excise

കോഴിക്കോട്: ഓണത്തിന്റെ മുന്നൊരുക്കമായി വ്യാജമദ്യവും ലഹരിവസ്തുക്കളുടെ കടത്തും വിപണനവും തടയുന്നതിന് എക്സൈസിന്റെ സ്പെഷ്യൽ ഡ്രൈവ് ആരംഭിച്ചു. കൊവിഡ് നിയന്ത്രണങ്ങൾക്ക് വിധേയമായി അടുത്ത മാസം 5 വരെയാണ് പരിശോധന.

ഡെപ്യൂട്ടി, അസി. കമ്മിഷണർമാരുടെ നേതൃത്വത്തിലുള്ള സ്പെഷ്യൽ സ്ക്വാഡുകളാണ് പരിശോധന നടത്തുക. ജില്ല, താലൂക്ക് തലങ്ങളിൽ 24 മണിക്കൂറും കൺട്രോൾ റൂമുകൾ പ്രവർത്തിക്കും . പൊതുജനങ്ങൾക്കും സന്നദ്ധ സംഘടനകൾക്കും പരാതികളും കൃത്യമായ വിവരങ്ങളും കൺട്രോൾ റൂമിൽ അറിയിക്കാം. അതിർത്തികളിലും നിരത്തുകളിലും സ്പെഷ്യൽ സ്ക്വാഡിനെ നിയോഗിക്കും. ദേശീയ പാതകളിലും ജില്ലാ അതി‌ർത്തികളിലും എക്സൈസിന് പുറമെ പൊലീസ്, റവന്യൂ, വനം, മോട്ടോർ വാഹന വകുപ്പ് എന്നിവരും പരിശോധന ശക്തമാക്കും. വന മേഖലകൾ, ഒറ്റപ്പെട്ട സ്ഥലങ്ങൾ, കെട്ടിടങ്ങൾ, മദ്യശാല പരിസരം എന്നിവിടങ്ങളിലും പരിശോധന നടത്തും . ബെവ്കോ ആപ്പ് വഴി പാഴ്സലായി മാത്രം മദ്യം വിതരണം ചെയ്യുന്ന സാഹചര്യത്തിൽ ഓണത്തിന് അതീവ ജാഗ്രത പുലർത്തണമെന്ന് ഇന്റലിജൻസ് സർക്കാരിനെ അറിയിച്ചിട്ടുണ്ട്. അനധികൃത നിർമ്മാണം , കടത്ത് , പൂഴ്ത്തിവയ്പ്പ് എന്നിവ മുന്നിൽ കണ്ട് ഇന്റലിജൻസ് വിഭാഗം രഹസ്യ വിവരം ശേഖരിച്ചിട്ടുണ്ട്. @ ജാഗ്രതയോടെ പരിശോധന കൊവിഡ് പശ്ചാത്തലത്തിൽ പി.പി.ഇ കിറ്റ്, ഫേയ്സ് ഷീൽഡ്, മാസ്ക്, ഗ്ലൗസ് ,സാനിട്ടൈസർ തുടങ്ങിയവ ഉപയോഗിച്ചാണ് എക്സൈസ് നിരത്തിലിറങ്ങുക . ആവശ്യമായ സുരക്ഷാ ഉപകരണങ്ങൾ ജില്ലയിലെ ഓരോ യൂണിറ്റിലും എത്തിയിട്ടുണ്ട് . " കൊവിഡ് ആയതിനാൽ ആഘോഷങ്ങൾക്ക് പരിമിതി ഉണ്ട് . എന്നാൽ മദ്യത്തിന്റെ അളവ് കുറയുമോ എന്ന് പറയാൻ സാധിക്കില്ല . കൂടുതൽ കരുതലോടെ പരിശോധന ശക്തമാക്കും" - താജുദ്ദീൻ കുട്ടി, എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ