കോഴിക്കോട്: ഭരണഘടനയ്ക്കും ജനങ്ങളുടെ താത്പര്യങ്ങൾക്കും എതിരാണ് പുതിയ ദേശീയ വിദ്യാഭ്യാസ നയമെന്ന് സമസ്ത എംപ്ലോയീസ് അസോസിയേഷൻ സെമിനാർ അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസ രംഗത്തെ അവസരസമത്വം വൈവിദ്ധ്യങ്ങളോടുള്ള ആദരവ്, ന്യൂനപക്ഷ പിന്നാക്ക വിഭാഗങ്ങളുടെ സാംസ്‌കാരിക സാമൂഹിക പുരോഗതി, പുതിയ തൊഴിൽ മേഖലകളിലെ മുന്നേറ്റം തുടങ്ങിയവയെ നിരാകരിക്കുന്നതാണ് ഇതെന്നും നേതാക്കൾ ആരോപിച്ചു. സമസ്ത എംപ്ലോയീസ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഡോ. എൻ.എ.എം. അബ്ദുൽ ഖാദർ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി മുസ്തഫ മുണ്ടുപാറ മോഡറേറ്ററായി. അലിഗഡ് യൂണിവേഴ്‌സിറ്റി മലപ്പുറം സെന്റർ വിദ്യാഭ്യാസ വിഭാഗത്തിലെ ഡോ. മുഹമ്മദ് ബഷീർ, കേരള ഹൈക്കോടതിയിലെ അഭിഭാഷകൻ അഡ്വ. മുഹമ്മദ് സജ്ജാദ് എന്നിവർ വിഷയമവതരിപ്പിച്ചു. പി.പി. മുഹമ്മദ് (കെ.എസ്.ടി.യു), ടി.പി. അബ്ദുൽ ഹഖ് (കെ.എ.ടി.എഫ്), പി.കെ. നവാസ് (എം.എസ്.എഫ്), സത്താർ പന്തല്ലൂർ (എസ്.കെ.എസ്.എസ്.എഫ്), കെ. മോയിൻകുട്ടി മാസ്റ്റർ, ഷാഹുൽ ഹമീദ് മേൽമുറി, എസ്. അഹ്‌മദ് ഉഖൈൽ കൊല്ലം, സിറാജുദ്ദീൻ ഖാസിലൈൻ എന്നിവർ ചർച്ചയിൽ സംബന്ധിച്ചു.