കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിൽ റോയ് തോമസ്, സിലി വധക്കേസുകളുടെ പ്രാരംഭവാദം പ്രിൻസിപ്പൽ സെഷൻസ് കോടതി 14ലേക്ക് മാറ്റി. മുഖ്യപ്രതി ജോളിയുടെ ജാമ്യാപേക്ഷയും 14 ന് പരിഗണിക്കും.കേസ് ഇന്നലെ പരിഗണനയ്ക്കെടുത്തപ്പോൾ ജോളിയെയും രണ്ടാംപ്രതി എം.എസ്.മാത്യുവിനെയും കോടതിയിൽ നേരിട്ട് ഹാജരാക്കിയിരുന്നില്ല. ജയിലിൽ നിന്ന് വീഡിയോ കോൺഫറൻസിംഗ് വഴി ഹാജരാക്കുകയായിരുന്നു. മറ്റു രണ്ടു പ്രതികളായ പ്രജികുമാർ, മനോജ് കുമാർ എന്നിവർ നേരിട്ട് ഹാജരായി.റിട്ട. വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥൻ കൂടത്തായി പൊന്നാമറ്റം ടോം തോമസ് (66) 2008ൽ മരിച്ച ശേഷം മരുമകൾ ജോളി വ്യാജ ഒസ്യത്ത് ചമച്ച് സ്വത്തുക്കൾ തന്റെ പേരിലാക്കിയിരുന്നു. ഇതിനെതിരെ ടോം തോമസിന്റെ മറ്റു മക്കൾ നൽകിയ പരാതിയിലാണ് പൊലീസ് അന്വേഷണം ആരംഭിക്കുന്നത്.