ration

കോഴിക്കോട്: റേഷൻ വ്യാപാരികളിൽ കൂടുതൽ പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ കടുത്ത ആശങ്കയിലാണ്‌ വ്യാപാരികളും ജീവനക്കാരും. ജില്ലയിൽ ഇതുവരെ ആറ് റേഷൻ വ്യാപാരികൾക്കാണ് പോസിറ്റീവായത്. ഒളവണ്ണ ഗ്രാമപഞ്ചായത്ത് -2 , മേപ്പയൂർ -2, കൊയിലാണ്ടി- 2 എന്നിങ്ങനെയാണ് കൊവിഡ് ബാധിതരുടെ എണ്ണം. ഇവിടങ്ങളിലെ നൂറുകണക്കിന് പേരാണ് സമ്പർക്കത്തെ തുടർന്ന് ക്വാറന്റൈനിൽ കഴിയുന്നത്. കുടുംബം ഒന്നാകെ നിരീക്ഷണത്തിൽ പോകേണ്ടി വരുന്നതോടെ വ്യാപാരികളുടെ വരുമാനം പാടെ നിലയ്ക്കുന്ന അവസ്ഥയാണ്.

കാർഡ് ഉടമകൾ മാസത്തിൽ മൂന്ന് തവണയാണ് റേഷൻ കടയിൽ എത്തുന്നത്. ഇത് സമ്പർക്ക സാദ്ധ്യത വർദ്ധിപ്പിക്കുന്നതായി വ്യാപാരികൾ പറയുന്നു. മഴക്കെടുതിയും ഇന്റർനെറ്റ്- വൈദ്യുതി തകരാറുകളും പ്രതിസന്ധി കൂട്ടുന്നു. ഇ -പോസ് മെഷീൻ ഉപയോഗം നിർത്തിവയ്ക്കണമെന്നും റേഷൻ വ്യാപാരികളുടെ സുരക്ഷ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് വ്യാപാരികളുടെ സംഘടന പ്രധാനമന്ത്രിയ്ക്ക് കത്തയച്ചിട്ടുണ്ട്.

കരുതലൊരുക്കണം

കൊവിഡ് ബാധിച്ച റേഷൻ വ്യാപാരികൾക്ക് ഒരു മാസത്തെ വേതനമായ 18000 രൂപ അധികം അനുവദിക്കണമെന്ന് റേഷൻ വ്യാപാരികൾ അവശ്യപ്പെടുന്നു. റേഷൻ ഒറ്റത്തവണയായി വിതരണം ചെയ്യണമെന്ന ആവശ്യവും അവർ മുന്നോട്ടുവയ്ക്കുന്നു.

# ഓണക്കാലം പ്രതിസന്ധി കൂട്ടും

ഓണം സ്‌പെഷ്യൽ അരി വാങ്ങാൻ കാർഡ് ഉടമകൾ കൂട്ടത്തോടെ എത്തുന്നത് പ്രതിസന്ധി കൂട്ടുമെന്നാണ് റേഷൻ വ്യാപാരികൾ പറയുന്നത്. ഓണത്തിന് നീല, വെള്ള കാർഡുകൾക്ക് 15 രൂപയുടെ സ്‌പെഷ്യൽ അരി 10 കിലോ വീതം നൽകാനാണ് തീരുമാനം. മിക്ക റേഷൻ കടകളിലും അരി എത്തിയിട്ടുണ്ട്. കൂടാതെ സൗജന്യ കിറ്റും വിതരണം ചെയ്യണം. ഇവ ഒരുമിച്ച് വിതരണം ചെയ്യാനുള്ള ക്രമീകരണം റേഷൻ കടകളിൽ നടത്തിയിട്ടില്ല. അതിനാൽ കാർഡ് ഉടമകൾ പലതവണ റേഷൻ കടകളിൽ വരേണ്ടി വരും. ഈയൊരു പ്രയാസം ഒഴിവാക്കാൻ ഓണം സ്‌പെഷ്യൽ 10 കിലോ അരി ഉടൻ വിതരണം ചെയ്യണമെന്നാണ് വ്യാപാരികളുടെ ആവശ്യം.

സൗജന്യ കിറ്റ് വിതരണത്തിനുളള ക്രമീകരണം ഇതുവരെ ആരംഭിച്ചിട്ടില്ല. പത്താം തീയതി മുതൽ നൽകുമെന്നാണ് സർക്കാർ അറിയിപ്പ്. ആഗസ്റ്റ് മാസത്തെ അരി വിതരണം ഈ മാസം അഞ്ചിനാണ് ആരംഭിച്ചത്. ഈ മാസം നീല, വെള്ള കാർഡുകൾക്ക് 15 രൂപയുടെ സ്‌പെഷ്യൽ 10 കിലോ അരിയുണ്ടാവുമെന്ന് ഭക്ഷ്യവകുപ്പ് നേരത്തെ അറിയിച്ചിരുന്നു.

''സർക്കാർ നിർദ്ദേശങ്ങൾ പാലിച്ചിട്ടും 6 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചത് കടുത്ത ആശങ്കയാണ് ഉണ്ടാക്കുന്നത്. കാർഡ് ഉടമകൾ മാസത്തിൽ ഒറ്റത്തവണ കടയിൽ എത്തുന്ന സംവിധാനം കൊണ്ടുവരണം''- ടി. മുഹമ്മദാലി

ഓൾ കേരള റേഷൻ ഡീലേഴ്സ്

അസോസിയേഷൻ

സംസ്ഥാന സെക്രട്ടറി.