തിരുവമ്പാടി: മലയോര ഹൈവേയുടെ കോടഞ്ചേരി മുതൽ കക്കാടംപൊയിൽ വരെയുള്ള റീച്ചിന്റെ പ്രവൃത്തി ഉദ്ഘാടനം മന്ത്രി ജി. സുധാകരൻ വീഡിയോ കോൺഫറൻസിലൂടെ നിർവഹിച്ചു. കാസർകോട് നന്ദാരപ്പടവ് മുതൽ പാറശ്ശാല വരെയുള്ള ഹൈവേയുടെ കോഴിക്കോട് ജില്ലയിലെ പ്രവർത്തനങ്ങൾക്കാണ് തുടക്കം കുറിച്ചത്. കോടഞ്ചേരി, തിരുവമ്പാടി, കൂടരഞ്ഞി പഞ്ചായത്തുകളിലൂടെ പോകുന്ന പാത മലപ്പുറം ജില്ലയിലെ നിലമ്പൂരിൽ ചേരും.
കോടഞ്ചേരി,പുലിക്കയം, നെല്ലിപ്പൊയിൽ,പുല്ലൂരാംപാറ, പുന്നക്കൽ, കരിങ്കുറ്റി, പോസ്റ്റ് ഓഫീസ് ജംഗ്ഷൻ, കൂമ്പാറ, മേലേകൂമ്പാറ, ആനക്കല്ലുംപാറ, അകമ്പുഴ, താഴെ കക്കാട്, കക്കാടംപൊയിൽ വഴിയാണ് പാത കടന്നു പോകുന്നത്. 34.3 കിലോമീറ്റർ നീളമുള്ള പാത 12 മീറ്റർ വീതിയിലാണ് നിർമ്മിക്കുന്നത്. ബി.എം ആന്റ് ബി.സി നിലവാരത്തിൽ ഏഴു മീറ്റർ വീതിയിൽ കാര്യേജ് വേ, ഡ്രെയിനേജ്, പ്രധാന കേന്ദ്രങ്ങളിൽ ഇന്റർലോക്ക് വിരിച്ച നടപ്പാതകൾ, യൂട്ടിലിറ്റി ഡക്ടുകൾ, ആവശ്യമായ സ്ഥലങ്ങളിലെല്ലാം കലുങ്കുകളും ചെറു പാലങ്ങളും സൈൻബോഡുകൾ, സിഗ്നൽ ലൈറ്റുകൾ, വിശ്രമ കേന്ദ്രങ്ങൾ, ബസ് ബേകൾ അടങ്ങിയ നിർമ്മാണമാണ് നടത്തുന്നത്.
ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സഹകരണ സംഘമാണ് 155 കോടി രൂപയ്ക്ക് പ്രവൃത്തി കരാറെടുത്തത്. 24 മാസമാണ് നിർമ്മാണ കാലാവധി. പാത പൂർത്തിയാകുന്നതോടെ മലയോര മേഖലയ്ക്ക് തിരുവമ്പാടി മണ്ഡലത്തിന് വലിയ വികസനക്കുതിപ്പാണ് ഉണ്ടാകുകയെന്ന് ജോർജ് എം. തോമസ് എം.എൽ.എ പറഞ്ഞു.
പുല്ലൂരാംപാറയിൽ സജ്ജീകരിച്ച വേദിയിലാണ് ഉദ്ഘാടനം നടന്നത്. ജോർജ് എം. തോമസ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റ് പി.ടി. അഗസ്റ്റിൻ, ജില്ല പഞ്ചായത്ത് അംഗം അന്നമ്മ മാത്യു, കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗം ആൻസി സെബാസ്റ്റ്യൻ, തിരുവമ്പാടി പഞ്ചായത്ത് അംഗം ടി.ജെ. കുര്യച്ചൻ, പൊതുമരാമത്ത് വകുപ്പ് സൂപ്രണ്ടിംഗ് എൻജിനീയർ ഇ.ജി. വിശ്വപ്രകാശ്, എക്സിക്യുട്ടീവ് എൻജിനീയർ വിനയരാജ്, അസി. എക്സി. എൻജിനീയർ മിഥുൻ, വിവിധ സംഘടന പ്രതിനിധികളായ ജോളി ജോസഫ്, കെ. മോഹനൻ, ടി.എം. ജോസഫ്, അബ്ദുള്ള കുമാരനെല്ലൂർ എന്നിവർ സംസാരിച്ചു.