അഗസ്ത്യൻമുഴി അങ്ങാടിയിൽ വാടക കെട്ടിടങ്ങളിൽ താമസിക്കുന്ന ഇതര സംസ്ഥാനക്കാരും.
ഈ ഉടമയുടെ മറ്റൊരു സ്ഥാപനത്തിലെ ജോലിക്കാരിൽ അഞ്ചുപേർക്ക് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചിരുന്നു. അഞ്ച് ഇതര സംസ്ഥാനക്കാർക്കു പുറമെ ഇവർക്കൊപ്പം ജോലി ചെയ്യുന്ന മുക്കം, പൊറ്റശ്ശേരി സ്വദേശികൾക്കും ചാത്തമംഗലം പഞ്ചായത്തിലെചൂലൂർ സ്വദേശിക്കും കോടഞ്ചേരി പഞ്ചായത്തിലെ മഞ്ഞുവയൽ സ്വദേശിക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇവരെല്ലാം പലരുമായി സമ്പർക്കം പുലർത്തിയിട്ടുണ്ട്. സമ്പർക്കമുണ്ടായവർ സ്വയം നിരീക്ഷണത്തിൽ പോകണമെന്നും നഗരസഭ ആരോഗ്യസ്ഥിരം സമിതി അദ്ധ്യക്ഷൻ പി. പ്രശോഭ് കുമാർ അറിയിച്ചു.
മാങ്ങാപൊയിൽ സ്വദേശികളായ രണ്ടു പേരും കാതിയോട് സ്വദേശിയായ ഒരാളുമാണ് ഇന്നലെ രോഗം സ്ഥിരീകരിച്ച മറ്റു മൂന്നു പേർ. ഇന്നും പരിശോധന തുടരുമെന്നും കൂടുതൽ പേരെ പരിശോധനയ്ക്ക് വിധേയരാക്കുമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. തിരുവമ്പാടിയിലും സമാന സ്ഥിതിയാണ്. കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച ഡി.എം.ഒ. ഓഫീസ് ജീവനക്കാരൻ സഹകരണ ബാങ്കിലും അക്ഷയ കേന്ദ്രത്തിലും എത്തി സമ്പർക്കത്തിലേർപ്പെട്ടെന്ന് കണ്ടെത്തിയതോടെ തിരുവമ്പാടി ടൗൺ അടക്കം മൂന്നു വാർഡുകൾ കണ്ടെയ്ൻമെന്റ് സോണാക്കാൻ തിരുവമ്പാടി പഞ്ചായത്ത് ആവശ്യപ്പെട്ടു. 8,9 വാർഡുകൾ പൂർണമായും തിരുവമ്പാടി ടൗൺ, താഴെ തിരുവമ്പാടി ടൗൺ പ്രദേശങ്ങളുമാണ് ഉൾപ്പെടുക.