# നിയന്ത്രണം നാളെ മുതൽ

കോഴിക്കോട്: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ വലിയങ്ങാടിയിൽ നിയന്ത്രണം ശക്തമാക്കാൻ തീരുമാനം. ഇതര സംസ്ഥാനങ്ങളിൽ നിന്നടക്കം വലിയങ്ങാടിയിലേക്ക് എത്തുന്ന ചരക്കുകളുടെ കയറ്റിറക്കം ഒന്നിടവിട്ട ദിവസങ്ങളിലാക്കി. മന്ത്രി എ. കെ ശശീന്ദ്രൻ, എം.കെ. മുനീർ എം.എൽ.എ എന്നിവരുടെ സാന്നിധ്യത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. മേയർ തോട്ടത്തിൽ രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ക്രമീകരണം നാളെ മുതൽ നിലവിൽ വരും.

കച്ചവട സ്ഥാപനങ്ങളിലേക്കല്ലാതെ വ്യക്തികൾക്ക് വലിയങ്ങാടിയിൽ നിന്ന് ചില്ലറ വിൽപ്പന പാടില്ല. പ്രവർത്തന സമയം രാവിലെ 10 മുതൽ വൈകീട്ട് അഞ്ച് വരെയാക്കി. റസിഡൻഷ്യൽ ഏരിയയിൽ നിന്നുള്ളവർ വലിയങ്ങാടിയിലേക്ക് കയറുന്നത് ഒഴിവാക്കണം.

വലിയങ്ങാടിയോട് ചേർന്ന് കിടക്കുന്ന കുറ്റിച്ചിറയിൽ നിയന്ത്രണം കർശനമാക്കാനും ആരോഗ്യ ബോധവത്ക്കരണം ഊർജ്ജിതമാക്കാനും തീരുമാനിച്ചു. പ്രായമായവർ, രോഗികൾ, കുട്ടികൾ എന്നിവർക്ക് പ്രത്യേക പരിഗണന നൽകും. നിരീക്ഷണത്തിലിരിക്കേണ്ടവരെ വീടുകളിൽ സൗകര്യമില്ലെങ്കിൽ കൊവിഡ് കെയർ സെന്ററിലേക്ക് മാറ്റും. പ്രവർത്തനങ്ങൾ വിലയിരുത്താൻ സബ്കളക്ടർ കൺവീനറായി അസി. പൊലീസ് കമ്മിഷണർ, ഹെൽത്ത് ഓഫീസർ, കോർപ്പറേഷൻ സെക്രട്ടറി എന്നിവരടങ്ങിയ സബ് കമ്മിറ്റി രൂപീകരിച്ചു. മന്ത്രിയുടെ നിർദ്ദേശ പ്രകാരം രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം ഇന്ന് രാവിലെ 10ന് മേയറുടെ ചേംബറിൽ ചേരും.

സബ് കളക്ടർ ജി. പ്രിയങ്ക, ഡി.എം.ഒ വി. ജയശ്രീ, കോർപ്പറേഷൻ സെക്രട്ടറി ബിനു ഫ്രാൻസിസ്, സി.ഐ എ. ഉമേഷ്, കോർപ്പറേഷൻ ഹെൽത്ത് ഓഫീസർ ഡോ. ആർ. എസ് ഗോപകുമാർ, വലിയങ്ങാടിയിലെ മൊത്തക്കച്ചവടക്കാർ, വ്യാപാരി, തൊഴിലാളി പ്രതിനിധികൾ, റസിഡന്റ്‌സ് അസോസിയേഷൻ ഭാരവാഹികൾ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.