കോഴിക്കോട്: പി.പി.ഇ കിറ്റിനുള്ളിൽ മറഞ്ഞിരിക്കുന്ന ഒരാളുണ്ട്, കൊവിഡ് കാലത്ത് സഹജീവികൾക്കായി ജീവിതം പകുത്തുനൽകിയ കല്ലായ് ചക്കുംകടവുകാരൻ ഇൻസാഫ് സിബിൽ. ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചത് മുതൽ വിശ്രമമില്ലാതെ ഓടുകയാണ് ഇയാൾ. ആരോഗ്യ വകുപ്പ് നൽകിയ ചുമതലകൾ മാറി മാറി ചെയ്ത് ഇപ്പോൾ കൊവിഡ് ബാധിച്ച് മരിച്ചവരെ അടക്കം ചെയ്യുന്ന എൻഫോഴ്സ് മെന്റ് സ്ക്വാഡ് അംഗമാണ്.
ഉപ്പയെയും കൂടെപിറപ്പിനെയും കണ്ടിട്ട് മാസങ്ങൾ എത്രയായെന്ന് പോലും ഇൻസാഫിന് ഒാർമ്മയില്ല. വീഡിയോ കോളിലൂടെ ഉറ്റവരോട് സംസാരിക്കുമ്പോൾ വീട്ടിലേക്ക് പോവണമെന്ന് തോന്നും. പക്ഷെ, ക്വാറന്റൈനിൽ കഴിയാനുള്ളതല്ല തന്റെ 14 ദിവസമെന്ന് ചിന്തിച്ച് പിന്തിരിയും. കോഴിക്കോട് മെഡിക്കൽ കോളേജ് ഇ.എം.എസ് ചാരിറ്റബിൾ ട്രസ്റ്റ് വോളണ്ടിയറായിരുന്നു ഇൻസാഫ്. കൊവിഡിന് മുമ്പ് ഒാട്ടോറിക്ഷ ഓടിച്ചും പെയിന്റിംഗ് തൊഴിലെടുത്തും കഴിയുകയായിരുന്നു. സന്നദ്ധ സേനയിൽ രജിസ്റ്റർ ചെയ്ത് കൊവിഡ് വോളണ്ടിയറായി. ആദ്യം മെഡിക്കൽ കോളേജ് ഹെൽപ്പ് ഡെസ്കിൽ. പിന്നീട് കൊവിഡ് കെയർ സെന്റർ വോളണ്ടിയറായി. ഇപ്പോൾ കോർപ്പറേഷൻ എൻഫോഴ്സ്മെന്റ് സ്ക്വാഡിൽ. കൊവിഡ് ഭീതിയിൽ വീട്ടുകാരും നാട്ടുകാരും ഒറ്റപ്പെടുത്തിയ പലരെയും കണ്ടിട്ടുണ്ടെന്ന് ഇൻസാഫ് പറയുന്നു. ഹെൽത്ത് ഒാഫീസർ ഡോ.ആർ.എസ് ഗോപകുമാർ, ഹെൽത്ത് ഇൻസ്പെക്ടർ സി.കെ വത്സൻ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ഷമീർ, ബോബീഷ്, ടൈസൺ, ബിജു ജയറാം, ആംബുലൻസ് ഡ്രൈവർ സി.പി രാജേഷ്, എന്നിവരാണ് സ്ക്വാഡിലെ മറ്റംഗങ്ങൾ.