white
കുറ്റ്യാടി പുഴയുടെ തീരത്ത് തുറയൂർ ഭാഗത്ത് തകർന്ന ബണ്ട് നിയോജക മണ്ഡലം വൈറ്റ് ഗാർഡ് നേതൃത്വത്തിൽ മണൽ ചാക്ക് നിരത്തി ബലപ്പെടുത്തുന്നു

പേരാമ്പ്ര: വെള്ളപ്പൊക്കത്തിന് പരിഹാരം കാണാനുള്ള കുറ്റ്യാടിപ്പുഴയുടെ തീരസംരക്ഷണ ബണ്ട് പേരാമ്പ്ര മണ്ഡലം മുസ്‌ലിം യൂത്ത് ലീഗ് വൈറ്റ് ഗാർഡ് ബലപ്പെടുത്തി. തുറയൂർ പഞ്ചായത്തിലെ പയ്യോളി അങ്ങാടി പള്ളിക്കത്തായയിൽ സംസ്ഥാന പാതയ്ക്ക് സമീപത്തെ ബണ്ടിന്റെ കരിങ്കൽകെട്ട് പുഴയിലേക്ക് താഴ്ന്ന അവസ്ഥയിലായിരുന്നു.

നേരത്തെ മഴവെള്ളപ്പാച്ചിലിലും ഡാം നിറയുമ്പോഴും ഇവിടെ വെള്ളം കയറാറുണ്ട്. 1967ൽ പണിത ബണ്ടാണ് സംരക്ഷിച്ചിരുന്നത്. ഇതിന് ബലക്ഷയം സംഭവിച്ചതോടെയാണ് താത്കാലികമായി ബലപ്പെടുത്തിയത്.
കുലുപ്പയിൽ നിന്നാരംഭിച്ച് 3 കി.മി തുറയൂരിലൂടെ പോകുന്ന ബണ്ട് മുള്ളൻപന്നിയുടെ മാളങ്ങൾ കാരണമാണ് ഇടിഞ്ഞത്. ഇരുപതോളം വൈറ്റ്ഗാർഡ് അംഗങ്ങൾ മൂന്ന് മണിക്കൂർ കൊണ്ടാണ് അഞ്ഞൂറോളം പൂഴിച്ചാക്കുകൾ ഉപയോഗിച്ച് സംരക്ഷണ കവചം തീർത്തത്. തുറയൂർ പഞ്ചായത്ത് പ്രസിഡന്റ് സിന്ധു, വൈസ് പ്രസിഡന്റ് നസീർ, വാർഡ് മെമ്പർമാരായ ഷരീഫ മണലുംപുറത്ത്, മനോജൻ, ആയിഷ ലത്തീഫ് തുറയൂർ,​ യു.സി. ഷംസുദ്ധീൻ, സി.എ നൗഷാദ്, പേരാമ്പ്ര നിയോജക മണ്ഡലം യൂത്ത് ലീഗ് ഭാരവാഹികളായ സലീം മിലാസ്, ടി.കെ നഹാസ്, ഷംസുദ്ധീൻ വടക്കയിൽ, എ.കെ ഹസീബ് തുടങ്ങിയവർ നേതൃത്വം നൽകി.