കൽപ്പറ്റ: ആന്റിജൻ ടെസ്റ്റിൽ കൊവിഡ് പോസിറ്റീവായ ആളുടെ മരണം ഹൃദയാഘാതം മൂലമാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.

കാരക്കാമല സ്വദേശി എറമ്പിൽ മൊയ്തു എന്ന 59 കാരനാണ് ഇന്നലെ രാവിലെ ജില്ലാ ആശുപത്രിയിൽ മരണമടഞ്ഞത്.

ഗുരുതരമായ വിളർച്ചയും ഹൃദയ സംബന്ധമായ അസുഖങ്ങളും കാരണം ഓഗസറ്റ് 1 മുതൽ 7 വരെ മൊയ്തു മെഡിക്കൽ കോളേജിൽ അഡ്മിറ്റായിരുന്നു. മെഡിക്കൽ കോളേജിലെ പരിശോധനയിൽ കരൾ രോഗം, കിഡ്നി രോഗം, പ്രമേഹം, ഹൈപ്പോ തൈറോയിഡിസം തുടങ്ങിയ രോഗങ്ങളും കണ്ടെത്തുകയുണ്ടായി. അൾട്രാസൗണ്ട് സ്‌കാൻ ചെയ്തതിൽ നിന്ന് കരളിൽ കാൻസറിനുള്ള സാധ്യതകളും കാണുകയുണ്ടായി.

മെഡിക്കൽ കോളേജിൽ നിന്ന് തിരിച്ചെത്തിയ ശേഷം പൊരുന്നന്നൂർ സി.എച്ച്.സിയിൽ നടത്തിയ ആന്റിജൻ ടെസ്റ്റ് കൊവിഡ് പോസിറ്റീവായതിനെ തുടർന്ന് 8ന് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 10ാം തീയ്യതി രക്തത്തിൽ പഞ്ചസാരയുടെ അളവ് കുറയുകയും അബോധാവസ്ഥയിലാവുകയും ചെയ്തതിനാൽ ഐ.സി.യുവിൽ പ്രവേശിപ്പിച്ചു. വൈകുന്നേരത്തോടെ ആരോഗ്യനില മോശമാവുകയും 11 ന് രാവിലെ 8.30ന് ഹൃദയാഘാതം ഉണ്ടാവുകയും 8.45ന് മരണടയുകയുമായിരുന്നുവെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിപ്പിൽ പറഞ്ഞു.