കോഴിക്കോട്: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന് ലൈഫ് മിഷൻ പദ്ധതിയിൽ നിന്ന് എങ്ങനെ ഒരു കോടി രൂപ കമ്മിഷൻ ലഭിച്ചുവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
വിദേശ സന്നദ്ധസംഘടനയായ റെഡ് ക്രെസന്റ് ലൈഫ് പദ്ധതിക്കായി സഹായം നൽകുന്നതിന്റെ മറവിലായിരുന്നു ഈ കൈക്കൂലി. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ശിവശങ്കർ ഇത് ലോക്കറിലേക്ക് മാറ്റാനും സഹായിച്ചു. ചാരിറ്റിയിൽ എങ്ങനെയാണ് കമ്മിഷൻ വരുന്നത്. ഇതിൽ വേറെ എന്തെങ്കിലും ധാരണയുണ്ടായോയെന്ന് പരിശോധിക്കണം. പ്രളയകാലത്ത് വിദേശസഹായം സ്വീകരിക്കാൻ നോക്കിയതിന്റെ മറവിലും ഇത്തരം തട്ടിപ്പായിരിക്കാം ലക്ഷ്യമിട്ടത്. അന്ന് കേന്ദ്രം ഇടപെട്ടതുകൊണ്ടുമാത്രം നടന്നില്ല. തൃശൂരിൽ ലൈഫ് മിഷൻ മുഖേന നിർമ്മിക്കുന്ന ഫ്ലാറ്റിനു മുന്നിലെ ബോർഡിൽ യു.എ.ഇ കോൺസുലേറ്റ് എന്ന് എഴുതിവച്ചിരിക്കുന്നത് എന്തിനെന്ന് വ്യക്തമാക്കണം.
'ലാസിം'മിന്റെ വരവും
മുഖ്യമന്ത്രിയുടെ താത്പര്യത്തിൽ
സ്‌പ്രിൻക്ലറിന് പിന്നാലെ മോക്ക് നീറ്റ് പരീക്ഷയുടെ മറവിലും വമ്പൻ തട്ടിപ്പാണെന്ന് കെ.സുരേന്ദ്രൻ ആരോപിച്ചു. ഉന്നത വിദ്യാഭ്യാസ മേഖലയിൽ മുൻപരിചയമില്ലാത്ത 'ലാസിം' കമ്പനിയുടെ വരവിന് പിന്നിൽ മുഖ്യമന്ത്രിയുടെയും മന്ത്രി കെ.ടി.ജലീലിന്റെയും താത്പര്യമാണ്. സൗജന്യസേവനമെന്ന പേരിൽ ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ വിവരങ്ങൾ ചോർത്താൻ അവസരമൊരുക്കുകയാണ്. ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ലാസിം കമ്പനി കണ്ണൂരുകാരുടേതാണ്. വിദ്യാഭ്യാസമേഖലയിലെ കോർപറേറ്റ് ഇടപെടലിനെതിരെ വാതോരാതെ പറയുന്നവരാണ് ഇങ്ങനെയൊരു ചെയ്തിക്ക് മുതിരുന്നതെന്നും അദ്ദേഹം പറഞ്ഞു.