സുൽത്താൻ ബത്തേരി: ജില്ലയിൽ ആർ.ടി.പി.സി.ആർ ടെസ്റ്റ് ലാബ് സജ്ജമായി. സുൽത്താൻ ബത്തേരി പബ്ലിക് ഹെൽത്ത് ലാബിലാണ് ടെസ്റ്റ് നടത്തുന്നതിനുളള ക്രമീകരണങ്ങൾ ഒരുക്കിയത്. മന്ത്രി ടി.പി രാമകൃഷ്ണൻ ലാബ് പ്രവർത്തനത്തിന്റെ പ്രഖ്യാപനം നടത്തി.

കോഴിക്കോട് മെഡിക്കൽ കേളേജിനെയാണ് ആർ.ടി.പി.സി.ആർ പരിശോധനയ്ക്കായി ഇതുവരെ ആശ്രയിച്ചിരുന്നത്. ജില്ലയിൽ തന്നെ ടെസ്റ്റ് നടത്തുന്നതോടെ പരിശോധന ഫലങ്ങളും വേഗത്തിൽ ലഭ്യമാകും. ഇതു കൂടാതെ പരിശോധനക്കായി നാല് ട്രൂനാറ്റ് മെഷീനും ഒരു സി.ബി നാറ്റ് മെഷീനും ഇവിടെയുണ്ട്. എട്ട് സ്റ്റാഫുകളെയും നിയോഗിച്ചിട്ടുണ്ട്. ലാബ് പൂർണ്ണ സജ്ജമാകുന്നതോടെ ഒരു ദിവസം 500 പരിശോധനകൾ വരെ നടത്താനാകും. നിലവിൽ ജില്ലയിൽ ഒരു ദിവസം ആയിരത്തോളം സാമ്പിളുകളാണ് പരിശോധനയ്ക്ക് വിധേയമാക്കുന്നത്.

ഇതുവരെ ആകെ 29060 സാമ്പിളുകൾ പരിശോധിച്ചു. ഇതിൽ 16252 ആർ.ടി.പി.സി.ആർ, 338 ട്രൂനാറ്റ്, 12470 ആന്റിജൻ പരിശോധനകൾ ഉൾപ്പെടും. സ്രവങ്ങൾ ശേഖരിക്കുന്നതിന് നാല് മൊബൈൽ വിസ്‌ക്കുകൾ ഉൾപ്പെടെ 30 വിസ്‌ക്കുകൾ പ്രവർത്തന സജ്ജമാണ്. ജില്ലയിൽ കോവിഡ് കേസുകൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് ജില്ലാഭരണകൂടത്തിന്റെയും ആരോഗ്യവകുപ്പിന്റെയും നേതൃത്വത്തിൽ അടിയന്തരമായി ലാബ് ഒരുക്കിയത്. പൂക്കോട് വെറ്റിനററി ആശുപത്രിയിലെ വൈറോളജി ലാബിലും ആർ.ടി.പി.സി.ആർ പരിശോധന നടത്തുന്നതിനുളള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നുണ്ട്. മേപ്പാടി വിംസ്, സുൽത്താൻ ബത്തേരിയിലെ ഇഖ്റ, വിനായക എന്നീ സ്വകാര്യ ആശുപത്രികളും ടെസ്റ്റിംഗ് സൗകര്യം ഒരുക്കുന്നതിനായി രജിസ്റ്റർ ചെയ്തിട്ടുണ്ട്.