kidny

കോഴിക്കോട്: കൊവിഡ് വ്യാപനത്തോടെ ഡയാലിസിസ് മുടങ്ങുന്നതിന്റെ സങ്കടത്തിലാണ് വൃക്ക രോഗികൾ. ആഴ്ചയിൽ നാല് തവണ ഡയാലിസിസിനെത്തണം. യാത്ര മുടങ്ങിയാൽ ജീവിതം തകിടം മറയും. മൊബൈൽ ഡയാലിസിസ് യൂണിറ്റുകൾ ഇല്ലാത്തതും ഇവർക്ക് വെല്ലുവിളിയാവുകയാണ്.

കാരുണ്യം കുറഞ്ഞു

വൃക്കരോഗിയുടെ ജീവൻ നിലനിർത്താൻ മാസം 35,​000-40,​000 രൂപ ചെലവുണ്ട്. വൃക്ക മാറ്റിവച്ചയാൾക്ക് 12​0000 രൂപയും. ബി.പി.എല്ലുകാർക്ക് സൗജന്യ ഡയാലിസിസ് ലഭിക്കുമെങ്കിലും മറ്റുള്ളവരെ കരുണയുളളവർ സഹായിക്കണം. കൊവിഡ് കാലത്തെ സാമ്പത്തിക തകർച്ച ഇതിനും കരിനിഴലായി. നാല് വർഷമായി വൃക്കരോഗിയായ ഒരാളുടെ അനുഭവം ഇങ്ങനെയാണ്. ആഴ്ചയിൽ നാല് ദിവസം ഡയാലിസിസ് ചെയ്താണ് ജീവൻ നിലനിർത്തുന്നത്. ഇതിനിടെ തളർന്ന് വീണു, കാലും ഒടിഞ്ഞു. ഡയാലിസിസ് സൗകര്യമുളള കോഴിക്കോട്ടെ ഒരു വൻകിട ആശുപത്രിയിൽ ചികിത്സയ്ക്കെത്തി. ഇരുപത് ദിവസത്തേക്ക് മൂന്ന് ലക്ഷം ചെലവ്. വീട്ടിലെത്തി അസ്വസ്ഥത ഉണ്ടായതോടെ കണ്ണൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചെലവ് അര ലക്ഷം.

ആശ്വാസമാകാതെ 'സമാശ്വാസം'

സാമൂഹ്യ നീതി വകുപ്പ് സമാശ്വാസം പദ്ധതി വഴി നൽകുന്ന 1100 രൂപ 2018ന് മുമ്പ് രജിസ്റ്റർ ചെയ്തവർക്ക് പോലും കിട്ടുന്നില്ല. സി.ഡി.പി.ഒ വഴി പഞ്ചായത്തിൽ അപേക്ഷയും സ്വീകരിക്കുന്നില്ല. ആരോഗ്യ വകുപ്പ് സമ്പൂർണ്ണ വൃക്ക രോഗ പദ്ധതി നടപ്പാക്കിയാൽ ആശ്വാസം ലഭിച്ചേക്കും. എന്നാൽ സർക്കാരിൽ വൃക്കരോഗികളുടെ കണക്ക് പോലും ഇല്ലെന്നാണ് ആക്ഷേപം. വൃക്കരോഗികൾക്ക് മുൻഗണന നൽകി എന്തെങ്കിലും തൊഴിൽ സംരംഭം തുടങ്ങാൻ സർക്കാർ തയ്യാറായാൽ കുടുംബങ്ങൾക്ക് ആശ്വാസമാകുമെന്നാണ് ഇവർ പറയുന്നത്. പല രോഗികൾക്കും നല്ല ഭക്ഷണം കിട്ടാതാകുന്ന പ്രശ്നത്തിനും പരിഹാരമാകും.

പരിഷ്ക്കരിക്കണം നിയമങ്ങൾ

സംസ്ഥാനത്ത് കാൽ ലക്ഷം പേരെങ്കിലും ഡയാലിസിസ് ചെയ്യുന്നുണ്ടാകും. വൃക്ക മാറ്റിയവർ അയ്യായിരത്തോളം വരും. വൃക്ക ലഭിക്കാതെ വലയുന്ന ആയിരങ്ങൾ വേറെയും. ഇവരെല്ലാം മൃത സഞ്ജീവനിയിൽ കണ്ണുംനട്ട് കാത്തിരിപ്പാണ്. പഴയതു പോലെ പത്ര പരസ്യം നൽകി വൃക്ക വാങ്ങാൻ നിയമം അനുവദിക്കുന്നില്ല. ജീവൻ സംരക്ഷിക്കാൻ നിയമം പരിഷ്കരിക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്.

'വൃക്ക രോഗികൾ,​ അർബുദ ബാധിതർ,​ അവയവം മാറ്റിയവർ തുടങ്ങിയവർക്ക് മരുന്ന് നൽകാൻ ഏപ്രിൽ 30ന് തദ്ദേശ ഭരണ വകുപ്പ് ഉത്തരവിറക്കിയിരുന്നു. സംസ്ഥാനത്ത് പല തദ്ദേശ സ്ഥാപനങ്ങളും ഇതിനോട് മുഖം തിരിച്ചു' -പി.പി കൃഷ്ണൻ,

ചെയർമാൻ,​ കിഡ്നി കെയർ കേരള ചെയർമാൻ