ബാലുശേരി: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി അടച്ചിട്ട ബാലുശേരി മാർക്കറ്റ് നാളെ മുതൽ തുറക്കാൻ പഞ്ചായത്ത്, ആരോഗ്യ വകുപ്പ്, പൊലീസ് എന്നിവരുടെ യോഗത്തിൽ തീരുമാനമായി. പഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കൊമ്പിലാട്, സെക്രട്ടറി ഷൈലേന്ദ്രൻ എന്നിവർ നടപടികൾ വിശദീകരിച്ചു. മാർക്കറ്റിന്റെ മെയിൻ റോഡ് ഭാഗം അടച്ചിടും. കിഴക്കും പടിഞ്ഞാറും ഭാഗങ്ങളിലുള്ള പ്രവേശന സ്ഥലത്ത് സെക്യൂരിറ്റിയെ നിർത്തി ആളുകളെ നിയന്ത്രിക്കും. ഇരുചക്ര വാഹനങ്ങൾക്ക് ഒഴികെ മാർക്കറ്റിലേക്ക് പ്രവേശനമുണ്ടാകില്ല. പൊലീസ് പരിശോധന കർശനമാക്കും. യോഗത്തിൽ ആരോഗ്യ-വിദ്യാഭ്യാസ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.കെ. പരീദ്, വാർഡ് അംഗം റീജ കണ്ടോത്ത് കുഴി, ബാലുശ്ശേരി എസ്.ഐ സജി, ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരായ മുഹമ്മദ്, ടി.കെ. സുരേഷ്, ഷാജീവ് കുമാർ, മാർക്കറ്റ് ഉടമ റഹിം, കച്ചവട പ്രതിനിധികളായ അഷ്റഫ്, നൗഷാദ്, ആർ.ആർ.ടി. സുരേഷ് ബാബു എന്നിവർ പങ്കെടുത്തു. മാർക്കറ്റ് അണുവിമുക്തമാക്കിയിരുന്നു.